Quantcast

ബിഹാറിൽ പതിനായിരം രൂപ പുരുഷന്മാരുടെ അക്കൗണ്ടിലും എത്തി, തിരിച്ചുതരണമെന്ന് സർക്കാർ, തരില്ലെന്ന് മറുപടി

സാങ്കേതിക തകരാർ കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും പണം തിരികെ നല്‍കണമെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2025-12-18 15:15:52.0

Published:

18 Dec 2025 6:35 PM IST

ബിഹാറിൽ പതിനായിരം രൂപ പുരുഷന്മാരുടെ അക്കൗണ്ടിലും എത്തി, തിരിച്ചുതരണമെന്ന് സർക്കാർ, തരില്ലെന്ന് മറുപടി
X

പറ്റ്ന: ബിഹാറില്‍ തെരഞ്ഞെടുപ്പിന് മുമ്പ് സ്ത്രീകള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ, മാറി പുരുഷന്മാരുടെ അക്കൗണ്ടിലേക്കും എത്തി. ദർഭംഗ ജില്ലയിലെ ജാലെ ബ്ലോക്കിലാണ് സംഭവം. പതിനാല് പുരുഷന്മാരുടെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്.

സാങ്കേതിക തകരാർ കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും പണം തിരികെ നല്‍കണമെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച് ഇവര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. അതേസമയം പണം തിരികെ നല്‍കാനാവില്ലെന്നാണ് പണം ലഭിച്ചവര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടതിന് ശേഷമാണോ സാങ്കേതിക തകരാർ കണ്ടെത്തുന്നത് എന്നാണ് ഇവരുടെ ചോദ്യം.

'നമ്മുടെ വോട്ടുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ വിജയിച്ചു, ഇപ്പോഴവര്‍ക്ക് പണം തിരികെ വേണം. പണം കിട്ടി മൂന്ന് മാസത്തിന് ശേഷാണ് തിരികെ ചോദിക്കുന്നത്'- പണം ലഭിച്ച ബൽറാം സാഹ്നി പറഞ്ഞു. ശാരീരിക വെല്ലുവിളി നേരിടുന്ന അദ്ദേഹം, തിരിച്ചടയ്ക്കാൻ തന്റെ പക്കൽ പണമില്ലെന്നും പറയുന്നു. ഞങ്ങള്‍ നല്‍കിയ വോട്ടുകൾ തന്നാൽ പണം തിരികെ നൽകാമെന്നാണ് ബൽറാം സാഹ്നിയുടെ നാട്ടുകാരനായ പ്രമിള പറയുന്നത്. "അവർ ഞങ്ങൾക്ക് പണം തന്നു. ഞങ്ങൾ അവർക്ക് വോട്ട് നൽകി'' ഗുണഭോക്താക്കളിൽ ഒരാളായ നരേന്ദ്ര റാം പറഞ്ഞു.

ബിഹാറിൽ തെരഞ്ഞെടുപ്പിന് മുമ്പാണ് നിതീഷ് കുമാർ സർക്കാർ, മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന (മുഖ്യമന്ത്രി വനിതാ തൊഴിൽ പദ്ധതി) പ്രഖ്യാപിച്ചത്. സ്വയം തൊഴിലും ഉപജീവന അവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് സ്ത്രീകൾക്ക് 10,000 രൂപ സാമ്പത്തിക സഹായം നൽകുന്നതാണ് പദ്ധതി. ഏകദേശം 1.25 കോടി സ്ത്രീ വോട്ടർമാർ പദ്ധതിയുടെ ഗുണഭോക്താക്കളായിരുന്നു. ഇത് വോട്ടർമാരെ സ്വാധീനിച്ചെന്നാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണം.

TAGS :

Next Story