Quantcast

തെരഞ്ഞെടുപ്പിൽ വോട്ടർമാരെ കീശയിലാക്കാൻ നിതീഷ് കുമാർ സർക്കാർ 14,000 കോടി ലോകബാങ്ക് ഫണ്ട് വകമാറ്റി: ​ജൻ സുരാജ് പാർട്ടി

'പൊതു പണം വോട്ട് വാങ്ങാൻ ധൂർത്തടിച്ചില്ലായിരുന്നെങ്കിൽ ബിഹാറിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ‌ തകരുമായിരുന്നു'.

MediaOne Logo

Web Desk

  • Updated:

    2025-11-16 09:44:00.0

Published:

16 Nov 2025 2:52 PM IST

Rs 14,000 Crore World Bank Loan Used In Bihar Polls Alleges Jan Suraj Party
X

പട്ന: ബിഹാർ നിയമസഭാ തെര‍ഞ്ഞെടുപ്പിൽ വോട്ട് തട്ടാനായി നിതീഷ് കുമാർ സർക്കാർ 14,000 കോടിയുടെ ലോകബാങ്ക് ഫണ്ട് വകമാറ്റി ചെലവഴിച്ചതായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി. ലോകബാങ്കിൽ നിന്ന് സർക്കാരിന് ലഭിച്ച ഫണ്ടിൽനിന്ന് 14,000 കോടി ജനങ്ങൾക്ക് സൗജന്യങ്ങൾ ഏർപ്പെടുത്താനും അനധികൃതമായി കൈമാറാനും വകമാറ്റിയതായി ജൻ സുരാജ് പാർട്ടി സംസ്ഥാന പ്രസിഡന്റ് ഉദയ് സിങ് പറഞ്ഞു.

ജൂൺ മുതൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ, നിതീഷ് കുമാർ സർക്കാർ ജനങ്ങളുടെ വോട്ട് വാങ്ങാൻ ആകെ 40,000 കോടി രൂപ ചെലവഴിച്ചെന്നും അദ്ദേഹം ആരോപിച്ചു. 'തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മുഖ്യമന്ത്രി മഹിളാ റോജ്​ഗർ യോജന പ്രകാരം 10,000 രൂപ വീതം കൈമാറി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നിട്ടും, വോട്ടെടുപ്പിന് ഒരു ദിവസം മുമ്പ് വരെ ആളുകൾക്ക് പണം ലഭിക്കുന്നത് ഇതാദ്യമായിരിക്കണം. സ്ത്രീകളെ വശീകരിക്കാൻ ഇത് മതിയായിരുന്നു'- അദ്ദേഹം വ്യക്തമാക്കി.

പൊതു പണം വോട്ട് വാങ്ങാൻ ധൂർത്തടിച്ചില്ലായിരുന്നെങ്കിൽ, ബിഹാറിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ‌ തകരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജൻ സുരാജ് പാർട്ടി 2,000 രൂപ വാർധക്യ പെൻഷൻ വാഗ്ദാനം ചെയ്തതിനു ശേഷമാണ് സർക്കാർ പ്രതിമാസ പെൻഷൻ 700 രൂപയിൽ നിന്ന് 1,100 ആയി വർധിപ്പിച്ചതെന്ന് ഓർക്കണമെന്നും ഉദയ് സിങ് കൂട്ടിച്ചേർത്തു.

ആർജെഡിയുടെ കീഴിൽ കാട്ടാള ഭരണം തിരിച്ചുവരുമെന്ന ഭയം കൊണ്ടാണ് ജൻ സുരാജ് പാർട്ടിയുടെ വോട്ടർമാരിൽ ഒരു വിഭാഗം എൻഡിഎയ്‌ക്കൊപ്പം ചേർന്നതെന്നും സിങ് അവകാശപ്പെട്ടു. 21,000 കോടി രൂപയുടെ ലോകബാങ്ക് ഫണ്ടിൽ നിന്ന് ഭൂരിഭാ​ഗം തുകയും നിതീഷ് സർക്കാർ വകമാറ്റി ചെലവഴിച്ചതായി ജൻ സുരാജ് പാർട്ടി നേതാവ് പവൻ വർമയും ആരോപിച്ചു.

'4,06,000 കോടിയാണ് ബിഹാറിന്റെ കടം. പ്രതിദിനം 63 കോടിയാണ് പലിശ. ഖജനാവ് കാലിയാണ്. ലോകബാങ്കിൽ നിന്ന് ലഭിച്ച 21,000 കോടിയിൽ നിന്നാണ് സ്ത്രീകൾക്ക് 10,000 രൂപ വീതം നൽകിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ഒരു മണിക്കൂർ മുമ്പ്, 14,000 കോടി രൂപ എടുത്ത് സംസ്ഥാനത്തെ 1.25 കോടി സ്ത്രീകൾക്ക് വിതരണം ചെയ്യുകയായിരുന്നു'- അദ്ദേഹം വിശദമാക്കി. അതേസമയം, ആരോപണത്തിൽ എൻഡിഎയോ ബിഹാർ സർക്കാരോ പ്രതികരിച്ചിട്ടില്ല.

എൻഡിഎയ്ക്കും മഹാസഖ്യത്തിനും ബദലായി പ്രശാന്ത് കിഷോർ അവതരിപ്പിച്ച ജൻ സുരാജ് പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിലും ചലനമുണ്ടാക്കാനായിരുന്നില്ല. ബിഹാറിന്റെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതുമെന്ന അവകാശവാദവുമായി രംഗത്തുവന്ന പ്രശാന്ത് കിഷോറിനെ വോട്ടർമാർ പൂർണമായും തിരസ്‌കരിച്ചെന്നണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആകെയുള്ള 243 സീറ്റിൽ 238ലും മത്സരിച്ച ജൻ സുരാജ് പാർട്ടിക്ക് ഒരിടത്തും കെട്ടിവച്ച് കാശ് പോലും കിട്ടിയില്ല.

150ന് മുകളിൽ സീറ്റ് ലഭിക്കുമെന്നായിരുന്നു അവകാശവാദം. അഭിഭാഷകർ, വിരമിച്ച ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങിയ പ്രഗത്ഭരെയെല്ലാം രംഗത്തിറക്കിയെങ്കിലും കാര്യമുണ്ടായില്ല. ഒരു മണ്ഡലത്തിൽ പോലും രണ്ടോ മൂന്നോ സ്ഥാനങ്ങളിൽ പോലും എത്താൻ പാർട്ടി സ്ഥാനാർഥികൾക്കായില്ല.

TAGS :

Next Story