Quantcast

പെട്രോളടിച്ചതിന് ഏഴ് ലക്ഷം, ഹെല്‍മറ്റിന് 2.3 ലക്ഷം; മധ്യപ്രദേശിൽ ഒരു മണിക്കൂർ ബൈക്ക് റാലിക്ക് ചെലവഴിച്ചത് 27 ലക്ഷം

സാമൂഹികപ്രവര്‍ത്തകനായ അജയ് ദുബെയാണ് വിവരാവകാശ നിയമപ്രകാരം പരിപാടിയുടെ ചെലവ് സംബന്ധിച്ച കണക്കുകള്‍ ശേഖരിച്ചത്

MediaOne Logo

Web Desk

  • Published:

    24 July 2025 5:36 PM IST

പെട്രോളടിച്ചതിന് ഏഴ് ലക്ഷം, ഹെല്‍മറ്റിന് 2.3 ലക്ഷം; മധ്യപ്രദേശിൽ ഒരു മണിക്കൂർ ബൈക്ക് റാലിക്ക് ചെലവഴിച്ചത് 27 ലക്ഷം
X

ഭോപാല്‍: മധ്യപ്രദേശിൽ ഒരു മണിക്കൂർ ബൈക്ക് റാലിക്ക് ചെലവഴിച്ചത് 27 ലക്ഷമെന്ന് റിപ്പോർട്ട്. മധ്യപ്രദേശിലെ രാതാപാനി വന്യജീവി സങ്കേതവും ടൈഗര്‍ റിസര്‍വും പ്രാവര്‍ത്തികമാക്കിയത് ആഘോഷിക്കുന്നതിനായി സര്‍ക്കാര്‍ സംഘടിപ്പിച്ച ബൈക്ക് റാലിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

മധ്യപ്രദേശിലെ രാതാപാനി വന്യജീവി സങ്കേതവും ടൈഗര്‍ റിസര്‍വും രൂപവത്കരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് മുഖ്യമന്ത്രി മോഹന്‍ യാദവാണ്. സങ്കേതം പ്രാവര്‍ത്തികമാക്കിയത് ആഘോഷിക്കുന്നതിനായി 2024 ഡിസംബര്‍ 13ന് ജനകല്യാണ്‍ പര്‍വ് എന്ന പേരില്‍ സര്‍ക്കാര്‍ ഗംഭീരപരിപാടി സംഘടിപ്പിക്കുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി നടത്തിയ ഒരു മണിക്കൂര്‍ നീണ്ട ബൈക്ക് റാലിയ്ക്കായി 27 ലക്ഷത്തോളം രൂപ ചെലവായി എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

സാമൂഹികപ്രവര്‍ത്തകനായ അജയ് ദുബെയാണ് വിവരാവകാശ നിയമപ്രകാരം പരിപാടിയുടെ ചെലവ് സംബന്ധിച്ച കണക്കുകള്‍ ശേഖരിച്ചത്. ഇതനുസരിച്ച് ബൈക്ക് റാലിയ്ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 26.43 ലക്ഷം രൂപ ചെലവിട്ടതായാണ് കണക്ക്. ഏഴ് ലക്ഷം രൂപ ബൈക്കുകള്‍ക്ക് പെട്രോളിനും 11.5 ലക്ഷം രൂപ ഭക്ഷണത്തിനും 2.36 ലക്ഷം രൂപ ഹെല്‍മെറ്റുകള്‍ക്കും ചെലവഴിച്ചതായി കണക്കുകളില്‍ പറയുന്നു.

ഭോപാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (ഡിഎഫ്ഒ) ലോക്പ്രിയ ഭാരതി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് (വൈല്‍ഡ് ലൈഫ്) ശുഭ് രഞ്ജന്‍ സെന്‍ എന്നിവരാണ് പരിപാടിയ്ക്ക് നേതൃത്വം നല്‍കിയത്.

പൊതുമുതലിന്റെ ദുര്‍വിനിയോഗമാണ് അഴിമതിയിലൂടെ നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ചീഫ് സെക്രട്ടറിയ്ക്കും അജയ് ദുബെ പരാതി നല്‍കി. 5000 പേര്‍ക്ക് ഭക്ഷണം നല്‍കിയതായാണ് വിശദീകരണമെങ്കിലും പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങളിലും വീഡിയോ ദൃശ്യങ്ങളിലും അത്രയും ആളുകള്‍ പങ്കെടുത്തതായി തോന്നുന്നില്ലെന്നും അജയ് ദുബെ കൂട്ടിച്ചേര്‍ത്തു.

ആരോപണങ്ങൾക്ക് മറുപടിയായി ഡിഎഫ്ഒ ലോക്പ്രിയ ഭാരതി ചെലവിനെ ന്യായീകരിച്ചു. ഏകദേശം 5000 ബൈക്ക് യാത്രക്കാർ പങ്കെടുത്തു. ഏഴ് ലക്ഷം രൂപയുടെ പെട്രോൾ ചെലവ് അംഗീകരിച്ചു. ഹെൽമെറ്റിനും ഭക്ഷണത്തിനുമുള്ള പണമടയ്ക്കലുകളും നടത്തി. ഞങ്ങളുടെ കയ്യിൽ എല്ലാ രേഖകളുമുണ്ടെന്നും അന്വേഷണ സമിതി ആവശ്യപ്പെട്ടാൽ അവ ഹാജരാക്കാൻ ഞങ്ങൾ തയ്യാറാണെന്നും ഡിഎഫ്ഒ കൂട്ടിച്ചേർത്തു.

TAGS :

Next Story