299 രൂപയുടെ കുർത്തി വാങ്ങാൻ ഫേസ്ബുക്കിലെ പരസ്യത്തിൽ ക്ലിക്ക് ചെയ്തു; മുംബൈ നഴ്‌സിന് നഷ്ടമായത് ഒരു ലക്ഷം രൂപ
സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സിനാണ് പണം നഷ്ടമായത്

- Published:
26 April 2026 11:27 AM IST

മുംബൈ: ഓൺലൈൻ വഴിയുള്ള തട്ടിപ്പുകൾ വ്യാപകമാകുന്ന ഇക്കാലത്ത് വസ്ത്രങ്ങളുടെ പേരിലാണ് ഏറ്റവും കൂടുതൽ കബളിപ്പിക്കലുകൾ നടക്കുന്നത്.ഈയിടെ 299 രൂപയുടെ കുർത്തി വാങ്ങാൻ ഫേസ്ബുക്കിലെ പരസ്യത്തിൽ ക്ലിക്ക് ചെയ്ത മുംബൈയിലെ ഒരു നഴ്സിന് നഷ്ടമായത് 1 ലക്ഷം രൂപയാണ്.
സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സിനാണ് പണം നഷ്ടമായത്. നഗരത്തിലെ ഒരു ഹോസ്റ്റലിലാണ് ഇവര്‍ താമസിക്കുന്നത്. ഏപ്രിൽ 16 നും ഏപ്രിൽ 20 നും ഇടയിലാണ് പണം നഷ്ടപ്പെട്ടതെന്ന് ദിയോനാർ പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. വെറും 299 രൂപയ്ക്ക് കുര്‍ത്തി ലഭിക്കുമെന്ന ഓഫര്‍ ഫേസ്ബുക്കിൽ കണ്ട നഴ്സ് ഈ പരസ്യത്തിൽ ക്ലിക്ക് ചെയ്തു. ഷിപ്പിംഗ് ചാർജ് , ജിപിഎസ് ചാർജ്, ട്രാക്കിംഗ് ഫീ, വെരിഫിക്കേഷൻ കോഡ്, അഡ്രസ് കൺഫർമേഷൻ തുടങ്ങിയ പേരുകളിലായിരുന്നു പണം ആവശ്യപ്പെട്ടത്. പണം അയച്ചാൽ അത് റീഫണ്ട് ചെയ്യുമെന്നും ഓർഡർ ഉടൻ കൈമാറുമെന്നും നിരന്തരം വിശ്വസിപ്പിച്ചു. അഞ്ച് ദിവസത്തിനുള്ളിൽ പല ഘട്ടങ്ങളിലായാണ് ഒരു ലക്ഷം രൂപ യുവതി കൈമാറിയത്.
തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ടതോടെ യുവതി ഉടൻ തന്നെ 1930 എന്ന സൈബർ ക്രൈം ഹെൽപ്‌ലൈൻ നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്തു. മുംബൈയിലെ ദിയോണാർ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പരസ്യം, വാട്‌സ്ആപ്പ് നമ്പർ, വ്യാജ ഡെലിവറി ഏജന്റ് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
Adjust Story Font
16
