Quantcast

'50,000 ഡ്രോയിങ് റൂം മീറ്റിങ്ങുകൾ, പങ്കെടുത്തത് നാല് ലക്ഷം പേർ'; ഡൽഹിയിൽ ബിജെപി പ്രചാരണം നിയന്ത്രിച്ചത് ആർഎസ്എസ്

ഡൽഹിയെ എട്ട് സോണുകളും 30 ജില്ലകളും 173 നഗറുകളുമാക്കി തിരിച്ചാണ് ആർഎസ്എസ് പ്രചാരണം നടത്തിയത്.

MediaOne Logo

Web Desk

  • Updated:

    2025-02-05 03:39:24.0

Published:

5 Feb 2025 7:56 AM IST

RSS held 50K drawing room meetings in Delhi ahead of Assembly polls
X

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണം നിയന്ത്രിച്ചത് ആർഎസ്എസ് പ്രചാരകൻമാർ. സമീപകാലത്ത് നടന്ന ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിൽ ആർഎസ്എസ് ഇടപെടൽ നിർണായകമായിരുന്നു. അതിന് പിന്നാലെയാണ് മൂന്ന് പതിറ്റാണ്ടായി ബിജെപി അധികാരത്തിന് പുറത്ത് നിൽക്കുന്ന ഡൽഹിയിലും താഴേത്തട്ടിലുള്ള പ്രചാരണം ആർഎസ്എസ് ഏറ്റെടുത്തത്.

ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ആർഎസ്എസ് പ്രചാരണം തുടങ്ങിയിരുന്നു. ഡൽഹിയെ എട്ട് സോണുകളും 30 ജില്ലകളും 173 നഗറുകളുമാക്കി തിരിച്ചാണ് പ്രചാരണം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി ഓരോ സോണിലും 'ഡ്രോയിങ് റൂം മീറ്റിങ്ങുകൾ' സംഘടിപ്പിച്ചിരുന്നു. അയൽക്കൂട്ടങ്ങൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, ഷോപ്പിങ് കോംപ്ലക്‌സുകൾ, സ്‌കൂളുകൾ, കോളജുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് മീറ്റിങ്ങുകൾ സംഘടിപ്പിച്ചത്.

60,000 മീറ്റിങ്ങുകളെങ്കിലും സംഘടിപ്പിക്കണം എന്നായിരുന്നു പ്രചാരകർക്ക് ആർഎസ്എസ് നേതൃത്വം നൽകിയിരുന്ന നിർദേശം. 50,000 യോഗങ്ങൾ സംഘടിപ്പിച്ചു എന്നാൽ എട്ട് സോണുകളിലെയും പ്രചാരകർ തിങ്കളാഴ്ച നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

''പോളിങ് ബൂത്തിലെത്തി ദേശീയ താത്പര്യത്തിനായി വോട്ട് ചെയ്യാൻ വോട്ടർമാരെ പഠിപ്പിക്കുന്നതിനായിരുന്നു ഞങ്ങൾ ഊന്നൽ നൽകിയത്. പക്ഷേ യഥാർഥത്തിൽ ഞങ്ങൾ ബിജെപിക്കായി വോട്ട് ചോദിക്കുകയായിരുന്നു. അവരാണ് ദേശീയ താത്പര്യത്തിനായി പ്രവർത്തിക്കുന്നത്''- പടിഞ്ഞാറൻ ഡൽഹിയിൽ നിന്നുള്ള ആർഎസ്എസ് നേതാണ് ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

ഡ്രോയിങ് റൂം മീറ്റിങ്ങുകളിൽ നിന്നുള്ള വിവരങ്ങൾ പങ്കുവെക്കാൻ നഗർ, ജില്ല, സോൺ അടിസ്ഥാനത്തിലുള്ള യോഗങ്ങളും സ്ഥിരമായി നടന്നിരുന്നു. അതിന് ശേഷം വിവരങ്ങൾ പ്രചാരകൻമാർ സംസ്ഥാന നേതൃത്വത്തിന് കൈമാറും.

തന്റെ സോണിൽ ആർഎസ്എസ് 20,000 യോഗങ്ങളും ബിഎംഎസ്, സേവാ ഭാരതി, വിഎച്ച്പി, ഹിന്ദു ജാഗരൺ മഞ്ച് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ 4,550 യോഗങ്ങളും സംഘടിപ്പിച്ചതായി ഉന്നത ആർഎസ്എസ് നേതാവിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഏകദേശം 53,000 ആളുകൾ മീറ്റിങ്ങുകളിൽ പങ്കെടുത്തെന്നും ഇതിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നുവെന്നും ആർഎസ്എസ് നേതാവ് പറഞ്ഞു.

ഇന്നാണ് ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. തുടർച്ചയായ മൂന്നാമൂഴം തേടിയിറങ്ങുന്ന ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ.RSS held 50K drawing room meetings in Delhi ahead of Assembly polls

TAGS :

Next Story