Quantcast

യുഎസിലെ പ്രവർത്തനത്തിന് പാക് ബന്ധമുള്ള ലോബിയിങ് സ്ഥാപനത്തെ ആർ‌എസ്‌എസ് വാടകയ്ക്കെടുത്തു: കോൺഗ്രസ്

ആർഎസ്എസ് വീണ്ടും ദേശീയ താത്പര്യത്തെ വഞ്ചിച്ചെന്നും കോൺ​ഗ്രസ് ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    14 Nov 2025 10:55 AM IST

RSS hired Pakistan-linked lobbying firm for work in US says Congress
X

Photo| Special Arrangement

ന്യൂഡൽഹി: അമേരിക്കയിൽ തങ്ങളുടെ താത്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ പാകിസ്താൻ ഔദ്യോഗിക ലോബിയിങ് സ്ഥാപനത്തെ ആർഎസ്എസ് വാടകയ്‌ക്കെടുത്തതായി കോൺ​ഗ്രസ്. അവർ വീണ്ടും ദേശീയ താത്പര്യത്തെ വഞ്ചിച്ചെന്നും കോൺ​ഗ്രസ് ആരോപിച്ചു.

അമേരിക്കൻ നിയമ സ്ഥാപനമായ സ്ക്വയർ പാറ്റൺ ബോഗ്‌സിനെ (എസ്‌പി‌ബി) യു‌എസിൽ തങ്ങൾക്കുവേണ്ടിയുള്ള ലോബിയിങ്ങിന് ഏർപ്പാടാക്കാൻ ആർ‌എസ്‌എസ് ഗണ്യമായ തുക ചെലവഴിച്ചെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് നേരത്തെ എക്‌സിൽ ആരോപിച്ചിരുന്നു. ഈ ലോബിയിങ് സ്ഥാപനം പാകിസ്താനെയും പ്രതിനിധീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

'ആർഎസ്എസ് ഒരു രജിസ്റ്റേർഡ് സം​ഘടനയല്ലെന്നും അതിനാൽ നികുതിയടയ്ക്കുന്നില്ലെന്നും കുറച്ചുദിവസങ്ങൾക്ക് മുമ്പാണ് മേധാവി മോഹൻ ഭ​ഗവത് പറഞ്ഞത്. ഇപ്പോള്‍, അമേരിക്കയില്‍ തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി പാകിസ്താന്റെ ഔദ്യോഗിക ലോബിയിങ് വിഭാഗങ്ങളിലൊന്നിനെ ആര്‍എസ്എസ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മനസിലാക്കാനാവും'- അദ്ദേഹം എക്സ് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

'സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുന്നതിലും മഹാത്മാഗാന്ധിയെയും ഡോ. ​​അംബേദ്കറേയും എതിർക്കുന്നതിലും ഭരണഘടനയെയും ദേശീയ പതാകയേയും ആക്രമിക്കുന്നതിലും ദീർഘകാല ചരിത്രമുള്ള ആർ‌എസ്‌എസ് ദേശീയ താത്പര്യത്തിനെതിരെ പ്രവർത്തിക്കുന്നത് ഇതാദ്യമല്ല. അതൊരു കപട ദേശീയവാദ സംഘടനയാണ്'- അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ക്വയർ പാറ്റൺ ബോഗ്സ് ആർ‌എസ്‌എസിനായി ലോബിയിസ്റ്റായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കാണിക്കുന്ന യുഎസ് സെനറ്റിന്റെ വെളിപ്പെടുത്തലുകൾ ചൂണ്ടിക്കാട്ടുന്ന ഒരു മാധ്യമപ്രവർത്തകന്റെ സ്‌ക്രീൻഷോട്ടും ജയറാം രമേശ് പങ്കുവച്ചു.

എന്നാൽ, ആരോപണങ്ങൾ ആർഎസ്എസ് നിഷേധിച്ചു. 'ആർഎസ്എസ് ഇന്ത്യയിലാണ് പ്രവർത്തിക്കുന്നത്. അമേരിക്കൻ ഐക്യനാടുകളിൽ ഒരു ലോബിയിങ് സ്ഥാപനവുമായും ഞങ്ങൾ ഇടപെട്ടിട്ടില്ല'- മുഖ്യ വക്താവ് സുനിൽ അംബേക്കർ എക്‌സ് പോസ്റ്റിൽ പറഞ്ഞു.

TAGS :

Next Story