'പെട്ടെന്ന് ദേഷ്യം വരും, നിസ്സാര കാര്യങ്ങൾക്ക് പിണങ്ങിയാൽ കൊല്ലും'; ഗോവയിലെ റഷ്യൻ കൊലയാളിയുടെ ഫോണിൽ 100ലധികം സ്ത്രീകളുടെ ചിത്രങ്ങൾ
കൊല്ലപ്പെട്ട റഷ്യൻ സ്വദേശികളായ എലീന വനീവ, എലീന കസ്തനോവ എന്നിവര്‍ അലക്സിയുടെ സുഹൃത്തുക്കളായിരുന്നു

- Published:
21 Jan 2026 11:14 AM IST

ഗോവ: ഗോവയിൽ രണ്ട് റഷ്യൻ യുവതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ അലക്സി ലിയോനോവ് എന്ന റഷ്യൻ പൗരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. മുന്‍കൂട്ടി പ്ലാൻ ചെയ്ത കൊലപാതകങ്ങളല്ല, നിസ്സാര കാര്യങ്ങൾക്കാണ് അലക്സി ആളുകളെ കൊലപ്പെടുത്തുന്നതെന്ന് ഗോവ പൊലീസ് പറയുന്നു.
കൊല്ലപ്പെട്ട റഷ്യൻ സ്വദേശികളായ എലീന വനീവ, എലീന കസ്തനോവ എന്നിവര്‍ അലക്സിയുടെ സുഹൃത്തുക്കളായിരുന്നു. എലീന കസ്തനോവ ഒരു ഫയർ നർത്തകിയായിരുന്നു. കസ്തനോവ അലക്സിയിൽ നിന്ന് കുറച്ച് പണവും ഒരു ‘റബ്ബർ കിരീടവും’ (നർത്തകർ തീപ്പന്തം തലയിൽ വെക്കാൻ ഉപയോഗിക്കുന്നത്) കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകാത്തതിലുള്ള ദേഷ്യത്തിലാണ് ഈ മാസം 14, 15 തീയതികളിലായി ഇവരെ കൊലപ്പെടുത്തിയത്. ഇരുവരെയും അവരുടെ റൂമിൽ കയറി കഴുത്തറുത്താണ് കൊലപ്പെടുത്തിയത്.
കുറ്റകൃത്യം നടക്കുമ്പോൾ പ്രതി മയക്കുമരുന്നിന് അടിമയായിരുന്നോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ബബിൾ ആർട്ടിസ്റ്റായിരുന്ന എലീന വനീവ ജനുവരി 10ന് ഗോവയിൽ എത്തിയിരുന്നു. കസ്തനനോവ കഴിഞ്ഞ വർഷം ഡിസംബർ 25 മുതൽ ഗോവയിലുണ്ടായിരുന്നു. അലക്സിയൊടൊപ്പം താമസിച്ചുവരികയായിരുന്നു. ഇരുവരും രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ജോലി ചെയ്തിരുന്നു. പതിവായി ഗോവ സന്ദർശിച്ചിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.അലക്സിക്ക് ഇന്ത്യയിലേക്കുള്ള ദീർഘകാല വിസയുണ്ടെന്നും ജോലിക്കായി രാജ്യത്തെ പല നഗരങ്ങളിലും താമസിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. അലക്സി ചെറിയ ജോലികൾ ചെയ്തിരുന്നതായും ദിവസം മുഴുവൻ യാത്ര ചെയ്തിരുന്നതായും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. പ്രതി ഒരു മാസത്തോളമായി ജോലിക്ക് പോയിരുന്നില്ല.
തനിക്ക് ചില തര്‍ക്കങ്ങളുണ്ടായിരുന്ന അഞ്ച് പേരെ കൂടി കൊലപ്പെടുത്തിയതായി അലക്സി പറഞ്ഞായി ഗോവ പൊലീസ് പറഞ്ഞു. എന്നാൽ പൊലീസ് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ അഞ്ചുപേരും ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തി. അലക്സി മാനസികരോഗിയാണെന്നും എപ്പോഴും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും വൃത്തങ്ങൾ പറയുന്നു. പ്രതിയുടെ ഫോണിൽ നിന്ന് നൂറിലധികം സ്ത്രീകളുടെയും രണ്ട് പുരുഷന്മാരുടെയും ഫോട്ടോകൾ പൊലീസ് കണ്ടെത്തി. ആളുകളോട് പെട്ടെന്ന് ദേഷ്യപ്പെടാറുണ്ടായിരുന്ന ഇയാൾ പെട്ടെന്ന് തന്നെ സൗഹൃദത്തിലാകുമായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഗോവയിലെ ചില പുരുഷൻമാരുമായി അടിപിടികളുണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ജനുവരി 12 ന് ഗോവയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ അസം സ്വദേശിയായ മൃദുസ്മിത സൈൻകിയ എന്ന സ്ത്രീയുടെ കൊലപാതകവുമായി അലക്സിക്കുള്ള ബന്ധം പൊലീസ് അന്വേഷിക്കുന്നുണ്ട്.സ്ത്രീയും അലക്സിയും വളരെക്കാലമായി പരസ്പരം അറിയുന്നവരായിരുന്നു. ഒരുമിച്ച് ഇവര്‍ ഗോവ സന്ദര്‍ശിക്കാറുണ്ടായിരുന്നു. സെങ്കിയ മരിക്കുന്നതിന് ഒരു ദിവസം മുൻപ് ജനുവരി 11ന് ഇരുവരും ഒരുമിച്ചായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതിനെ തുടർന്നാണ് സ്ത്രീ മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
Adjust Story Font
16
