Quantcast

സോണിയാ ഗാന്ധിയെ കണ്ട് സച്ചിൻ പൈലറ്റ്; അഭ്യൂഹങ്ങൾ

ഇടക്കാലത്ത് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ നേതാവാണ് സച്ചി‍ന്‍ പൈലറ്റ്

MediaOne Logo

Web Desk

  • Published:

    21 April 2022 12:33 PM GMT

സോണിയാ ഗാന്ധിയെ കണ്ട് സച്ചിൻ പൈലറ്റ്; അഭ്യൂഹങ്ങൾ
X

ന്യൂഡൽഹി: പുനഃസംഘടനാ ചർച്ചകൾ മുറുകവെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദർശിച്ച് രാജസ്ഥാനിൽനിന്നുള്ള മുതിർന്ന പാർട്ടി നേതാവ് സച്ചിൻ പൈലറ്റ്. സംസ്ഥാനത്തും പാർട്ടിയിലും സച്ചിന്റെ ഭാവി പരിപാടികളെ കുറിച്ചായിരുന്നു ചർച്ചയെന്ന് എൻഡിടിവി റിപ്പോർട്ടു ചെയ്തു. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോൺഗ്രസിൽ ആലോചന.

നേരത്തെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായിരുന്നു സച്ചിൻ പൈലറ്റ്. 2020ൽ പാർട്ടിക്കുള്ളിൽ നടത്തിയ കലാപത്തിൽ രണ്ടു പദവികളും നഷ്ടപ്പെടുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായി കൂടിയാണ്. വരുംദിവസങ്ങളിൽ ഇദ്ദേഹം രാഹുലുമായും പ്രിയങ്കയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.

സച്ചിനൊപ്പം യുവനേതൃനിരയിലുണ്ടായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ, ആർപിഎൻ സിങ് തുടങ്ങിയവര്‍ നേരത്തെ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. പാർട്ടിക്കുള്ളിലെ കലാപത്തിനിടെ സച്ചിനെ സിന്ധ്യ അടക്കമുള്ളവർ ബിജെപിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ പാർട്ടിയിൽ അടിയുറച്ചു നിൽക്കുകയാണ് സച്ചിൻ ചെയ്തത്.

2018ൽ തെരഞ്ഞെടുപ്പ് ജയിച്ച വേളയിൽ രാജസ്ഥാൻ മുഖ്യമന്ത്രിയാകാൻ പൈലറ്റ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ വെറ്ററൻ നേതാവ് അശോക് ഗെലോട്ടുമായുള്ള ഉൾപ്പോരിൽ അത് നഷ്ടപ്പെടുകയായിരുന്നു. തന്നെ പിന്തുണയ്ക്കുന്ന 18 എംഎൽഎമാർക്കൊപ്പം ഡൽഹിയിലേക്ക് പോയ സച്ചിൻ സംസ്ഥാന സർക്കാറിന് വൻ ഭീഷണിയാണ് ഉയർത്തിയിരുന്നത്.

അന്തരിച്ച കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജേഷ് പൈലറ്റിന്റെ മകനാണ് സച്ചിൻ. രണ്ടാം മൻമോഹൻ സിങ് മന്ത്രിസഭയിൽ കോർപറേറ്റ് അഫയേഴ്‌സ് വകുപ്പു മന്ത്രിയായിരുന്നു.

TAGS :

Next Story