Quantcast

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്, ചോദ്യങ്ങൾ ബാക്കി

കസ്റ്റഡിയിലെടുത്തയാൾക്ക് കേസുമായി ബന്ധമില്ലെന്നും ഇയാൾ നിരപരാധിയാണെന്നും പൊലീസ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-01-17 15:48:03.0

Published:

17 Jan 2025 8:05 PM IST

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്, ചോദ്യങ്ങൾ ബാക്കി
X

മുംബൈ: നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ യഥാർഥ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. സംഭവം നടന്ന് രണ്ടാം ദിവസം അവസാനിക്കുമ്പോഴും പ്രതിയെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. കേസിൽ പ്രതിയെന്നു സംശയിച്ച് കസ്റ്റഡിയിലെടുത്തയാൾക്ക് കേസുമായി ബന്ധമില്ലെന്നും ഇയാൾ നിരപരാധിയാണെന്നും പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സെയ്ഫിന്റെ ബാന്ദ്ര വെസ്റ്റിലെ സദ്ഗുരു ശരണ്‍ കെട്ടിടത്തില്‍ വെച്ച് ആക്രമണമുണ്ടായത്. ശരീരത്തിൽ ആറുതവണ കുത്തേറ്റ സെയ്ഫിനെ ഉടൻ തന്നെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു.

അന്വേഷണത്തിൽ ചില ചോദ്യങ്ങൾ ഇപ്പോഴും പൊലീസിനെ കുഴയ്ക്കുന്നു​ണ്ട്. സിസിടിവി ദൃശ്യങ്ങളിൽ അക്രമി രക്ഷപ്പെടുന്നത് കാണാം. പക്ഷേ അയാൾ എങ്ങനെ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചു എന്നതിൽ ഉത്തരമില്ല.

അക്രമി ആദ്യം കെട്ടിടത്തിൻ്റെ പിന്നിലെ ഗേറ്റിലൂടെ ചാടി അകത്തു കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചതോടെ സിസിടിവി ക്യാമറകൾ ഒഴിവാക്കി ഫയർ എക്സിറ്റ് പടികൾ ഉപയോഗിച്ചാണ് കെട്ടിടത്തില്‍ കയറിയതും രക്ഷപ്പെട്ടതും എന്നാണ് സൂചന. ഖാൻ്റെ ഇളയ കുട്ടിയുടെ കുളിമുറിയിൽ പ്രവേശിക്കാൻ അക്രമി രണ്ടടി വീതിയുള്ള ഷാഫ്റ്റ് ഉപയോഗിച്ചതായി സംശയിക്കുന്നു. അവിടെ നിന്നാണ് ഇയാൾ പതിനൊന്നാം നിലയിലേക്ക് കടന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനമാണിത്.

അക്രമിയെ ഖാനും മറ്റുള്ളവരും ചേർന്ന് കീഴടക്കിയശേഷം മുറിക്കുള്ളിൽ പൂട്ടിയിട്ടിരുന്നു. അതിനുശേഷം സെയ്ഫും കുടുംബവും 12-ാം നിലയിലേക്ക് പോയി. ഈ സമയത്ത് പ്രതി ടോയ്‌ലറ്റ് ജനാലയിലൂടെ പുറത്തേക്ക് കടന്ന് വീട്ടിലേക്ക് പ്രവേശിക്കാൻ ഉപയോഗിച്ച അതേ ഇടുങ്ങിയ ഷാഫ്റ്റിലൂടെയാണ് പുറത്തിറങ്ങിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

കെട്ടിടത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ കർശനമല്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രധാന ഗേറ്റിൽ രണ്ട് ഗാർഡുകളും പിൻ ഗേറ്റിൽ ഒരാളും ഉണ്ടായിരുന്നു. കെട്ടിടത്തിൽ ആവശ്യത്തിന് സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കെട്ടിടത്തിലെ സുരക്ഷാ ഗാർഡുകൾ പലപ്പോഴും ഒരു പരിശോധനയും കൂടാതെ പുറത്തുനിന്നുള്ളവരെ കെട്ടിടത്തിന് അകത്തേക്ക് പോകാൻ അനുവദിക്കുമായിരുന്നെന്ന് സമീപവാസികളും കച്ചവടക്കാരും പറയുന്നു.

സെയ്ഫിന്റെ ഭാര്യ കരീനയും മക്കളായ തൈമൂറും ജഹാംഗീറും വീട്ടിൽ ഒറ്റയ്ക്ക് ആയതിനാലും അവരെ നോക്കാൻ ജോലിക്കാർ വേണമെന്നതിനാലുമാണ് ആക്രമണം നടന്നയുടനെ കുടുംബം ഖാന്റെ മൂത്ത മകൻ ഇബ്രാഹിമിനെ വിളിച്ചത്. ഇബ്രാഹിം ഒരു കെയർടേക്കറിനൊപ്പം സെയ്ഫ് അലി ഖാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ കാറിൽ പോകാതെ ഇബ്രാഹിം സെയ്ഫിനെ ഒരു ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.

പ്രതിയുടെ സിസിടിവി ദൃശ്യം കൈവശമുണ്ടെങ്കിലും അയാളുടെ പേരോ മറ്റ് വിവരങ്ങളോ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കെട്ടിടത്തിലും പരിസരത്തുമുള്ള വീട്ടുജോലിക്കാർക്കിടയിലും കച്ചവടക്കാർക്കിടയിലും അക്രമിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ആരും ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

TAGS :

Next Story