Quantcast

സംഭൽ ഷാഹി മസ്ജിദിൽ നിസ്‌കാരം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ ജൂലൈ 21ന് കോടതി വാദം കേൾക്കും

തർക്കം നിലനിൽക്കുന്നതിനാൽ ഒരു വിഭാ​ഗത്തിന്റെയും പ്രാർഥന അനുവദിക്കരുത് എന്നാവശ്യപ്പെട്ട് സിമ്രാൻ ​ഗുപ്തയെന്ന വ്യക്തിയാണ് ഹരജി സമർപ്പിച്ചത്.

MediaOne Logo

Web Desk

  • Published:

    3 July 2025 4:00 PM IST

Sambhal mosque row: Court to hear plea for ban on namaz at disputed site on July 21
X

സംഭൽ: ഷാഹി ജമാ മസ്ജിദിൽ നിസ്‌കാരം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ ജൂലൈ 21ന് ചന്ദൗസി കോടതി വാദം കേൾക്കും. മസ്ജിദ് സീൽ ചെയ്ത് ജില്ലാ മജിസ്‌ട്രേറ്റിന്റെ കസ്റ്റഡിയിലാക്കണം എന്നാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്.

സംഭൽ ഷാഹി മസ്ജിദ് ഹരിഹർ ക്ഷേത്രമാണെന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം. തർക്കം നിലനിൽക്കുന്നതിനാൽ നിസ്‌കാരം അടക്കം ഇസ്‌ലാമിക പ്രാർഥനകൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് സിമ്രാൻ ഗുപ്ത എന്ന വ്യക്തിയാണ് ഹരജി നൽകിയത്. ഇന്ന് ഹരജി പരിഗണിച്ച സീനിയർ സിവിൽ ജഡ്ജി ആദിത്യ സിങ് ഹരജി 21ന് പരിഗണിക്കാൻ മാറ്റുകയായിരുന്നു.

പള്ളിയിൽ സർവേ നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. അഭിഭാഷകരായ ഹരിശങ്കർ ജയിൻ, വിഷ്ണുശങ്കർ ജയിൻ എന്നിവരടക്കം എട്ടുപേരാണ് മസ്ജിദ് ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് 2023 നവംബർ 19ന് കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി മസ്ജിദിൽ സർവേ നടത്താൻ ഉത്തരവിടുകയായിരുന്നു. 2024 നവംബർ 24നാണ് രണ്ടാംഘട്ട സർവേ നടന്നത്. തുടർന്ന് വിഷയം ചന്ദൗസി സിവിൽ കോടതിയിലെത്തി. ഏപ്രിൽ 28നാണ് കോടതി അവസാനം വാദം കേട്ടത്.

2024 നവംബർ 24ന് രണ്ടാംഘട്ട സർവേക്കിടെ പ്രതിഷേധിച്ചവർക്കിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ അഞ്ച് മുസ്‌ലിം യുവാക്കൾ കൊല്ലപ്പെട്ടിരുന്നു. ആളുകളെ ആക്രമണത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് സമാജ്‌വാദി പാർട്ടി എംപി സിയാവുറഹ്മാൻ ബർഖ്, മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫർ അലി അടക്കം 2,750 പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.

TAGS :

Next Story