ഇന്ത്യയിൽ സ്വന്തമായി ഒരു ട്രെയിനിന്റെ ഉടമയായ ഏക വ്യക്തി; ആരാണ് ആ കർഷകൻ?
ഇന്ത്യൻ റെയിൽവേയുടെ പൂർണ ഉടമസ്ഥതയിലുള്ള ട്രെയിനുകൾ ഒരു വ്യക്തിക്ക് സ്വന്തമാകുക എന്നത് അസാധ്യമായ കാര്യമാണ്

പഞ്ചാബ്: സ്വന്തമായി ഒരു ട്രെയിൻ ഉണ്ടാകുക എന്നത് ആർക്കെങ്കിലും ചിന്തിക്കാൻ കഴിയുന്ന കാര്യമാണോ? ഇന്ത്യൻ റെയിൽവേയുടെ പൂർണ ഉടമസ്ഥതയിലുള്ള ട്രെയിനുകൾ ഒരു വ്യക്തിക്ക് സ്വന്തമാകുക എന്നത് അസാധ്യമായ കാര്യമാണ്. എന്നാൽ റെയിൽവേയ്ക്ക് സംഭവിച്ച ഒരു വലിയ വീഴ്ച കാരണം, ഇന്ത്യയിൽ ഒരു വ്യക്തിക്ക് കുറച്ചു സമയത്തേക്ക് ഒരു ട്രെയിനിന്റെ പൂർണ ഉടമസ്ഥാവകാശം ലഭിച്ചിരുന്നു. പഞ്ചാബിലെ ലുധിയാനയിലുള്ള കറ്റാന ഗ്രാമത്തിലെ സാധാരണ കർഷകനായ സമ്പൂരൺ സിങ് ആണ് ആ വ്യക്തി. നിയമപരമായ ഒരു കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഒരു എക്സ്പ്രസ് ട്രെയിനിന്റെ ഉടമയായത്.
ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാര തർക്കവും
2007ൽ ലുധിയാന-ചണ്ഡീഗഡ് റെയിൽവേ ലൈൻ നിർമാണത്തിനായി ഇന്ത്യൻ റെയിൽവേ കർഷകരിൽ നിന്നും ഭൂമി ഏറ്റെടുത്തിരുന്നു. ഇതിൽ സമ്പൂരൺ സിങ്ങിന്റെ ഭൂമിയും ഉൾപ്പെട്ടിരുന്നു. അന്ന് ഏക്കറിന് 25 ലക്ഷം രൂപ നിരക്കിലാണ് റെയിൽവേ അദ്ദേഹത്തിന് നഷ്ടപരിഹാരം നൽകിയത്. എന്നാൽ തൊട്ടടുത്ത ഗ്രാമത്തിൽ ഇതേ ആവശ്യത്തിനായി റെയിൽവേ ഭൂമി ഏറ്റെടുത്തത് ഏക്കറിന് 71 ലക്ഷം രൂപ നൽകിയാണെന്ന് അദ്ദേഹം പിന്നീട് മനസിലാക്കി. റെയിൽവേയുടെ ഈ ഇരട്ടത്താപ്പിനെതിരെ സമ്പൂരൺ സിങ് കോടതിയെ സമീപിച്ചു.
കോടതി വിധിയും റെയിൽവേയുടെ വീഴ്ചയും
കേസ് പരിഗണിച്ച കോടതി, നഷ്ടപരിഹാര തുക 25 ലക്ഷത്തിൽ നിന്ന് 50 ലക്ഷമായി വർധിപ്പിക്കാൻ ഉത്തരവിട്ടു. ഇതോടെ സമ്പൂരണ്‍ സിങിന് ലഭിക്കേണ്ട ആകെ നഷ്ടപരിഹാരം ഏകദേശം 1.47 കോടി രൂപയായി. 2015ഓടെ ഈ തുക സമ്പൂരൺ സിങ്ങിന് നൽകണമെന്ന് നോർത്തേൺ റെയിൽവേയോട് കോടതി നിർദേശിച്ചു. എന്നാൽ റെയിൽവേ കേവലം 42 ലക്ഷം രൂപ മാത്രമാണ് നൽകിയത്. ബാക്കി വരുന്ന 1.05 കോടി രൂപ നൽകുന്നതിൽ അവർ പരാജയപ്പെട്ടു.
ശതാബ്ദി എക്സ്പ്രസ് സ്വന്തമാക്കുന്നു
കോടതി ഉത്തരവുണ്ടായിട്ടും നഷ്ടപരിഹാരം നൽകാൻ റെയിൽവേ തയ്യാറാകാത്തതിനെ തുടർന്ന് 2017ൽ ലുധിയാനയിലെ ജില്ലാ സെഷൻസ് ജഡ്ജി ജസ്പാൽ വർമ ഒരു സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചു. ലുധിയാന സ്റ്റേഷനിലെ ഒരു ട്രെയിനും സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസും ജപ്തി ചെയ്യാനായിരുന്നു ആ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷനിൽ എത്തിയ കർഷകനായ സമ്പൂരൺ സിങ്, അവിടെയുണ്ടായിരുന്ന ഡൽഹി-അമൃത്സർ സ്വർണ ശതാബ്ദി എക്സ്പ്രസ് ജപ്തി ചെയ്യുകയും കുറച്ചു സമയത്തേക്ക് ആ ട്രെയിനിന്റെ ഉടമസ്ഥനായി മാറുകയും ചെയ്തു.
തുടർസംഭവങ്ങൾ
എങ്കിലും ഈ ഉടമസ്ഥാവകാശം ഏതാനും മിനിറ്റുകൾ മാത്രമേ നീണ്ടുനിന്നുള്ളൂ. ഒരു കോടതി ഉദ്യോഗസ്ഥന്റെ സഹായത്തോടെ റെയിൽവേയുടെ സെക്ഷൻ എഞ്ചിനീയർ ഉടൻ തന്നെ ട്രെയിൻ വിട്ടുനൽകാൻ നടപടികൾ സ്വീകരിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അന്ന് ട്രെയിൻ യാത്ര തുടരാൻ അനുവദിച്ചത്. ഒരു സാധാരണ കർഷകൻ ഇന്ത്യൻ റെയിൽവേയുടെ പാളിച്ചകൾക്കെതിരെ പോരാടി നിയമപരമായി ഒരു എക്സ്പ്രസ് ട്രെയിനിന്റെ ഉടമയായി മാറിയ ഈ സംഭവം ഇന്ത്യൻ നിയമ-റെയിൽവേ ചരിത്രത്തിലെ കൗതുകകരമായ ഒരേടായി ഇന്നും നിലനിൽക്കുന്നു.
Adjust Story Font
16

