Quantcast

'മഹാരാഷ്ട്രയില്‍ എന്‍സിപികള്‍ ഒന്നാകും, അജിത് പവാര്‍ മഹാവികാസ് അഘാഡിയുടെ ഭാഗമാകും': സഞ്ജയ് റാവത്ത്‌

ശരത് പവാറിന്റെ ഭാവി മാഹാവികാസ് അഘാഡിയോടൊപ്പം തന്നെയായിരിക്കുമെന്നും അജിത് പവാറാകും ഇങ്ങോട്ട് വരികയെന്നും സഞ്ജയ് റാവത്ത്

MediaOne Logo

റിഷാദ് അലി

  • Updated:

    2026-01-25 08:23:42.0

Published:

25 Jan 2026 1:39 PM IST

മഹാരാഷ്ട്രയില്‍ എന്‍സിപികള്‍ ഒന്നാകും, അജിത് പവാര്‍ മഹാവികാസ് അഘാഡിയുടെ ഭാഗമാകും: സഞ്ജയ് റാവത്ത്‌
X

മുംബൈ: മഹാരാഷ്ട്രയില്‍ അജിത് പവാറും ശരത് പവാറും തമ്മില്‍ ഒന്നായി പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിയിലെത്തുമെന്ന സൂചന നല്‍കി ഉദ്ധവ് വിഭാഗം ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അജിത് പവാറിന് ഭരണമുന്നണിയായ മഹായുതി സഖ്യം വൈകാതെ വിടേണ്ടി വരുമെന്നും ഒരേസമയം രണ്ട് വഞ്ചിയിൽ കാലുവെച്ച് യാത്ര ചെയ്യാൻ കഴിയില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

മഹാരാഷ്ട്രയിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിന് പിന്നാലെയുള്ള അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം. മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പുകളിൽ എൻസിപിയുടെ ഇരുവിഭാഗങ്ങളും പലയിടത്തും ഒരുമിച്ച് മത്സരിച്ചിരുന്നു. ഭാവിയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ഇരു വിഭാഗങ്ങളും ഒരേ ചിഹ്നത്തിൽ തന്നെ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുമുയര്‍ന്നിരുന്നു. ഇതോടെ മാഹാവികാസ് അഘാഡിയില്‍ ശരദ് പവാറിന്റെ ഭാവി സംബന്ധിച്ചും ചോദ്യങ്ങളായി.

എന്നാല്‍ ശരത് പവാറിന്റെ ഭാവി മാഹാവികാസ് അഘാഡിയോടൊപ്പം തന്നെയായിരിക്കുമെന്നും അജിത് പവാറാകും ഇങ്ങോട്ട് വരികയെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. "അജിത് പവാർ ഭരണസഖ്യത്തിലാണെങ്കിലും മഹാവികാസ് അഘാഡിയുമായും ബന്ധം പുലർത്തുന്നുണ്ട്, ഇതുകാരണം അവിടെ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകും"- അദ്ദേഹം കൂട്ടിച്ചേർത്തു. അജിത് പവാറിന് ഭരണസഖ്യം വിടേണ്ടി വരുമോ എന്ന നേരിട്ടുള്ള ചോദ്യത്തിന് പോകേണ്ടി വരുമെന്നായിരുന്നു റാവത്തിന്റെ മറുപടി

"അദ്ദേഹത്തിന് പോകേണ്ടി വരും. ഒരേസമയം രണ്ട് വള്ളങ്ങളിൽ യാത്ര ചെയ്യാന്‍ സാധിക്കില്ല. ഏതെങ്കിലും ഒരു ഘട്ടത്തിൽ നിങ്ങൾക്ക് ഒരു വശം തിരഞ്ഞെടുത്തേ മതിയാകൂ."- റാവത്ത് വ്യക്തമാക്കി. "വരും ദിവസങ്ങളിൽ ശരദ് പവാറും അജിത് പവാറും മഹാവികാസ് അഘാഡിയിൽ ഒന്നിച്ചുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story