Quantcast

എ.എ.പി നേതാവ് സത്യേന്ദ്ര ജെയിൻ തിഹാർ ജയിലിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു

ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ജെയിനിനെ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    25 May 2023 5:29 AM GMT

satyendar jain fainted inside tihar washroom
X

ന്യൂഡൽഹി: ഡൽഹി മുൻ ആരോഗ്യമന്ത്രിയും എ.എ.പി നേതാവുമായ സത്യേന്ദ്ര ജെയിൻ തിഹാർ ജയിലിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് അദ്ദേഹത്തെ ഡൽഹി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എ.എ.പി നേതാക്കൾ പറഞ്ഞു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ജെയിനിനെ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

ജയിലിലെ ഏഴാം നമ്പർ സെല്ലിൽ കഴിഞ്ഞിരുന്ന ജെയിൻ വ്യാഴാഴ്ച രാവിലെ ആറു മണിയോടെയാണ് സെല്ലിൽ തളർന്നുവീണതെന്ന് ജയിൽ മേധാവി പറഞ്ഞു. ജെയിനിന് നട്ടെല്ലിന് ശസ്ത്രക്രിയ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷമാണ് ജെയിനിനെ അറസ്റ്റ് ചെയ്തത്. ജയിലിൽ അദ്ദേഹത്തിന്റെ ശരീരഭാരം 35 കിലോ കുറഞ്ഞതായി എ.എ.പി നേതാക്കൾ പറഞ്ഞിരുന്നു. നട്ടെല്ല് വേദനയും ശരീരത്തിന് ബലക്കുറവും അടക്കമുള്ള പ്രശ്‌നങ്ങൾ ജെയിനിനെ അലട്ടിയിരുന്നതായി മറ്റു ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.

സത്യേന്ദ്ര ജെയിൻ ആശുപത്രി വരാന്തയിലെ കസേരയിൽ ഇരിക്കുന്ന ഫോട്ടോ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തിരുന്നു. ''അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു. ബി.ജെ.പിയുടെ ധാർഷ്ട്യവും അതിക്രമങ്ങളും ഡൽഹിയിലെ ജനങ്ങൾ ഉറ്റുനോക്കുകയാണ്. ഈ അക്രമികളോട് ദൈവംപോലും പൊറുക്കില്ല. ഈ പോരാട്ടത്തിൽ ജനങ്ങൾ നമുക്കൊപ്പമുണ്ട്, ദൈവം നമ്മുടെ പക്ഷത്തുമുണ്ട്. ഞങ്ങൾ ഭഗത് സിങ്ങിന്റെ അനുയായികളാണ്, അടിച്ചമർത്തലിനും അനീതിക്കും സ്വേച്ഛാധിപത്യത്തിനും എതിരായ ഞങ്ങളുടെ പോരാട്ടം തുടരും''-കെജ്‌രിവാൾ കുറിച്ചു.


TAGS :

Next Story