13കാരനായ ദലിത് വിദ്യാർഥിയെ കത്തുന്ന മാലിന്യക്കുഴിയിലേക്ക് തള്ളിയിട്ട് സഹപാഠികൾ; തമാശയ്ക്ക് ചെയ്തതെന്ന് പൊലീസ്
ജാതിയുടെയും നിറത്തിന്റേയും പേരു പറഞ്ഞ് ആറാം ക്ലാസ് മുതൽ തന്റെ മകനെ ഈ സഹപാഠികൾ അധിക്ഷേപിക്കാറുണ്ടായിരുന്നെന്ന് മാതാവ് പറഞ്ഞു.

- Published:
1 Feb 2026 6:21 PM IST

ചെന്നൈ: എട്ടാം ക്ലാസ് വിദ്യാർഥിയായ ദലിത് ബാലനെ കത്തുന്ന മാലിന്യക്കുഴിയിലേക്ക് തള്ളിയിട്ട് സഹപാഠികൾ. തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലെ കുന്നത്തൂരിലെ കറുപ്പണ്ണ നാടാർ ഹൈസ്കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം. തീയിൽ വീണ് മെർകുപതി സ്വദേശിയായ 13കാരന് ഗുരുതരമായി പൊള്ളലേറ്റു. ജാതീയമായ അതിക്രമമാണ് കുട്ടിക്ക് നേരെയുണ്ടായതെന്ന് 13കാരന്റെ പിതാവ് ആരോപിച്ചു.
സ്കൂൾ വിട്ട ശേഷം ക്ലാസിലെ ചപ്പുചവറുകൾ മാലിന്യക്കുഴിയിൽ കളയാൻ പോവുകയായിരുന്നു കുട്ടി. ഈ സമയം പിന്നാലെയെത്തിയ മറ്റ് രണ്ട് വിദ്യാർഥികൾ 13കാരന്റെ കൈകാലുകൾ പിടിച്ച് കത്തുന്ന മാലിന്യക്കുഴിയിലേക്ക് എറിയുകയായിരുന്നെന്നാണ് പരാതി. കരച്ചിൽ കേട്ടെത്തിയ മറ്റ് കുട്ടികളാണ് തീയിൽ കിടന്ന് പുളയുകയായിരുന്ന കുട്ടിയെ രക്ഷിച്ചത്.
കൈകളിലും പിൻഭാഗത്തും ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ കുന്നത്തൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരുന്തുറൈ സർക്കാർ മെഡിക്കൽ കോളജിലേക്കും പിന്നീട് കോയമ്പത്തൂരിലെ ആശുപത്രിയിലേക്കും മാറ്റി. രണ്ട് സഹപാഠികൾ തന്റെ കൈകളും കാലുകളും പിടിച്ച് തീയിലേക്ക് എറിയുകയായിരുന്നെന്ന് പരിക്കേറ്റ കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ജാതിയുടെയും നിറത്തിന്റേയും പേരു പറഞ്ഞ് ആറാം ക്ലാസ് മുതൽ തന്റെ മകനെ ഈ രണ്ട് സഹപാഠികൾ അധിക്ഷേപിക്കാറുണ്ടായിരുന്നെന്ന് 13കാരന്റെ മാതാവ് പറഞ്ഞു. കറുത്ത നിറത്തിന്റെ പേരിൽ ക്ലാസിലെ അധ്യാപകർ പോലും തന്റെ മകനെ കളിയാക്കാറുണ്ടെന്നും അവർ വ്യക്തമാക്കി.
അതേസമയം, കുടുംബത്തിന്റെ ആരോപണം തള്ളിയ പൊലീസ്, കുട്ടികൾ കളിക്കുന്നതിനിടെ പരസ്പരം തള്ളുകയും ഇതിനിടെ കുട്ടി തീയിൽ വീണതാണെന്നും അവകാശപ്പെട്ടു. 'അന്വേഷണത്തിൽ, പരിക്കേറ്റ ആൺകുട്ടിയും ഉൾപ്പെട്ട മറ്റ് വിദ്യാർഥികളും സഹപാഠികളാണെന്നും അവർ ഇടയ്ക്കിടെ പരസ്പരം വീടുകൾ സന്ദർശിക്കാറുണ്ടെന്നും കണ്ടെത്തി. വെള്ളിയാഴ്ച, വിദ്യാർഥികൾ കളിയായി പരസ്പരം തള്ളുകയായിരുന്നു'- തിരുപ്പൂർ പൊലീസ് പറഞ്ഞു.
സ്കൂളുകളിൽ കുട്ടികൾക്കെതിരായ അധിക്ഷേപം തുടരുന്ന സാഹചര്യത്തിൽ ഹെഡ്മാസ്റ്റർമാർക്കും അധ്യാപകർക്കുമെതിരെ നടപടി വേണമെന്ന് പള്ളി കൾവി പാതുകാപ്പ ഇയക്കം (പികെപിഐ) സ്കൂൾ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു. സമീപമാസങ്ങളിൽ സ്കൂളുകളിൽ കുട്ടികൾക്കെതിരായ ചില അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട അധ്യാപകർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടില്ലെന്ന് പികെപിഐ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം (ആർടിഇ) പ്രധാനാധ്യാപകരും അധ്യാപകരും വിദ്യാർഥികളെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുകയോ അവരെ ഏതെങ്കിലും ജോലികൾ ചെയ്യിക്കുകയോ തല്ലുകയോ ശാരീരിക ശിക്ഷ നൽകുകയോ വിവേചനം കാണിക്കുകയോ ചെയ്യരുതെന്ന് പികെപിഐ സോണൽ സെക്രട്ടറി എസ്. ചന്ദ്രശേഖർ പറഞ്ഞു. ചില പ്രധാനാധ്യാപകരും അധ്യാപകരും ഈ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും അല്ലെങ്കിൽ അവർക്ക് അവയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16
