Quantcast

'ട്രെയിൻ കമ്പാര്‍ട്ട്മെന്‍റിൽ മൂത്രമൊഴിച്ചു, സഹയാത്രികയോട് മോശമായി പെരുമാറി'; മധ്യപ്രദേശ് ജഡ്ജിയുടെ പെരുമാറ്റം വെറുപ്പുളവാക്കുന്നതെന്ന് സുപ്രിംകോടതി

കേസ് ഞെട്ടിപ്പിക്കുന്നതും വെറുപ്പുളവാക്കുന്നതും ആണെന്നും അത്തരം സാഹചര്യങ്ങളിൽ പിരിച്ചുവിടലിൽ കുറഞ്ഞതൊന്നും പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിച്ചു

MediaOne Logo
ട്രെയിൻ കമ്പാര്‍ട്ട്മെന്‍റിൽ മൂത്രമൊഴിച്ചു, സഹയാത്രികയോട് മോശമായി പെരുമാറി; മധ്യപ്രദേശ് ജഡ്ജിയുടെ പെരുമാറ്റം വെറുപ്പുളവാക്കുന്നതെന്ന് സുപ്രിംകോടതി
X

ഡൽഹി: ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്‍റില്‍ മൂത്രമൊഴിക്കുകയും സഹയാത്രികയോട് മോശമായി പെരുമാറുകയും ചെയ്തതിന് കുറ്റാരോപിതനായ സിവില്‍ ജഡ്ജിനെ ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞ് സുപ്രിംകോടതി. ജോലിയില്‍ തിരികെ പ്രവേശിക്കാമെന്നുള്ള മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. 2019ലാണ് കേസിന് ആസ്പദമായ സംഭവം.

കേസ് ഞെട്ടിപ്പിക്കുന്നതും വെറുപ്പുളവാക്കുന്നതും ആണെന്നും അത്തരം സാഹചര്യങ്ങളിൽ പിരിച്ചുവിടലിൽ കുറഞ്ഞതൊന്നും പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിച്ചു. സിവിൽ ജഡ്ജി നവനീത് സിങ് യാദവിനെ സര്‍വീസിൽ തിരിച്ചെടുത്തതാണ് സ്റ്റേ ചെയ്തത്. മധ്യപ്രദേശ് ഹൈക്കോടതിയുടെ 2025 മെയ് മാസത്തെ വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചു.

"ഇതൊരു ഞെട്ടിക്കുന്ന കേസാണ്... അയാൾ കമ്പാർട്ടുമെന്‍റിൽ മൂത്രമൊഴിച്ചു, അവിടെ ഒരു സ്ത്രീ ഉണ്ടായിരുന്നു... വെറുപ്പുളവാക്കുന്നതാണ്... നിങ്ങളെ പിരിച്ചുവിടേണ്ടതായിരുന്നു. നിങ്ങളുടെ പെരുമാറ്റം ഒരു ജുഡീഷ്യൽ ഓഫീസർക്ക് യോജിച്ചതല്ല. മദ്യപിച്ച് ഒരു സ്ത്രീയോട് നിങ്ങൾ മോശമായി പെരുമാറി... അതാണ് നിങ്ങൾക്കെതിരായ കുറ്റം," ജഡ്ജിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശൈലേഷ് മഡിയാലിനോട് ബെഞ്ച് പറഞ്ഞു. റെയിൽവേ ആക്ട് പ്രകാരമുള്ള ക്രിമിനൽ നടപടികളിൽ മിക്ക സാക്ഷികളും പ്രോസിക്യൂഷൻ കേസിനെ പിന്തുണച്ചിട്ടില്ലെന്നും യാദവിനെ കുറ്റവിമുക്തനാക്കിയെന്നും മഡിയാൽ വാദിച്ചപ്പോൾ "എല്ലാ സാക്ഷികളും കൂറുമാറുന്നുവെന്ന് ഉറപ്പാക്കാൻ നിങ്ങൾ നിങ്ങളുടെ സ്വാധീനം ഉപയോഗിച്ചിരിക്കണം" എന്ന് ബെഞ്ച് തിരിച്ചടിച്ചു. ഒരു പ്രാദേശിക എംഎൽഎയുമായുള്ള തർക്കത്തിൽ നിന്നാണ് കേസ് ഉടലെടുത്തതെന്ന് ചൂണ്ടിക്കാണിക്കാൻ അഭിഭാഷകൻ ശ്രമിച്ചപ്പോൾ "നിങ്ങൾ വിചാരിക്കുന്നതാണ് ചെയ്യുന്നതെന്ന് ഇതിനര്‍ഥമില്ല" എന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

ഡിൻഡോരി ജില്ലയിലെ ഷാപൂരിൽ സിവിൽ ജഡ്ജിയായിരുന്ന യാദവ് 2018 ജൂൺ 16 ന് ഹോഷംഗാബാദിൽ നിന്ന് ജബൽപൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇൻഡോർ-ജബൽപൂർ ഓവർനൈറ്റ് എക്സ്പ്രസിൽ വനിതാ സഹയാത്രികയോട് മോശമായി പെരുമാറിയെന്ന ആരോപണമുയര്‍ന്നത്. മദ്യപാനം, ശല്യപ്പെടുത്തൽ, സഹയാത്രികരെയും റെയിൽവേ ജീവനക്കാരെയും അധിക്ഷേപിക്കുക, യാത്രക്കാരെ അടിയന്തര ചെയിൻ വലിക്കാൻ നിർബന്ധിക്കുക, ട്രെയിൻ വൈകിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.ട്രെയിൻ യാത്രക്കിടെ മദ്യപിച്ച യാദവ് സഹയാത്രികരോട് താനൊരു ജഡ്ജിയാണെന്ന് പറയുകയും ഐഡി കാര്‍ഡ് കാണിക്കുകയും ചെയ്തു. ഒരു യാത്രക്കാരിയുടെ ബെർത്തിൽ മൂത്രമൊഴിക്കുകയും ചെയ്തു.

പരാതിയെത്തുടർന്ന് റെയിൽവേ ആക്ട് പ്രകാരം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും യാദവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് സസ്‌പെൻഷനിലാവുകയും മധ്യപ്രദേശ് ഹൈക്കോടതി വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തു.അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഹൈക്കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അദ്ദേഹത്തെ പിരിച്ചുവിടാൻ ശിപാർശ ചെയ്തു, ഇത് കോടതിയും അംഗീകരിച്ചു. 2019 സെപ്റ്റംബറിൽ യാദവിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

എന്നാല്‍ സാക്ഷികള്‍ കൂറുമാറിയതിനാല്‍ ഇയാളെ വെറുതെ വിട്ടെങ്കിലും, വകുപ്പ് നടപടിയില്‍ ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടു. പക്ഷേ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പിരിച്ചുവിടല്‍ റദ്ദാക്കി പുനഃസ്ഥാപനത്തിന് ഉത്തരവിട്ടു.തുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്‍റെ അപ്പീലിനെ തുടര്‍ന്നാണ് സുപ്രിംകോടതി വിധി.

TAGS :

Next Story