Quantcast

കരൺ ഥാപ്പറിനും സിദ്ധാർഥ് വരദരാജനുമെതിരായ രാജ്യദ്രോഹക്കേസ്; അറസ്റ്റ് തടഞ്ഞ് സുപ്രിം കോടതി

എല്ലാവരും കോടതി ഉത്തരവ് പാലിക്കുമെന്ന് കരുതുന്നുവെന്ന് സുപ്രിം കോടതി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-08-22 09:34:23.0

Published:

22 Aug 2025 12:49 PM IST

karan thapar -sidharth varadarajan
X

ഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകരായ കരൺ ഥാപ്പറിനും ദ വയർ എഡിറ്റർ സിദ്ധാർഥ് വരദരാജനുമെതിരായ അസം പൊലീസിന്‍റെ അറസ്റ്റ് നടപടികൾ തടഞ്ഞ് സുപ്രിം കോടതി. സെപ്റ്റംബർ 15 വരെയാണ് നടപടികൾ തടഞ്ഞത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസിൽ ഇരുവരോടും ഇന്ന് ഹാജരാകാനാണ് ഗുവാഹത്തി പൊലീസ് നിർദേശം നൽകിയിരുന്നത്.

അസ്സം സർക്കാരിന്‍റെ രണ്ടാമത്തെ കേസിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.ഭാരതീയ ന്യായ സംഹിതയിലെ 152,196 ഉൾപ്പെടെ 7 വകുപ്പുകളാണ് ഇരുവർക്കും എതിരെ ചുമത്തിയിരുന്നത്. എല്ലാവരും കോടതി ഉത്തരവ് പാലിക്കുമെന്ന് കരുതുന്നുവെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു.

ഇരുവര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് പിൻവലിക്കണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടിരുന്നു. അസ്സം പൊലീസിന്റെ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരായ ആക്രമണമാണ്. രാജ്യദ്രോഹക്കുറ്റം ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും എംപിമാർ സംയുക്ത പ്രസ്താവനയിൽ പറയുന്നു.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ പേരില്‍ വാര്‍ത്താ പോര്‍ട്ടലായ ദി വയറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ കടുത്ത നടപടികൾ സുപ്രിം കോടതി തടഞ്ഞിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നെന്ന വാര്‍ത്തയുടെ പേരിലായിരുന്നു ദി വയറിനെതിരെ കേസെടുത്തത്. എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പാടില്ലെന്നായിരുന്നു ഇടക്കാല ഉത്തരവ്. ചോദ്യം ചെയ്യലിനോട് സഹകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

രാഷ്ട്രീയ നേതൃത്വത്തിന്‍റെ പിടിപ്പുകേടുമൂലം വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന ഇന്ത്യന്‍ പ്രതിരോധ അറ്റാഷെയുടെ പ്രസ്താവനയെ ഉദ്ധരിച്ചായിരുന്നു ദി വയറിന്‍റെ വാര്‍ത്ത. പിന്നാലെ രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണി ഉയര്‍ത്തിയെന്ന വാദമുന്നയിച്ച് വാര്‍ത്താ പോര്‍ട്ടലിനെതിരെ കേസെടുക്കുകയായിരുന്നു.

അതിനിടെ അസ്സമിൽ വീണ്ടും മാധ്യമപ്രവർത്തകനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. അഭിസാർ ശർമക്കെതിരെയാണ് കേസെടുത്തത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളെ വിമർശിച്ചുകൊണ്ടുള്ള വീഡിയോക്കെതിരെയാണ് കേസ്.

TAGS :

Next Story