Quantcast

മണിപ്പൂർ കലാപം: അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐയോട് സുപ്രിംകോടതി

ഒരിടവേളയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് കോടതി ഇടപെടൽ.

MediaOne Logo
SC tells CBI to file status report within two weeks over probe in Manipur violence cases
X

ന്യൂ‍ഡൽഹി: മണിപ്പൂർ കലാപക്കേസുകളിലെ അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ സിബിഐക്ക് സുപ്രിംകോടതി നിർദേശം. 2023ലെ മണിപ്പൂർ വംശീയ കലാപ കേസുകളുമായി ബന്ധപ്പെട്ട 11 എഫ്‌ഐആറുകളാണ് സിബിഐ അന്വേഷിക്കുന്നത്.

സംസ്ഥാനത്തെ വംശീയ ആക്രമണത്തിന് ഇരയായവരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി കോടതി നിയമിച്ച ജസ്റ്റിസ് ഗീത മിത്തൽ കമ്മിറ്റിയുടെ ശിപാർശകൾ മാനിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര, മണിപ്പൂർ സർക്കാരുകളോട് ആവശ്യപ്പെട്ടു. കമ്മിറ്റിയുടെ കാലാവധി കോടതി ജൂലൈ 31 വരെ നീട്ടുകയും ചെയ്തു.

ഒരിടവേളയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് കോടതി ഇടപെടൽ. കഴിഞ്ഞദിവസം ഉഖ്രുൽ ജില്ലയിലെ ലിതാൻ ഗ്രാമത്തിൽ രാത്രിയിലുണ്ടായ അക്രമങ്ങളിൽ 24 വീടുകൾ കത്തിനശിച്ചിരുന്നു. ജില്ലയിൽ ഇന്റർനെറ്റ് സേവനങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവയ്ക്കുകയും പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തതായി പ്രാദേശിക ഭരണകൂടം അറിയിച്ചിരുന്നു.

പ്രകോപനപരമായ ഉള്ളടക്കങ്ങൾ പ്രചരിക്കുന്നത് തടയാൻ മുൻകരുതൽ നടപടിയായാണ് ഇന്റര്‍നെറ്റ് നിരോധനമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഉഖ്രുൽ, കാംജോങ് ജില്ലകളിൽ കുകികൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന താങ്കുൽ നാഗാ ഗോത്രത്തിന്റെ തീരുമാനമാണ് പുതിയ സംഘർഷത്തിന് തുടക്കമിട്ടത്. സമാധാനശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും കലാപം വ്യാപിക്കുകയാണ്. കലാപം വ്യാപിക്കുമെന്ന ഭയത്തിൽ കൂടുതൽ കേന്ദ്രസേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

TAGS :

Next Story