Quantcast

റോഡിൽ മുൻഗണന കാൽനടയാത്രക്കാർക്ക്; സുപ്രധാന വിധിയുമായി സുപ്രിംകോടതി

പ്രത്യേക നിയമനിർമ്മാണത്തിന് കേന്ദ്രത്തിന് നിർദേശം

MediaOne Logo

Web Desk

  • Published:

    19 Jun 2026 3:51 PM IST

റോഡിൽ മുൻഗണന കാൽനടയാത്രക്കാർക്ക്; സുപ്രധാന വിധിയുമായി സുപ്രിംകോടതി
X

ന്യൂഡൽഹി: നടപ്പാതകളിലൂടെ നടക്കാനുള്ള അവകാശം ഓരോ പൗരനും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് സുപ്രിംകോടതി. കാൽനടയാത്രക്കാരുടെ അവകാശം സംരക്ഷിക്കാൻ പ്രത്യേക നിയമങ്ങൾ കൊണ്ടുവരണമെന്നും കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. അഞ്ചുവയസ്സുകാരനായ മകനുമായി സ്കൂളിലേക്ക് നടന്നുപോയ പിതാവിന്റെ പിന്നിൽനിന്ന് ടാങ്കർ ലോറിയിടിച്ച് കുട്ടി മരിച്ച കേസ് പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ ഈ നിർണായക വിധി.

അപകടം നടന്ന റോഡിൽ നടപ്പാതയോ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യമോ ഇല്ലാതിരുന്നതായിരുന്നു അപകട കാരണം. ഭരണഘടനയുടെ ഭാഗം IIIൽ ആർട്ടിക്കിൾ 19, 21 എന്നിവ പ്രകാരം സഞ്ചാര സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം എന്നിവയിലാണ് ഈ അവകാശം ഉൾപ്പെടുന്നതെന്ന് പ്രധാന ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. വാഹനങ്ങളേക്കാൾ കൂടുതൽ മുൻ​ഗണന നൽകേണ്ടത് കാൽനടയാത്രക്കാർക്കായിരിക്കണമെന്നും ഇതിനായി നടപ്പാതകൾ നിർമ്മിച്ച് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുനിസിപ്പൽ കോർപ്പറേഷനുകളും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോടതി നിർദേശിക്കുന്നു.

കാൽനടയാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട അധികാരികൾക്കെതിരെ പൗരന്മാർക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാൻ സാധിക്കുമെന്നും മോട്ടോർ വാഹന നിയമത്തിന് പുറമെയാണിതെന്നും സുപ്രിംകോടതി ഓർമ്മിപ്പിച്ചു. ഈ വിധിയുടെ പകർപ്പ് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം, ഗ്രാമവികസന മന്ത്രാലയം, റോഡ് ഗതാഗത മന്ത്രാലയം, ലോ കമ്മീഷൻ എന്നിവർക്ക് അയക്കാൻ സുപ്രിംകോടതി രജിസ്ട്രിക്ക് നിർദേശം നൽകി.

TAGS :

Next Story