ഗ്രാമത്തിലെ കുട്ടികൾക്ക് പഠിക്കാൻ 20 ലക്ഷം ചെലവിട്ട് സ്കൂളുണ്ടാക്കി; മദ്രസയെന്ന് ആരോപിച്ച് ഭരണകൂടത്തിന്റെ ബുൾഡോസർ രാജ്
''ഗ്രാമത്തിൽ വെറും മൂന്ന് മുസ്‌ലിം കുടുംബങ്ങൾ മാത്രമാണുള്ളത്. അങ്ങനെയൊരു സ്ഥലത്ത് എന്തിനാണ് ഞാൻ മദ്രസ നിർമിക്കുന്നത്‍?''

- Updated:
2026-01-15 06:59:12.0

പ്രതീകാത്മക ചിത്രം
ഭോപ്പാൽ: ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മധ്യപ്രദേശിലെ ബെയ്ത്തൂൾ ജില്ലക്കാരനായ അബ്ദുൽ നദീം സ്വന്തമായി പണം ചെലവിട്ട് ഒരു സ്കൂൾ നിർമിച്ചത്. എന്നാൽ, അനധികൃതമായി നിർമിച്ച മദ്രസയാണ് ഇതെന്ന് ആരോപിച്ച് ഭരണകൂടം ബുൾഡോസർ രാജ് നടപ്പാക്കിയപ്പോൾ തകർന്നത് സ്കൂൾ മാത്രമല്ല, അബ്ദുൽ നദീം വർഷങ്ങളായി കൊണ്ടുനടന്ന സ്വപ്നം കൂടിയാണ്.
വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന ഗ്രാമത്തിൽ കുട്ടികൾക്ക് പഠിക്കാൻ മെച്ചപ്പെട്ട ഒരു സ്കൂൾ ഉണ്ടാക്കുക എന്നത് അബ്ദുൽ നദീം കാലങ്ങളായി ആഗ്രഹിച്ചിരുന്നതാണ്. സ്വന്തം കയ്യിൽ നിന്ന് 20 ലക്ഷത്തോളം ചെലവഴിച്ച് സ്വന്തം സ്ഥലത്ത് ഇതിനായി കെട്ടിടവും നിർമിച്ചു. കുടുംബത്തിന്റെ സമ്പാദ്യം പോലും ഇതിനു വേണ്ടി ചെലവഴിച്ചു. എന്നാൽ, ഇക്കഴിഞ്ഞ ജനുവരി 13ന് ജില്ലാ അധികൃതർ ബുൾഡോസറുകളുമായെത്തി കെട്ടിടം ഒരു ഭാഗം പാടെ തകർത്ത് തരിപ്പണമാക്കി.
നഴ്സറി തലം മുതൽ എട്ടാം ക്ലാസ് വരെ കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യമായിരുന്നു അബ്ദുൽ നദീം തന്റെ ധാബ ഗ്രാമത്തിൽ ഒരുക്കിയിരുന്നത്. ഗ്രാമത്തിലും അയൽഗ്രാമത്തിലും ഗോത്രവിഭാഗക്കാർ കൂടുതലായുണ്ടായിരുന്നു. ഇവർക്ക് കിലോമീറ്ററുകൾക്കപ്പുറത്തുള്ള സ്കൂളുകളെ പഠനത്തിന് ആശ്രയിക്കേണ്ടിവന്നിരുന്നു. അതിനാൽ പലരും പഠനം നിർത്തുന്ന സാഹചര്യവുമുണ്ടായി. ഇതോടെയാണ് സ്വന്തമായി സ്ഥലം കണ്ടെത്തി, പഞ്ചായത്തിൽ നിന്ന് അനുമതി വാങ്ങി നദീം സ്കൂൾ നിർമിച്ചത്. ഡിസംബർ 30ന് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിക്കായി അപേക്ഷ നൽകി. എന്നാൽ, ഇതിനു പിന്നാലെ സംഭവം മാറിമറിയുകയായിരുന്നു.
അബ്ദുൽ നദീം അനധികൃതമായി മദ്രസ നിർമിക്കുകയായിരുന്നു എന്നാണ് ചിലർ ഉയർത്തിയ ആരോപണം. ഇതോടെ പഞ്ചായത്തും നിലപാട് മാറ്റി. അനുമതിയില്ലാതെയാണ് കെട്ടിടം നിർമിച്ചതെന്നും പൊളിക്കണമെന്നും കാണിച്ച് ജനുവരി 11ന് പഞ്ചായത്ത് നദീമിന് നോട്ടീസ് നൽകി. അനുമതിയോടെയാണ് കെട്ടിടം നിർമിച്ചതെന്ന് വിശദീകരിക്കാൻ നദീം പഞ്ചായത്ത് അധികൃതരെ കാണാനെത്തിയെങ്കിലും പിന്നീട് വരാൻ പറഞ്ഞ് തിരിച്ചയച്ചു. ജനുവരി 13ന് നദീമും ഗ്രാമത്തിലെ ഏതാനും പേരും ചേർന്ന് കലക്ടറെ കണ്ട് സംഭവം വിശദീകരിക്കാൻ ജില്ലാ ആസ്ഥാനത്തേക്ക് പോയി. എന്നാൽ, ഈ തക്കത്തിന് അധികൃതർ വൻ പൊലീസ് സന്നാഹവുമായെത്തി ബുൾഡോസർ ഉപയോഗിച്ച് കെട്ടിടം പൊളിക്കാൻ തുടങ്ങി. വൈകീട്ടോടെ കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായും പൊളിച്ചു നീക്കി.
തിരിച്ചെത്തിയ നദീം കണ്ടത് സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റിയതാണ്. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണത്തിന്റെ പേരിലാണ് കെട്ടിടം പൊളിച്ചതെന്ന് അദ്ദേഹം പറയുന്നു. ''കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്നും അതുവഴി ഗ്രാമത്തിന് പുരോഗതിയുണ്ടാകണമെന്നും മാത്രമായിരുന്നു എന്റെ ആഗ്രഹം. എന്നാൽ, ഞാൻ ചെയ്യുന്നത് തെറ്റാണെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ പോലും പറഞ്ഞത്. ഈ ഗ്രാമത്തിൽ വെറും 3 മുസ്ലിം കുടുംബങ്ങൾ മാത്രമാണുള്ളത്. അങ്ങനെയൊരു സ്ഥലത്ത് എന്തിനാണ് മദ്രസ നിർമിക്കുന്നത്‍? കെട്ടിടം നിർമാണം പൂർത്തിയാക്കുന്നതേയുണ്ടായിരുന്നുള്ളൂ. ക്ലാസ്സുകൾ തുടങ്ങുകയോ കുട്ടികൾ വരുകയോ ചെയ്തില്ല. അപ്പോഴേക്കും പൊളിച്ചുകളഞ്ഞു'' -അബ്ദുൽ നദീം പറഞ്ഞു.
അതേസമയം, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അജിത് മാരാവി കെട്ടിടം പൊളിച്ച നടപടിയെ ന്യായീകരിക്കുകയാണ് ചെയ്തത്. സ്ഥലം കയ്യേറിയെന്നും അനധികൃതമായി നിർമാണം നടത്തിയെന്നും പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് പരാതി ലഭിച്ചെന്ന് ഇദ്ദേഹം പറയുന്നു. കയ്യേറി നിർമിച്ച ഭാഗമാണ് പൊളിച്ചതെന്നും ഇദ്ദേഹം പറയുന്നു. എന്നാൽ, ഈ വാദം തീർത്തും തെറ്റാണെന്ന് നദീം പറയുന്നു. ''എനിക്ക് പഞ്ചായത്തിൽ നിന്ന് അനുമതി ലഭിച്ചതാണ്. സ്വന്തം സ്ഥലത്താണ് കെട്ടിടം നിർമിച്ചത്. അതിന്റെ നടപടിക്രമങ്ങളിൽ എന്തെങ്കിലും വീഴ്ചയുണ്ടായെങ്കിൽ എന്ത് പിഴയാണെങ്കിലും നൽകാൻ ഞാൻ തയാറായിരുന്നു'' -നദീം പറയുന്നു.
Adjust Story Font
16
