കസേരകൾ കൊണ്ടുവരാൻ ചുമതല എട്ടാം ക്ലാസുകാരിക്ക്, ഓട്ടോയിൽ നിന്ന് വീണ് കുട്ടിക്ക് ദാരുണാന്ത്യം; പ്രതിഷേധവുമായി കുടുംബവും വിദ്യാർഥി സംഘടനകളും
ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു

- Published:
26 Jan 2026 5:38 PM IST

ഹൈദരാബാദ്: തെലങ്കാനയില്‍ സ്കൂളിലെ റിപ്പബ്ലിക്ക് ദിനപരിപാടികൾക്കായുള്ള കസേരകള്‍ കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷയില്‍ നിന്ന് വീണ് എട്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. തെലങ്കാന കാമറെഡ്ഡിയിലെ സംഗീതയാണ് മരിച്ചത്. കുട്ടി തെറിച്ചുവീഴുന്നത് ശ്രദ്ധയില്‍ പെട്ടിട്ടും ഡ്രൈവര്‍ വാഹനം നിര്‍ത്താതെ പോയി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
സ്‌കൂളിലെ റിപ്പബ്ലിക്ക് ഡേ പരിപാടിക്ക് കസേരകള്‍ കൊണ്ടുവരുന്നതിനായി ജീവനക്കാര്‍ കുട്ടികളെ ഏല്‍പ്പിച്ചിരുന്നതായാണ് പ്രാഥമിക നിഗമനം. വാഹനത്തില്‍ നിന്ന് കസേരകള്‍ കയറ്റിയിറക്കാന്‍ കുട്ടികളെ ഉപയോഗിക്കുന്നതിലൂടെ കര്‍ശനമായ നിയമലംഘനമാണ് നടന്നതെന്നും കുട്ടികളോട് ഇത്തരത്തിലുള്ള ക്രൂരതകള്‍ ആവർത്തിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
കസേരകളുമായെത്തിയ ഓട്ടോയിൽ നിന്ന് തെറിച്ചുവീണ സംഗീതയെ ഉടന്‍തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദേഹമാസകലം മുറിവേറ്റിരുന്നതായും ശ്വാസോച്ഛാസം ആശുപത്രിയിലെത്തുന്നതിന് മുന്‍പേ നിലച്ചിരുന്നതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കസേരകള്‍ ഇറക്കിവെച്ചതിന് ശേഷം കുട്ടികള്‍ സ്വകാര്യ ആവശ്യത്തിനായി ഓട്ടോറിക്ഷയില്‍ പോയതാണെന്ന് അധികൃതരിലൊരാള്‍ വാദിച്ചു. കുട്ടി തെറിച്ചുവീണത് ശ്രദ്ധയില്‍പെട്ടിട്ടും ഡ്രൈവര്‍ വാഹനം നിര്‍ത്താത്തതെന്തുകൊണ്ടെന്ന് വ്യക്തമല്ല. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്‌കൂള്‍ ഹോസ്റ്റലിന് സമീപം സ്ഥിരമായി സര്‍വീസ് നടത്താറുള്ള ഓട്ടോക്കാരനായിരുന്നെന്ന് കിരണ്‍മയി കൊപ്പയ്‌സെട്ടി ഐഎഎസ് പറഞ്ഞു. 'ഡ്രൈവര്‍ ഒരുപക്ഷേ മദ്യപിച്ചിരുന്നിരിക്കാം. അയാള്‍ക്ക് കേള്‍വിക്കുറവുണ്ടായിരുന്നെന്നും പറയുന്നുണ്ട്. എന്തായാലും, അശ്രദ്ധയുടെ പരിണിതഫലം അയാള്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ടാവും. സ്‌കൂളിനകത്തുണ്ടായ വീഴചയിലെ പരിക്കിലാണ് സംഗീതയ്ക്ക് ഗുരുതരമായ പരിക്കുണ്ടായതും രക്തസ്രാവമുണ്ടായതും. ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കും'. അവര്‍ കൂട്ടിച്ചേര്‍ത്തു.
സംഗീതയുടെ മരണത്തിന് പിന്നാലെ കുട്ടികള്‍ക്കെതിരായ ബാലപീഡനം പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് കുടുംബവും വിദ്യാര്‍ഥിസംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Adjust Story Font
16
