Quantcast

ഇൻഷുറൻസ് രേഖകളിൽ നോമിനിയാക്കിയില്ല; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിനെ കുടുക്കിയത് വാഷിങ് മെഷീൻ

പ്രഭാത നടത്തം കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഭാര്യക്ക് അനക്കമില്ലായിരുന്നെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്

MediaOne Logo

Web Desk

  • Published:

    30 Jan 2024 6:34 AM GMT

ഇൻഷുറൻസ് രേഖകളിൽ നോമിനിയാക്കിയില്ല; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിനെ കുടുക്കിയത് വാഷിങ് മെഷീൻ
X

ജബൽപൂർ: സർവീസ് രേഖകളിലും ഇൻഷുറൻസ് പോളിസികളിലും ബാങ്ക് അക്കൗണ്ടുകളിലും നോമിനിയായി ഉൾപ്പെടുത്തതിനെ തുടർന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ ഭർത്താവ് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഡിൻഡോരി ജില്ലയിലാണ് സംഭവം നടന്നത്. ഷാപുരയിലെ എസ്ഡിഎം ആയിരുന്ന 50 കാരിയായ നിഷ നാപിതാണ് കൊല്ലപ്പെട്ടത്. സ്വാഭാവിക മരണമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ പ്രതിയായ മനീഷ് ശർമ്മ (45) ശ്രമിച്ചെന്ന് പൊലീസ് പറയുന്നു.എന്നാൽ പ്രതിയെ കുടുക്കാൻ സഹായിച്ചത് വീട്ടിലെ വാഷിങ് മെഷിനിൽ നിന്ന് കിട്ടിയ തെളിവാണെന്ന് പൊലീസ് പറയുന്നു. കൊലപാതകക്കുറ്റം ചുമത്തി തിങ്കളാഴ്ചയാണ് മനീഷ് ശർമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്.

മാട്രിമോണിയൽ സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്.2020 ഒക്ടോബറിൽ വിവാഹം കഴിക്കുകയും ചെയ്തു. ഞായറാഴ്ച പ്രഭാത നടത്തം കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഭാര്യക്ക് അനക്കമില്ലായിരുന്നെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. വൈകിട്ട് നാലുമണിയോടെയാണ് നിഷയെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. നിഷ മണിക്കൂറുകൾക്ക് മുമ്പ് തന്നെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയും ചെയ്തു. അവരുടെ മൂക്കിൽ നിന്ന് രക്തം കണ്ട വിവരം ഡോക്ടർമാർ പൊലീസിനെ അറിയിക്കുകയും ചെയ്തു. എന്നാൽ ഭാര്യ മരിക്കുന്നതിന്റെ തലേദിവസം ഉപവാസം അനുഷ്ഠിച്ചിരുന്നെന്നും പേരക്കമാത്രമാണ് കഴിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. രാത്രിയായപ്പോൾ ഒരുപാട് ഛർദിച്ചെന്നും ആ ക്ഷീണത്തിൽ ഉറങ്ങുകയാണെന്നാണ് കരുതിയെന്നും പ്രതി മൊഴി നിൽകി. രാവിലെ നടക്കാൻ പോയപ്പോൾ നല്ല ഉറക്കമായിരുന്നു. ഉച്ചക്ക് രണ്ടുമണിയായിട്ടും എഴുന്നേൽക്കാത്തതിനെത്തുടർന്ന് ഡ്രൈവറെ വിളിച്ച് ആശുപത്രിയിലെത്തിച്ചെന്നും പ്രതി അവകാശപ്പെട്ടു.

എന്നാൽ മൊഴികളിലെ വൈരുദ്ധ്യം തിരിച്ചറിഞ്ഞതോടെ ഇത് കൊലപാതകമാണെന്ന സംശയം ഉയർന്നു. പൊലീസ് വീട് സീൽ ചെയ്യുകയും ഫോറൻസിക് വിദഗ്ധരെ വിളിപ്പിക്കുകയുംചെയ്തു. അതിനിടെ ഞായറാഴ്ച പുലർച്ചെ നാല് മണിയോടെ നിഷയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നു. കൊലപാതകസമയത്ത് നിഷയും പ്രതിയും ധരിച്ചിരുന്ന രക്തം പുരണ്ട ബെഡ്ഷീറ്റും വസ്ത്രങ്ങളും വാഷിംഗ് മെഷീനിൽ കഴുകാനിട്ടിരുന്നു. കേസിലെ ഏറ്റവും നിര്‍ണായക തെളിവായിരുന്നു ഇത്.

ഇതോടെയാണ് നിഷയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. ദമ്പതികളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തപ്പോൾ സർവീസ് രേഖകൾ, ഇൻഷുറൻസ് പോളിസികൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവയിൽ നോമിനിയായി തന്റെ പേര് നൽകാത്തതിന് ശർമ്മ ഭാര്യയുമായി വഴക്കിടാറുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ശർമ്മ ജോലിക്കൊന്നും പോകാറില്ലെന്നും പണത്തിനായി നിഷയെ ശല്യപ്പെടുത്താറുണ്ടെന്നും മൂത്ത സഹോദരി നമിത നാപിത് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

TAGS :

Next Story