Quantcast

എസ്ഡിപിഐ ഡൽഹി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിൻ കൗസർ അറസ്റ്റിൽ

ഡൽഹിയിലെ സിഎഎ വിരുദ്ധ സമരനായികയായിരുന്നു ഷാഹിൻ കൗസർ. രാജ്യവ്യാപക റെയ്ഡിൽ ആദ്യമായാണ് ഒരു വനിതാ നേതാവിനെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്.

MediaOne Logo

Web Desk

  • Published:

    27 Sep 2022 2:27 PM GMT

എസ്ഡിപിഐ ഡൽഹി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിൻ കൗസർ അറസ്റ്റിൽ
X

ന്യൂഡൽഹി: എസ്ഡിപിഐ ഡൽഹി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിൻ കൗസർ അറസ്റ്റിൽ. പിഎഫ്‌ഐക്കെതിരെയുള്ള രണ്ടാംവട്ട റെയ്ഡിലാണ് ഷാഹിൻ കൗസറിനെ എൻഐഎ അറസ്റ്റ് ചെയ്തത്. ഡൽഹി ഷഹീൻ ബാഗിലെ വിട്ടിൽനിന്ന് ഇന്ന് പുലർച്ചെ മൂന്നു മണിക്കായിരുന്നു അറസ്റ്റ്. ഡൽഹിയിലെ സിഎഎ വിരുദ്ധ സമരനായികയായിരുന്നു ഷാഹിൻ കൗസർ. രാജ്യവ്യാപക റെയ്ഡിൽ ആദ്യമായാണ് ഒരു വനിതാ നേതാവിനെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്.

ഇന്ന് സംസ്ഥാനങ്ങളിലെ പോപുലർഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികളും പൊലീസും നടത്തിയ രണ്ടാംഘട്ട റെയ്ഡിൽ 200 പേരാണ് അറസ്റ്റിലായത്. ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിൽ എടുത്ത 240 പേരിൽ നിന്നാണ് ഇത്രയും പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡൽഹി, അസം, മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡ്.

വ്യാപക പരിശോധനയുടേയും അറസ്റ്റിന്റേയും പശ്ചാത്തലത്തിൽ ഡൽഹിയിലെ വിവിധയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജാമിഅ മില്ലിയ സർവകലാശാലയിൽ അടക്കമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാർഥികൾ കോളജിൽ കൂട്ടംകൂടി നിൽക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേരളമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎയുടെയും എടിഎസിന്റെയും നേതൃത്വത്തിൽ വൻ റെയ്ഡ് നടന്നത്. പാർട്ടി ഓഫീസുകൾക്കു പുറമെ നേതാക്കളുടെ വീടുകളിലും പരിശോധയുണ്ടായി.

ദേശീയ- സംസ്ഥാന നേതാക്കളടക്കം 106 പേരെ രാജ്യവ്യാപകമായി അറസ്റ്റ് ചെയ്തു. നടപടിയിൽ പ്രതിഷേധിച്ച് പിഎഫ്‌ഐ വെള്ളിയാഴ്ച കേരളത്തിൽ പ്രഖ്യാപിച്ച ഹർത്താലിൽ വ്യാപക അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ നൂറുകണക്കിനു പ്രവർത്തകരെ സംസ്ഥാന പൊലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്.

TAGS :

Next Story