Quantcast

'മതസാര്‍പട്ര സമൂഗ നീതി വെട്രി കൂട്ടണി': തമിഴ്‌നാട്ടിലെ ഭരണമുന്നണിക്ക് പുതിയ പേര്

ഇടതുപക്ഷ പാർട്ടികളായ സിപിഐയും സിപിഎമ്മും യോഗത്തിനെത്തിയില്ല

MediaOne Logo
മതസാര്‍പട്ര സമൂഗ നീതി വെട്രി കൂട്ടണി: തമിഴ്‌നാട്ടിലെ ഭരണമുന്നണിക്ക് പുതിയ പേര്
X

ചെന്നൈ: തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി വിജയിന്റെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിന് 'സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്'(മതസാര്‍പട്ര സമൂഗ നീതി വെട്രി കൂട്ടണി) എന്ന് പേരിട്ടു. തമിഴക വെട്രി കഴകം (ടിവികെ), കോൺഗ്രസ്, വിസികെ, എംഡിഎംകെ, ഐയുഎംഎൽ എന്നീ കക്ഷികൾ ഉൾപ്പെടുന്ന സഖ്യത്തിന്റെ പേര് ചെന്നൈ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന യോഗത്തിന് ശേഷമാണ് പ്രഖ്യാപിച്ചത്.

തങ്ങളുടെ പാർട്ടി ഉയർത്തിപ്പിടിക്കുന്ന മതേതരത്വവും സാമൂഹിക നീതിയും പ്രതിഫലിപ്പിക്കുന്ന പേര് മുഖ്യമന്ത്രി വിജയിന്റെ നിർദ്ദേശപ്രകാരമാണ് അന്തിമമാക്കിയതെന്ന് വിസികെ നേതാവ് എസ്.എസ്. ബാലാജി വ്യക്തമാക്കി. ബിജെപിയെയും ഫാസിസ്റ്റ് ശക്തികളെയും വിട്ടുവീഴ്ചയില്ലാതെ എതിർക്കുക എന്നതാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യം. ടിവികെ, ബിജെപിയോട് മൃദുസമീപനം പുലർത്തുന്നുവെന്ന വിമർശനങ്ങൾക്ക് ഈ നീക്കത്തോടെ കൃത്യമായ മറുപടി ലഭിച്ചതായി വിസികെ നേതാവ് വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പിൽ പുതിയ സഖ്യത്തിന് കീഴിലാകും സ്ഥാനാർത്ഥികൾ മത്സരിക്കുക. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും. വിജയിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന ടിവികെ പ്രവർത്തകരുടെ പ്രചാരണത്തിൽ കോൺഗ്രസ് അതൃപ്തി അറിയിച്ചിരുന്നു. എന്നാൽ, ഉചിതമായ സമയത്ത് സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ടിവികെ പിന്തുണയ്ക്കുമെന്ന് തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ മാണിക്കം ടാഗോർ വ്യക്തമാക്കി. നിലവിൽ ടിവികെയ്ക്ക് ലോക്‌സഭാ എം.പിമാർ ഇല്ലാത്തതിനാലാണ് 'ഇന്‍ഡ്യ' സംഖ്യത്തിന്റെ ഭാഗമാകാത്തതെന്നും, ഭാവിയിൽ എം.പിമാർ തെരഞ്ഞെടുക്കപ്പെടുന്നതോടെ സഖ്യത്തിൽ ചേരുമെന്നും നേതാക്കൾ അറിയിച്ചു.

ഇടതുപക്ഷ പാർട്ടികളായ സിപിഐയും സിപിഎമ്മും യോഗത്തിൽ പങ്കെടുത്തിരുന്നില്ലെങ്കിലും വൈകാതെ സഖ്യത്തിന്റെ ഭാഗമാകുമെന്ന് ടിവികെ മന്ത്രി ആധവ് അർജുന പറഞ്ഞു. സഖ്യത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കോമൺ മിനിമം പ്രോഗ്രാമും സ്റ്റീയറിംഗ് കമ്മിറ്റിയും രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി.

TAGS :

Next Story