ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ ശർജീൽ ഇമാം സുപ്രിംകോടതിയിൽ
2019 ഡിസംബർ 13ന് ശർജീൽ ഇമാം നടത്തിയ പ്രസംഗം ആക്രമണങ്ങൾക്ക് കാരണമായി എന്നാണ് പൊലീസ് വാദം

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ വിദ്യാർഥി നേതാവ് ശർജീൽ ഇമാം സുപ്രിംകോടതിയിൽ ഹരജി നൽകി. ജസ്റ്റിസുമാരായ നവീൻ ചൗള, ഷാലിന്ദർ കൗർ എന്നിവരുടെ ബെഞ്ചാണ് ശർജീൽ ഇമാം, ഉമർ ഖാലിദ്, മുഹമ്മദ് സലീം ഖാൻ, ഷിഫാഉ റഹ്മാൻ, അത്തർ ഖാൻ, മീരാൻ ഹൈദർ, അബ്ദുൽ ഖാലിദ് സൈഫി, ഗുൽഫിഷ ഫാത്തിമ എന്നിവർക്ക് ജാമ്യം നിഷേധിച്ചത്.
ഡൽഹി കലാപസമയത്ത് ശർജീൽ ഇമാം പൊലീസ് കസ്റ്റഡിയിലായിരുന്നു എന്ന വാദം അംഗീകരിക്കാൻ ഡൽഹി ഹൈക്കോടതി തയ്യാറായിരുന്നില്ല. സംഘർഷത്തിനുള്ള പ്രാരംഭ ആസൂത്രണം, ഗ്രൂപ്പുകളുണ്ടാക്കൽ, ആശയപ്രചാരണം, പ്രകോപനം സൃഷ്ടിക്കൽ എന്നിവയെല്ലാം അപ്പോഴേക്കും പൂർത്തിയായിരുന്നു എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കുന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
2019 ഡിസംബർ 13ന് ശർജീൽ ഇമാം നടത്തിയ പ്രസംഗം ആക്രമണങ്ങൾക്ക് കാരണമായി എന്നാണ് പൊലീസ് വാദം. എന്നാൽ ശർജീലിന് എതിരെ ശക്തമായ തെളിവുകളില്ലെന്നും കലാപത്തിന് പ്രേരിപ്പിച്ചുവെന്ന് തെളിയിക്കാൻ ഇത് പര്യാപ്തമല്ല എന്നുമാണ് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നത്. അതേസമയം ദീർഘകാലം ജയിലിൽ കഴിഞ്ഞതും വിചാരണ വൈകുന്നതും ജാമ്യം അനുവദിക്കാൻ മതിയായ കാരണമല്ലെന്നാണ് ജസ്റ്റിസുമാരായ നവീൻ ചൗള, ഷാലിന്ദർ കൗർ എന്നിവർ പറഞ്ഞത്.
Adjust Story Font
16

