ഷർജീൽ ഇമാം ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും
ക്രിയാത്മകമായ ഒരു രാഷ്ട്രീയ മുന്നേറ്റത്തിലൂടെ ഘടനാപരമായ മാറ്റങ്ങളിലൂടെ മാത്രമാണ് ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിൽ ന്യൂനപക്ഷങ്ങൾക്കും ഇതര പിന്നാക്ക വിഭാഗങ്ങൾക്കും അന്തസുള്ള രാഷ്ട്രീയ കർതൃത്വം സ്ഥാപിച്ചെടുക്കാൻ സാധിക്കുകയുള്ളൂ എന്ന് സ്‌ക്രോൾ.കോമിന് നൽകിയ അഭിമുഖത്തിൽ ഷർജീൽ പറഞ്ഞു

Sharjeel Imam | Photo | Twitter
പട്‌ന/ഡൽഹി : സിഎഎ വിരുദ്ധ സമരങ്ങളുടെ പ്രധാന മുഖവും ഷഹീൻ ബാഗ് സമരത്തിന്റെ പ്രധാന ആസൂത്രകനുമായ ഷർജീൽ ഇമാം ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബഹദൂർഗഞ്ച് മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. ജെഎൻയുവിൽ പിഎച്ച്ഡി വിദ്യാർഥിയായിരിക്കെ സിഎഎ സമരത്തിന് നേതൃത്വം നൽകിയതിന് അറസ്റ്റിലായ ഇമാം, ഡൽഹി കലാപത്തിന്റെ ആസൂത്രണം നടത്തി എന്നതടക്കം എട്ട് കേസുകളുടെ പേരിൽ 2020 മുതൽ തിഹാർ ജയിലിലാണ്. അറസ്റ്റിലായത് മുതൽ ഒരിക്കൽ പോലും ജാമ്യം അനുവദിക്കപ്പെടാത്ത അപൂർവം ആളുകളിൽ ഒരാൾ കൂടിയാണ് ഇമാം.
ഐഐടി ബോംബെയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ ഇമാം, സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി ചെയ്ത് കൊണ്ടിരിക്കെയാണ് ചരിത്ര പഠനത്തിനായി ഐൻയുവിലെത്തുന്നത്. പിന്നീട് ബിരുദാന്തര ബിരുദവും, എംഫിലും പൂർത്തിയാക്കി, ബിഹാറിലെ മുസ്‌ലിം വിരുദ്ധ കലാപങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തിക്കൊണ്ടിരിക്കെ തന്നെ, ദേശീയ അന്തർദേശീയ മാധ്യങ്ങളിൽ മുസ്‌ലിം രാഷ്ട്രീയവുമായി ബന്ധപ്പെട്ട എഴുത്തുകളിലൂടെ സജീവമായിരുന്നു. സിഎഎ വിരുദ്ധ സമരക്കാലത്ത് ഷഹീൻ ബാഗിൽ നടത്തിയ സമരവും ഷർജീൽ ഇമാം നടത്തിയ പ്രഭാഷണങ്ങളും രാജ്യത്താകമാനം ശ്രദ്ധ നേടുകയും അതിനെ തുടർന്ന് ഇന്ത്യൻ പീനൽ കോഡ് 1860 പ്രകാരമുള്ള രാജ്യദ്രോഹം, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, ദേശീയോദ്ഗ്രഥനത്തിന് ഹാനികരമായ പ്രസ്താവനകൾ, വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനകൾ എന്നീ കുറ്റങ്ങളും, യുഎപിഎ. നിയമപ്രകാരമുള്ള നിയമവിരുദ്ധ പ്രവർത്തനവും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
ക്രിയാത്മകമായ ഒരു രാഷ്ട്രീയ മുന്നേറ്റത്തിലൂടെ ഘടനാപരമായ മാറ്റങ്ങളിലൂടെ മാത്രമാണ് ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിൽ ന്യൂനപക്ഷങ്ങൾക്കും ഇതര പിന്നാക്ക വിഭാഗങ്ങൾക്കും അന്തസുള്ള രാഷ്ട്രീയ കർതൃത്വം സ്ഥാപിച്ചെടുക്കാൻ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം സ്‌ക്രോൾ.കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഘടനാപരവും ഭരണഘടനാപരവുമായ മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചു തുടങ്ങാതെ ഇന്ത്യൻ മുസ്ലിംകളുടെ രാഷ്ട്രീയ പാർശ്വവൽക്കരണത്തിന് ഒരു പോംവഴിയുമില്ല. തെരഞ്ഞെടുപ്പുകളിലെ ആനുപാതിക പ്രാതിനിധ്യം, (ജാതി വിഭാഗങ്ങൾക്കനുസരിച്ച് ആന്തരികമായി തരംതിരിച്ച) മുസ്ലിം സംവരണം, ഫെഡറലിസം, മതപരമായ വിഷയങ്ങളിൽ ഭൂരിപക്ഷ മേൽനോട്ടത്തിൽ നിന്നുള്ള സ്വയംഭരണം എന്നിവ ഈ വ്യവസ്ഥാപരമായ മാറ്റങ്ങളിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദീർഘകാല അടിസ്ഥാനത്തിലുള്ള ലക്ഷ്യമാണ് ഇവയെല്ലാമെന്നും അതിലേക്ക് ബാക്കിയുള്ള പാർട്ടികൾ കൂടി അണിചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ഷർജീൽ ഇമാം പറഞ്ഞു. ഉദാഹരണത്തിന്, ബഹുജൻ സമാജ് പാർട്ടിക്ക് (ബിഎസ്പി) തെരഞ്ഞെടുപ്പുകളിൽ സ്ഥിരമായി ഏകദേശം 10-12% വോട്ടുകൾ ലഭിക്കാറുണ്ട്, എന്നാൽ ഉത്തർപ്രദേശ് നിയമസഭയിൽ ഒരു സീറ്റ് മാത്രമാണ് നേടാനായത്. ഇതിനു വിപരീതമായി, പല യൂറോപ്യൻ ജനാധിപത്യ രാജ്യങ്ങളിലുമുള്ളതുപോലെ ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തിലായിരുന്നെങ്കിൽ, ഏകദേശം 450 സീറ്റുകളുള്ള യുപി നിയമസഭയിൽ ബിഎസ്പിക്ക് 45 സീറ്റുകൾ ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ഇത് കേവലം ഒരു മുസ്‌ലിം പ്രശ്നത്തിനപ്പുറത്ത്, ഭരണസിരാകേന്ദ്രങ്ങളിൽ നിന്ന് നൂറ്റാണ്ടുകളായി അകറ്റി നിർത്തപ്പെടുന്ന ആദിവാസി - ദലിത് - ഇതര ഭാഷാ വിഭാഗങ്ങൾ അടക്കം എല്ലാവർക്കും അവരുടെ ജനാധിപത്യ അവകാശങ്ങൾ ഉറപ്പ് വരുത്തുന്ന ഒരു ഘടനാപരമായ മാതൃകയാണെന്നും ദീർഘകാല അടിസ്ഥാനത്തിൽ ഇത് ഒരു രാഷ്ട്രീയ അജണ്ടയായി ഏവരും സ്വീകരിച്ച് മുന്നോട്ട് പോവണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ബിഹാറിലെ ഏറ്റവും പിന്നാക്ക പ്രദേശമായ സീമാഞ്ചൽ മേഖലയിലെ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ ഒന്നാണ് ബഹാദൂർ ഗഞ്ച്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് ബദലായി സ്വാതന്ത്രനായാണ് ഇമാം മത്സരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മുഖ്യധാരാ പാർട്ടികളുടെ കൂടെ നിന്ന് മത്സരിക്കാൻ അവസരമുണ്ടായിരുന്നു, എന്നാൽ ഇത്തരം രാഷ്ട്രീയ പാർട്ടികൾ ഘടനാപരമായ മാറ്റങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നില്ലെന്നും അതിലൂടെ മാത്രമേ ന്യൂനപക്ഷ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയുള്ളൂ എന്ന് താൻ ഉറച്ചു വിശ്വസിക്കുന്നത്‌കൊണ്ടും അത്തരത്തിലുള്ള അവസരങ്ങൾ നിരസിക്കുകയായിരുന്നു എന്നും ഷർജീൽ ഇമാം പറഞ്ഞു.
Adjust Story Font
16

