ഞാനും പാർട്ടിയും ഒരേ ദിശയിൽ; പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്ന് ശശി തരൂർ
മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്നും തനിക്ക് തിരുവനന്തപുരത്തെ ജനങ്ങളോടാണ് കടപ്പാടെന്നും അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയെന്നതാണ് തന്റെ ചുമതലയെന്നും തരൂർ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായും കൂടിക്കാഴ്ച നടത്തി ശശി തരൂർ എംപി. പാർലമെന്റിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം തരൂർ പ്രതികരിച്ചു.
രാഹുൽ ഗാന്ധിയുമായി നടന്നത് ക്രിയാത്മക ചർച്ച. രണ്ടുമണിക്കൂർ എല്ലാം തുറന്നു സംസാരിച്ചുവെന്നും താനും പാർട്ടിയും ഒരേ ദിശയിലാണെന്നുമാണ് തരൂർ പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്നും തനിക്ക് തിരുവനന്തപുരത്തെ ജനങ്ങളോടാണ് തനിക്ക് കടപ്പാടെന്നും അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയെന്നതാണ് തന്റെ ചുമതലയെന്നും തരൂർ വ്യക്തമാക്കി.
കേരള നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തരൂരിനെ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഹൈക്കമാൻഡ്. അതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്. കഴിഞ്ഞ ഏപ്രിലിൽ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പ്രധാനമന്ത്രി സ്വീകരിച്ച നടപടികളെ തരൂർ പ്രശംസിച്ചത് കോൺഗ്രസിനകത്ത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. പിന്നാലെ കേന്ദ്ര സർക്കാരിന്റെ പ്രത്യേക പ്രതിനിധി സംഘത്തെ നയിക്കാനുള്ള ബിജെപി ക്ഷണം തരൂർ സ്വീകരിച്ചതും വിഷയം കൂടുതൽ വഷളാക്കി.
കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യുന്ന പ്രധാന യോഗങ്ങളിൽ നിന്നും ശശി തരൂർ വിട്ടു നിന്നത് പാർട്ടി വിടുകയാണെന്ന് അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു. തരൂർ സിപിഎമ്മിൽ ചേരുകയാണെന്ന തരത്തിലടക്കം അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ വാർത്തകൾ സൃഷ്ടിക്കുകയാണെന്ന് പറഞ്ഞ് തരൂർ ഈ വാദം തള്ളിയിരുന്നു.
Adjust Story Font
16

