Quantcast

'ഞാനെന്താ വിജയ് മല്യയോ?' ഇ.ഡി സ്വത്ത് കണ്ടുകെട്ടിയതിനെ കുറിച്ച് സഞ്ജയ് റാവത്ത്

'മഹാരാഷ്ട്ര സർക്കാരിനെ താഴെയിറക്കാൻ സമ്മർദം എന്റെ മേൽ അടിച്ചേൽപ്പിക്കുന്നു. അല്ലാത്തപക്ഷം കേന്ദ്ര അന്വേഷണ ഏജൻസികളെ നേരിടേണ്ടി വരും'

MediaOne Logo

Web Desk

  • Published:

    6 April 2022 5:14 AM GMT

ഞാനെന്താ വിജയ് മല്യയോ? ഇ.ഡി സ്വത്ത് കണ്ടുകെട്ടിയതിനെ കുറിച്ച് സഞ്ജയ് റാവത്ത്
X

തന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ തീരുമാനത്തിനെതിരെ ശിവസേന എംപി സഞ്ജയ് റാവത്ത്. വിജയ് മല്യ, നീരവ് മോദി തുടങ്ങിയ പിടികിട്ടാപ്പുള്ളികളായ വ്യവസായികളെ പോലെയാണോ ഇ.ഡി തന്നെയും കാണുന്നതെന്ന് സഞ്ജയ് റാവത്ത് ചോദിച്ചു.

1,034 കോടി രൂപയുടെ അഴിമതി ആരോപണ കേസിലാണ് സഞ്ജയ് റാവത്തിനെതിരെ ഇ.ഡി നടപടിയെടുത്തത്. ഇ.ഡി കണ്ടുകെട്ടിയ സ്വത്തുക്കളിൽ റാവത്തിന്‍റെ മുംബൈയിലെ അലിബാഗിലെ സ്ഥലവും ദാദറിലെ ഒരു ഫ്ലാറ്റും ഉൾപ്പെടുന്നു.

"ഇത് രാഷ്ട്രീയ പകപോക്കലിന്റെ കാര്യമാണെങ്കിൽ, ഇക്കാര്യം ഞാൻ നേരത്തെ രാജ്യസഭാ ചെയർമാനെ അറിയിച്ചിരുന്നു. മഹാരാഷ്ട്ര സർക്കാരിനെ താഴെയിറക്കാൻ സമ്മർദം എന്റെ മേൽ അടിച്ചേൽപ്പിക്കുന്നു. അല്ലാത്തപക്ഷം കേന്ദ്ര അന്വേഷണ ഏജൻസികളെ നേരിടേണ്ടി വരും. അവർ വീട്ടിൽ വന്ന് എന്നെ ഭീഷണിപ്പെടുത്തി. തുടർന്ന് നടപടി എടുത്തു"- സഞ്ജയ് റാവത്ത് പറഞ്ഞു.

തന്നെ "ചില മുതിർന്ന ബി.ജെ.പി നേതാക്കൾ" ബന്ധപ്പെട്ടെന്നും മറുകണ്ടം ചാടാന്‍ ആവശ്യപ്പെട്ടെന്നും വിസമ്മതിച്ചാൽ വലിയ വില നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയെന്നും സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. വഴങ്ങിയില്ലെങ്കിൽ കേന്ദ്ര ഏജൻസികൾ ശരിപ്പെടുത്തുമെന്നാണ് പറഞ്ഞത്- "ഞങ്ങൾക്ക് ഈ സർക്കാരിനെ എങ്ങനെയും താഴെയിറക്കണം. ഒന്നുകിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തും. അല്ലെങ്കിൽ ഞങ്ങൾ എംഎൽഎമാരെ ഇങ്ങോട്ടുകൊണ്ടുവന്ന് സർക്കാർ രൂപീകരിക്കും"- അദ്ദേഹം പറഞ്ഞു.

"ഞാൻ വിജയ് മല്യയാണോ? ഞാൻ മെഹുൽ ചോക്‌സിയോ? ഞാൻ നീരവ് മോദിയാണോ? അംബാനിയോ അദാനിയോ ആണോ? ഞാൻ താമസിക്കുന്നത് ഒരു ചെറിയ വീട്ടിലാണ്. എന്റെ നാട്ടിൽ എനിക്ക് ഒരു ഏക്കർ ഭൂമി പോലുമില്ല. ഉള്ളതൊക്കെ കഷ്ടപ്പെട്ട് സമ്പാദിച്ചതാണ്. എന്തെങ്കിലും കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നതായി അന്വേഷണ ഏജൻസിക്ക് തോന്നുന്നുണ്ടോ? നിങ്ങൾ എന്നെ ആരുമായാണ് ബന്ധപ്പെടുത്തുന്നത്?"- സഞ്ജയ് റാവത്ത് ചോദിച്ചു.

അവർക്ക് തന്നെ ഭയപ്പെടുത്താൻ കഴിയില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. അവർ സ്വത്ത് പിടിച്ചെടുത്താലും വെടിവെച്ചാലും ജയിലിലേക്ക് അയച്ചാലും... ബാലാസാഹേബ് താക്കറെയുടെ അനുയായിയാണ് താനെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. തന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തവരെ - പൂക്കച്ചവടക്കാരൻ, അലങ്കാരപ്പണിക്കാരൻ, ബ്യൂട്ടീഷ്യൻ തുടങ്ങി തന്റെ തയ്യൽക്കാരനെപ്പോലും ഇ.ഡി ചോദ്യം ചെയ്യുന്നുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

അടുത്ത കാലത്ത് അന്വേഷണ ഏജന്‍സികള്‍ നടപടിയെടുത്ത ശിവസേന നേതാക്കളിലൊരാളാണ് സഞ്ജയ് റാവത്ത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യാസഹോദരന്റെ 6.45 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി മരവിപ്പിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് അറസ്റ്റിലായി. കഴിഞ്ഞ വർഷം നവംബറിലാണ് മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ബിജെപി അധികാരത്തില്‍ ഇല്ലാത്ത എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം നടപടികളുണ്ടാകുന്നുണ്ടെന്ന് മഹാരാഷ്ട്രയിലെ സഖ്യ സർക്കാർ വിമര്‍ശിച്ചു.

Summary- Shiv Sena's Sanjay Raut, furious over the Enforcement Directorate's move to attach his properties in connection with the 1,034 crore Patra Chawl land scam case, today mocked the agency, questioning if they considered him equal to fugitive tycoons like Vijay Mallya and Nirav Modi

TAGS :

Next Story