സമ്മർദങ്ങൾ ഫലം കണ്ടില്ല ; ഉദ്ധവ് വിഭാഗത്തിലെ ആറ് വിമത എംപിമാരുടെ പാർട്ടി വിട്ടുള്ള പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും
ഉദ്ധവ് താക്കറെയുടെ പാർട്ടി വൈകാതെ കോൺഗ്രസിൽ ലയിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും പാർട്ടിയുടെ യഥാർത്ഥ പ്രത്യയശാസ്ത്രത്തിൽ നിന്ന് നേതൃത്വം വ്യതിചലിച്ചു എന്നുമാണ് പാർട്ടി വിടാൻ ഒരുങ്ങുന്ന എംപിമാരുടെ വാദം

- Published:
21 Jun 2026 11:06 AM IST

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന പ്രതിസന്ധിയിലാക്കി വീണ്ടും വൻ പിളർപ്പ് വഴിയൊരുങ്ങുന്നു. പാർട്ടിയുടെ ഒൻപത് ലോക്സഭാ എംപിമാരിൽ ആറ് പേർ ഒരുമിച്ച് പാർട്ടി വിടുന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച ഉണ്ടായേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക ശിവസേനയിൽ ചേരാനാണ് ഇവരുടെ നീക്കം.
കഴിഞ്ഞദിവസം ഡൽഹിയിൽ ഉദ്ധവ് താക്കറെ വിളിച്ചുചേർത്ത പാർലമെന്ററി പാർട്ടി യോഗം ബഹിഷ്‌കരിച്ച ആറ് എംപിമാരാണ് ഇപ്പോൾ പാർട്ടി നേതൃത്വത്തിന് നേരെ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. ഉദ്ധവ് താക്കറെയുടെ പാർട്ടി വൈകാതെ കോൺഗ്രസിൽ ലയിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും പാർട്ടിയുടെ യഥാർത്ഥ പ്രത്യയശാസ്ത്രത്തിൽ നിന്ന് നേതൃത്വം വ്യതിചലിച്ചു എന്നുമാണ് പാർട്ടി വിടാൻ ഒരുങ്ങുന്ന എംപിമാരുടെ വാദം. ഇവർ ഇതിനകം തന്നെ ലോക്സഭാ സ്പീക്കർ ഓം ബിർളയെ കണ്ട് തങ്ങൾക്ക് സഭയിൽ പ്രത്യേക സീറ്റുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്.
സഞ്ജയ് ദിന പാട്ടീൽ, സഞ്ജയ് ദേശ്മുഖ്, സഞ്ജയ് ജാദവ്, ഭാവുസാഹേബ് വാക്ചൗരെ, നാഗേഷ് പാട്ടീൽ അഷ്ടികർ, ഓംപ്രകാശ് രാജെ നിംബാൽക്കർ എന്നീ എംപിമാരാണ് വിമത നീക്കത്തിന് പിന്നിൽ. പാർട്ടി വിപ്പ് ലംഘിച്ചതിന് ഇവർക്കെതിരെ ഉദ്ധവ് പക്ഷം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും അതിനെയെല്ലാം തള്ളിക്കൊണ്ട് ഇന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുമായി വിമതർ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. 2022-ൽ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ നടന്ന വലിയ പിളർപ്പിന് ശേഷം, ലോക്സഭയിലും ഉദ്ധവിന് വൻ തിരിച്ചടി നൽകുന്നതാണ് 'ശിവസേന പിളർപ്പ് 2.0' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പുതിയ രാഷ്ട്രീയ പ്രതിസന്ധി.
Adjust Story Font
16
