പശുവിറച്ചി വിറ്റെന്ന് ആരോപിച്ച് ഗോരക്ഷാ സേനയുടെ മര്‍ദനം; ചമൻകുമാര്‍ ഡല്‍ഹി നഗരം വിട്ടു
ബീഫ് തേടി മലയാളി വിദ്യാർഥികളുടെ താമസ സ്ഥലത്തേക്ക് ഗോരക്ഷാ സേന എത്തുമെന്ന ആശങ്കയുമുണ്ട്

ഡൽഹി: പശുവിറച്ചി വിറ്റെന്ന് ആരോപിച്ചു ഗോരക്ഷസേനാ പ്രവർത്തകർ തല്ലിച്ചതച്ച ചമൻകുമാർ ഡൽഹി നഗരം വിട്ടു . അക്രമികൾക്ക് എതിരെ കേസെടുക്കാതെ, കടക്കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതാണ് പ്രശ്നം വഷളാക്കിയത്. ബീഫ് തേടി മലയാളി വിദ്യാർഥികളുടെ താമസ സ്ഥലത്തേക്ക് ഗോരക്ഷാ സേന എത്തുമെന്ന ആശങ്കയുമുണ്ട്.
ഈ കടയ്ക്ക് ഇരട്ട പൂട്ട് വീണത് കഴിഞ്ഞ ആഴ്ചയാണ് . വിദ്യാർത്ഥികൾ അടക്കം ആശ്രയിച്ചിരുന്ന പലചരക്ക് കടയിൽ, പശുവിറച്ചി വിൽക്കുന്നതായി ആരോപിച്ചു ഗോരക്ഷാ സേന, കുറുവടികളുമായി എത്തിയതോടെയാണ് സമാധാനം നശിച്ചത് . പോത്തിറച്ചിയുടെ അച്ചാർ, പശുവിറച്ചി ആണെന്ന് ആരോപിച്ചായിരുന്നു ആക്രമണം .
കടക്കാരനെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ട് വിദ്യാർഥികൾ തടഞ്ഞു . എസ്എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗമായ ബിഹാർ സ്വദേശിനി സിമ്രാൻ , സുഹൃത്തുക്കളെ വിളിച്ചു വരുത്തി പ്രതിരോധം സൃഷ്ടിച്ചു. നിയമം കൈയിലെടുക്കരുതെന്നും പൊലീസിനെ വിളിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. കടയ്ക്ക് മുന്നിലെ റോഡിൽ ബെഡ്ഷീറ്റ് വിരിച്ചു ഗോരക്ഷാ സേന ഇരുന്നു മുദ്രാവാക്യം തുടങ്ങി.
പ്രതിഷേധത്തിനിടയിൽ മലയാളി വിദ്യാർഥിയുടെ കൈയിലെ സഞ്ചി പരിശോധിക്കണം എന്നായി ഗോരക്ഷാ സേന . പശുവിറച്ചി ആണോ എന്നായിരുന്നു അവരുടെ സംശയം . ഒടുവിൽ മറ്റുവിദ്യാർഥികൾ പരിശോധന തടഞ്ഞു . പശു ആംബുലൻസുമായിട്ടാണ് ഗോരക്ഷാ സേന എത്തിയത് . ആംബുലൻസിലിനുള്ളിൽ പശുവിറച്ചി ആണോ എന്ന് പരിശോധിക്കാനുള്ള സംവിധാനം ഉണ്ടെന്നും ഇവർ പറയുന്നു.
കടക്കാരനായ ചമൻ കുമാറും ഭാര്യയും 2 കുട്ടികളും അടങ്ങുന്ന കുടുംബം ഒടുവിൽ നാട് വിട്ടു. കഴിഞ്ഞ ദിവസം, നേരം പുലരുന്നതിനു മുൻപേ എത്തി വീട്ടുസാധനങ്ങളും എടുത്തു സ്ഥലം വിടുകയായിരുന്നു . മർദനത്തിന്‍റെ ആഘാതം ചമൻകുമാറിനെക്കാൾ അദ്ദേഹത്തിന്‍റെ മക്കളെയാണ് ബാധിച്ചിരിക്കുന്നത് . സ്വസ്ഥമായ ജീവിതത്തിനു ഇടങ്കോലിടുന്ന ഈ അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.ഗോരക്ഷകരെന്ന പേരിൽ എത്തുന്ന സാമൂഹ്യവിരുദ്ധരെ, ഒറ്റക്കെട്ടായി നിലയുറപ്പിച്ചു തോൽപ്പിക്കാമെന്നാണ് മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാര്‍ഥികളുടെ വിശ്വാസം .
Adjust Story Font
16

