Quantcast

എന്റെ വാഹനം കടന്നുപോകാൻ ജനങ്ങളെ തടഞ്ഞിട്ട് ബുദ്ധിമുട്ടിക്കരുത്: സിദ്ധരാമയ്യ

വാഹനങ്ങൾ തടഞ്ഞിടുന്നത് മൂലം ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് ഈ നിർദേശം നൽകുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    22 May 2023 2:18 AM GMT

Siddaramaiah Asks Police To Stop Zero Traffic Rule For Him
X

ബംഗളൂരു: തന്റെ വാഹനം കടന്നുപോകാൻ മറ്റു വാഹനങ്ങൾ തടഞ്ഞിട്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സീറോ ട്രാഫിക് പ്രോട്ടോക്കോൾ ഒഴിവാക്കാൻ ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകിയതായി അദ്ദേഹം ട്വീറ്റ് ചെയ്തു. വാഹനങ്ങൾ തടഞ്ഞിടുന്നത് മൂലം ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് ഈ നിർദേശം നൽകുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

ശനിയാഴ്ചയാണ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ പ്രധാനപ്പെട്ട അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ തത്വത്തിൽ തീരുമാനമെടുത്തിരുന്നു. കുടുംബനാഥരായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ, സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര, ബി.പി.എൽ കുടുംബങ്ങൾക്ക് 10 കിലോ സൗജന്യ അരി, തൊഴിൽരഹിതരായ യുവാക്കൾക്ക് സാമ്പത്തിക സഹായം തുടങ്ങിയ വാഗ്ദാനങ്ങളാണ് നടപ്പാക്കാൻ തീരുമാനിച്ചത്.

എട്ട് മന്ത്രിമാരാണ് ശനിയാഴ്ച സിദ്ധരാമയ്യക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭാ വിപുലീകരണ ചർച്ചകൾ പാർട്ടിയിൽ പുരോഗമിക്കുകയാണ്. 23 മന്ത്രിമാർ പുതുതായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഈ ആഴ്ച അവസാനത്തോടെ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകും.

TAGS :

Next Story