'ബിജെപി കാലത്ത് ബലാത്സംഗങ്ങള്‍ ഉണ്ടായിട്ടില്ലേ?'; സിദ്ധരാമയ്യയുടെ പരാമര്‍ശം വിവാദത്തില്‍
പരാമര്‍ശത്തിനെതിരെ ബിജെപി നേതാക്കളടക്കമുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്

ബെംഗളൂരു: കർണാടകയിലെ ബലാത്സംഗ കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പരാമര്‍ശം വിവാദത്തില്‍. 'ബിജെപിയുടെ ഭരണകാലത്ത് ബലാത്സംഗങ്ങള്‍ ഉണ്ടായിട്ടില്ലേ' എന്നായിരുന്നു സിദ്ധരാമയ്യയുടെ ചോദ്യം. ബെംഗളൂരു കെആര്‍ മാര്‍ക്കറ്റ് പരിസരത്ത് ഈയിടെ 37 കാരി കൂട്ടബലാത്സംഗത്തിനിരയായിരുന്നു. രണ്ടുപേര്‍ ചേര്‍ന്ന് സ്ത്രീയെ ആക്രമിച്ച് പണവും സ്വര്‍ണവും കവരുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ വിവാദ പരാമര്‍ശം.
പരാമര്‍ശത്തിനെതിരെ ബിജെപി നേതാക്കളടക്കമുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്. ''ബലാത്സംഗത്തിന് അദ്ദേഹം എന്ത് ന്യായീകരണമാണ് നല്‍കുന്നത്? സംസ്ഥാനത്ത് കെള്ളയും കൊലയും ആവര്‍ത്തിക്കുകയാണ്. ക്രമസമാധാനം പാടെ തകര്‍ന്നിരിക്കുന്നു'' ബിജെപി എംഎൽഎ അശ്വത് നാരായൺ പറഞ്ഞു. അതേസമയം ബലാത്സംഗക്കേസില്‍ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് രണ്ട് പേരെ അറസ്റ്റ് ചെയ്തപ്പോൾ, പണത്തിന് വേണ്ടി പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതി ആദ്യം സമ്മതിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. എന്നാല്‍ പണത്തെച്ചൊല്ലി ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായതാണ് സാഹചര്യം വഷളാക്കിയതെന്ന് പൊലീസ് പറഞ്ഞു.
“ബലാത്സംഗം ഒരിക്കലും സംഭവിക്കാൻ പാടുള്ളതല്ല. സ്ത്രീകൾ സംരക്ഷിക്കപ്പെടണം, എന്നാൽ സമൂഹത്തിൽ എപ്പോഴും മോശം ഘടകങ്ങൾ ഉണ്ട്. അവർക്കെതിരെ ഞങ്ങൾ ശക്തമായി പ്രവർത്തിക്കും'' സമത്വം, ഐക്യം, സ്ത്രീ ശാക്തീകരണം എന്നിവയുടെ തത്വങ്ങൾ പുനരുജ്ജീവിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും സിദ്ധരാമയ്യ പറഞ്ഞു. അതിനിടെ സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള സർക്കാരിൻ്റെ ശ്രമങ്ങളെ ന്യായീകരിച്ച് ഗ്രാമവികസന, പഞ്ചായത്ത് രാജ് വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ രംഗത്തെത്തി. "സ്ത്രീകൾക്ക് സുരക്ഷിതത്വം നൽകുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അടുത്തിടെ നടത്തിയ ഒരു സർവേ പ്രകാരംജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് ബംഗളൂരു. ഈ കേസിൽ നീതി ഉറപ്പാക്കുകയും വീഴ്ചകൾ പരിഹരിക്കുകയും ചെയ്യും," ഖാർഗെ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

