സാധാരണക്കാരന് വേണ്ടി സംസാരിച്ചതാണോ തെറ്റ്?എന്നെ എന്തിന് നിശബ്ദനാക്കുന്നു? എഎപി നേതൃത്വത്തിനെതിരെ രാഘവ് ചദ്ദ
രാഘവ് ചദ്ദയെ സംസാരിക്കാൻ അനുവദിക്കരുത് എന്ന് ആം ആദ്മി പാർട്ടി രാജ്യസഭയോട് ആവശ്യപ്പെട്ടിരിക്കുകയാണ്

- Published:
3 April 2026 11:31 AM IST

ഡൽഹി: പാർട്ടിയുടെ രാജ്യസഭാ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തതിൽ പ്രതികരണവുമായി ആം ആദ്മി പാർട്ടി രാജ്യസഭാ എംപി രാഘവ് ചദ്ദ. എന്തിനാണ് തന്നെ നിശബ്ദനാക്കുന്നതെന്ന് എക്സിൽ പങ്കുവച്ച വീഡിയോയിൽ അദ്ദേഹം ചോദിച്ചു.
“രാഘവ് ചദ്ദയെ സംസാരിക്കാൻ അനുവദിക്കരുത് എന്ന് ആം ആദ്മി പാർട്ടി രാജ്യസഭയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ എന്തുകൊണ്ട്? ഞാൻ എപ്പോഴും സാധാരണക്കാരന് വേണ്ടിയാണ് സംസാരിച്ചിട്ടുള്ളത്. വിമാനത്താവളങ്ങളിലെ ഭക്ഷണസാധനങ്ങളുടെ അമിതവില, ടെലികോം കമ്പനികളുടെ കൊള്ളലാഭം, ടോൾ പ്ലാസകളിലെയും ബാങ്കുകളിലെയും പകൽക്കൊള്ള, ഗിഗ് തൊഴിലാളികളുടെ പ്രശ്നങ്ങൾ തുടങ്ങി ഒട്ടനവധി വിഷയങ്ങൾ ഞാൻ സഭയിൽ ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയങ്ങൾ ഉന്നയിച്ചതിലൂടെ സാധാരണക്കാർക്ക് ഗുണമാണ് ഉണ്ടായത്. എന്നാൽ എഎപിക്ക് ഇതിലൂടെ എന്ത് നഷ്ടമാണ് സംഭവിച്ചത്? എന്തുകൊണ്ടാണ് എന്നെ നിശബ്ദനാക്കുന്നത്?” അദ്ദേഹം ചോദിച്ചു.
രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്നും രാഘവ് ചദ്ദയെ മാറ്റി അശോക് മിത്തലിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി രാജ്യസഭാ സെക്രട്ടേറിയറ്റിന് കത്ത് നൽകിയതിന് പിന്നാലെയാണ് ചദ്ദയുടെ പ്രതികരണം. എന്നാൽ, എംപി എന്ന നിലയിൽ ചദ്ദയുടെ സംസാരിക്കാനുള്ള സമയം വെട്ടിക്കുറയ്ക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് എഎപി വൃത്തങ്ങൾ 'ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട്' വ്യക്തമാക്കി. നിലവിൽ ചദ്ദയ്‌ക്കെതിരെ സസ്‌പെൻഷൻ നടപടികളൊന്നും ഉണ്ടാകാൻ സാധ്യതയില്ലെന്നും എഎപിയുടെ 10 രാജ്യസഭാ എംപിമാരിൽ ഒരാളായി അദ്ദേഹം തുടരുമെന്നുമാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
കുറച്ചുകാലമായി എഎപി നേതൃത്വവുമായി അത്ര നല്ല ബന്ധത്തിലല്ല ചദ്ദ. ഒരു കാലത്ത് മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഏറ്റവും അടുത്ത അനുയായിയായി കണക്കാക്കപ്പെട്ടിരുന്ന ചദ്ദയെ, വരാനിരിക്കുന്ന കേരളം, തമിഴ്‌നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള എഎപിയുടെ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് കഴിഞ്ഞ ആഴ്ച ഒഴിവാക്കിയിരുന്നു.
പാർട്ടി കാര്യങ്ങളിൽ നിന്നുള്ള അദ്ദേഹത്തിന്റെ നീണ്ട വിട്ടുനിൽക്കലും, പാർട്ടിയെ സംബന്ധിച്ച് സുപ്രധാനമെന്ന് കരുതുന്ന വിഷയങ്ങളിലെ മൗനവുമാണ് ഈ നടപടികളിലേക്ക് നയിച്ചത്. കെജ്‌രിവാളിന്‍റെ നേതൃത്വത്തിൽ നടന്ന പല പൊതുപരിപാടികളിലും അദ്ദേഹം അടുത്തിടെ പങ്കെടുത്തിരുന്നില്ല. ഈ തീരുമാനത്തിന് പിന്നിൽ പെട്ടെന്നുണ്ടായ ഒരു കാരണം മാത്രമല്ല ഉള്ളതെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.
Adjust Story Font
16
