ഡൽഹി ദുരന്തത്തിന് കാരണം ട്രെയിനുകളുടെ പേരിലെ സാമ്യം; യാത്രക്കാർ ആശയക്കുഴപ്പത്തിലായെന്ന് ഡൽഹി പൊലീസ്
'പ്രയാഗ് രാജ് വഴിയുള്ള മൂന്ന് ട്രെയിനുകള്‍ വൈകിയത് അപകടത്തിന് ആഴം കൂട്ടി'

ന്യൂ ഡൽഹി: ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിനും കാരണമായത് ട്രെയിനുകളുടെ പേരിലെ സാമ്യമെന്ന് ഡൽഹി പൊലീസ്. യാത്രക്കാർ ആശയകുഴപ്പത്തിലായതാണ് വലിയ തിരക്കുണ്ടാകാനും 18 പേർ മരിക്കാനും കാരണമായത്. പ്രയാഗ് രാജ് വഴിയുള്ള മൂന്ന് ട്രെയിനുകള്‍ വൈകിയത് അപകടത്തിന് ആഴം കൂട്ടിയെന്നും പൊലീസ് വ്യക്തമാക്കി.
"പ്രയാഗ് രാജ് എക്സ്പ്രസും പ്രയാഗ് രാജ് സ്‌പെഷൽ ട്രെയിനും സംബന്ധിച്ച അറിയിപ്പ് ആശയക്കുഴപ്പമുണ്ടാക്കി. എക്സ്പ്രസ് 14-ാം പ്ലാറ്റ്‌ഫോമില്‍ നിർത്തിയിട്ടിരിക്കെ, സ്‌പെഷൽ ട്രെയിൻ 16–ാം പ്ലാറ്റ്‌ഫോമിലേക്ക് വരുന്നുവെന്ന് അറിയിപ്പ് നല്‍കി. യാത്രക്കാര്‍ കൂട്ടമായി 16 –ാം പ്ലാറ്റ്‌ഫോമിലെത്താന്‍ ശ്രമിച്ചതോടെ തിക്കും തിരക്കുമായി," ഡൽഹി പൊലീസ് പറഞ്ഞു.
കുംഭമേളക്കായി പ്രയാഗ് രാജിലേക്ക് പോകാനായി ആളുകൾ കൂട്ടത്തോടെ എത്തിയപ്പോഴാണ് ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ അസാധാരണ തിരക്കുണ്ടായത്. പ്രയാഗ് രാജിലേക്കുള്ള ട്രെയിൻ വരുന്ന 14,15 പ്ലാറ്റ്ഫോമുകളിലാണ് ആൾക്കൂട്ടം തിങ്ങിക്കൂടിയത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം ഉണ്ടായത്.
12ാം നമ്പർ പ്ലാറ്റ്ഫോമുകളിൽ വരേണ്ടിയിരുന്ന ട്രെയിൻ അവസാന നിമിഷം പ്ലാറ്റ്ഫോം മാറ്റിയതും, മൂന്ന് ട്രെയിനുകൾ വൈകിയതുമാണ് അപകടത്തിന് വഴി വെച്ചത്. കുട്ടികളും സ്ത്രീകളും അടക്കം 18 പേരാണ് അപകടത്തിൽ മരിച്ചത്.
അതേസമയം, കുംഭമേള അർഥമില്ലാത്തതാണെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് പറഞ്ഞു. ഡൽഹിയിലെ തിക്കും തിരക്കുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നതിനിടെയാണ് വിവാദ പരാമർശം.
Adjust Story Font
16

