Quantcast

മുസ്‌ലിം മത സ്ഥാപനങ്ങൾക്ക് മേലുള്ള കടന്നുകയറ്റം നിയമവിധേയമാക്കുന്ന വഖഫ് ഭേദഗതി ബില്ലിനെ തുറന്നെതിർക്കുക : എസ്ഐഒ

ഇത് കേവലമൊരു നിയമഭേദഗതിയല്ല, അതിലുപരി വഖഫ് സ്വത്തുക്കൾക്കും, മുസ്‌ലിം അസ്തിത്വത്തിനും, സ്വയം നിർണയാധികാരത്തിനുള്ള അവകാശങ്ങൾക്കും നേരെയുള്ള യുദ്ധപ്രഖ്യാപനമാണെന്ന് എസ്ഐഒ ദേശീയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    4 April 2025 3:39 PM IST

SIO Against waqf amendment bill
X

ന്യൂഡൽഹി: മുസ്‌ലിം സമുദായത്തിന്റെ മതപരവും ജീവകാരുണ്യ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള സംഘ്പരിവാർ ഭരണകൂടത്തിന്റെ തുറന്ന ആക്രമണമാണ് വഖഫ് ബില്ലെന്നും ഈ അനീതിയെ തുറന്നെതിർക്കണമെന്നും എസ്ഐഒ. വഖഫിന് സമാനമായി മറ്റു മതവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സംവിധാനങ്ങളെ തൊടുക പോലും ചെയ്യാതെ മുസ്‌ലിംകളെ മാത്രം ലക്ഷ്യംവെക്കുന്ന ഈ ബിൽ, നൂറ്റാണ്ടുകളായി മുസ്‌ലിം സമുദായം അനുഭവിച്ചുപോരുന്ന അവകാശങ്ങളെ ഇല്ലായ്‌മ ചെയ്യാനുള്ള ശ്രമം മാത്രമാണ്. വഖഫ് സ്വത്തുക്കൾക്കു നേരെയുള്ള ആസൂത്രിതമായ ആക്രമണം സംഘ്പരിവാർ ഭരണകൂടത്തിൽ ആഴത്തിൽ വേരോടിയിട്ടുള്ള മുസ്‌ലിം വിരുദ്ധ മുൻവിധിയെ വെളിവാക്കുന്നുവെന്ന് മാത്രമല്ല, ഭരണഘടനയുടെ 26-ാം വകുപ്പിന്റെ ലംഘനം കൂടിയാണ്. ബില്ലിനെതിരെ നേരെത്തെ ലക്ഷക്കണക്കിനാളുകൾ ഉയർത്തിയ എതിർപ്പുകളെ അവഗണിച്ചും അന്യായമായ നിയമനിർമാണ നടപടികളിലൂടെയും ചുട്ടെടുത്ത ഈ ബിൽ, പരിഷ്കരണത്തിന്റെ പേരിൽ മുസ്‌ലിം മതസ്ഥാപനങ്ങളെ തുടച്ചു നീക്കുകയെന്നത് ഭരണകൂടത്തിന്റെ ലക്ഷ്യമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു.

ഇത് കേവലമൊരു നിയമഭേദഗതിയല്ല, അതിലുപരി വഖഫ് സ്വത്തുക്കൾക്കും, മുസ്‌ലിം അസ്തിത്വത്തിനും, സ്വയം നിർണയാധികാരത്തിനുള്ള അവകാശങ്ങൾക്കും നേരെയുള്ള യുദ്ധപ്രഖ്യാപനമാണ്. വഖഫുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതികളും വഖഫ് സ്വത്തുക്കളുടെ അന്യായമായ കയ്യേറ്റങ്ങളും തടയാനുള്ള നിയമമെന്ന പേരിൽ വഖഫ് സ്വത്തുക്കൾക്കു മേലുള്ള വ്യവസ്ഥാപിതമായ ഭരണകൂട നിയന്ത്രണത്തെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ബിൽ ചെയ്യുന്നത്. വ്യക്തമായ ഈ അനീതി നടപ്പിലാക്കിയ വഞ്ചകർക്കും അതിനു കൂട്ടുനിന്നവർക്കും ചരിത്രം മാപ്പ് നൽകില്ല. മുസ്‌ലിംകളുടെ മതപരവും ചരിത്രപരവുമായ അവകാശങ്ങൾ പുനഃസ്ഥാപിക്കപ്പെടാതെ നീതിക്കായുള്ള ഈ പോരാട്ടം അവസാനിക്കില്ലെന്നും എസ്ഐഒ വ്യക്തമാക്കി.

TAGS :

Next Story