ബംഗാളിലെ എസ്‌ഐആർ തൃണമൂലിനെ അട്ടിമറിക്കാൻ, അമിത് ഷായുടെ തന്ത്രം ഇവിടെ ചെലവാകില്ല: മമത ബാനർജി
''എസ്ഐആറിലൂടെ ബിജെപി സ്വന്തം ശവക്കുഴി തോണ്ടുകയാണ്. അവർക്ക് ബംഗാളിനെ കീഴടക്കാൻ കഴിയില്ല''

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ എസ്ഐആര്‍ തൃണമൂൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സമർത്ഥമായ തന്ത്രമാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. എന്നാല്‍ അത്തരം പദ്ധതികൾ ഇവിടെ വിജയിക്കില്ലെന്നും മമത വ്യക്തമാക്കി.
വടക്കൻ ബംഗാളിലെ അതിർത്തി ജില്ലയായ മാൾഡയിൽ എസ്‌ഐആറിനെതിരെ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അമിത് ഷായ്ക്കെതിരെ മമത രംഗത്ത് എത്തിയത്. '' എസ്ഐആറിലൂടെ ബിജെപി സ്വന്തം ശവക്കുഴി തോണ്ടുകയാണ്. അവർക്ക് ബംഗാളിനെ കീഴടക്കാൻ കഴിയില്ല. ബംഗാളിലെ ജനങ്ങൾ ഒരിക്കലും നിങ്ങളെ പിന്തുണയ്ക്കില്ല. ബംഗാൾ, ബീഹാറിൽ നിന്ന് വ്യത്യസ്തമാണ്''- മമത പറഞ്ഞു.
ബംഗാളിൽ എസ്‌ഐആർ നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിടുക്കത്തിലുള്ള തീരുമാനം ആളുകളെ ഭയപ്പെടുത്തിയിട്ടുണ്ടെന്ന് മമത വ്യക്തമാക്കി.
''ഞങ്ങൾ എസ്ഐആറിനോ സെൻസസിനോ എതിരാണെന്ന് പറഞ്ഞിട്ടില്ല. പക്ഷേ അതിന് സമയം ആവശ്യമാണ്. നിങ്ങൾ ജന്മിമാരെപ്പോലെയാണ് പെരുമാറുന്നത്. ബംഗാളിൽ, എസ്‌ഐആർ മൂലം 39 പേർക്ക് ജീവൻ നഷ്ടപ്പെട്ടു, 13 പേർ ആശുപത്രികളിൽ മരണത്തോട് മല്ലിടുന്നു, മൂന്ന് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എസ്‌ഐആറിന് എന്തിനാണ് ഇത്ര തിടുക്കം?''- മമത ചോദിച്ചു.
സംസ്ഥാന സർക്കാരിനെ തളര്‍ത്താനും തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വികസന പദ്ധതി താളം തെറ്റിക്കാനുമാണ് ബിജെപി ശ്രമിക്കുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു. അതേസമയം ബംഗാളിൽ പിടിമുറുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബംഗാളിലെ ബിജെപി എംപിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തി.
Adjust Story Font
16

