'എസ്ഐആര്‍ ന്യൂനപക്ഷങ്ങളുടെ അവകാശം നിഷേധിക്കുന്നു'; ഇന്ത്യക്ക് കത്തെഴുതി യുഎന്‍
മുസ്‌ലിംകള്‍, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ വോട്ടവകാശം നഷ്ടപ്പെടാനും പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയരാനും എസ്ഐആര്‍ കാരണമായതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് കത്തില്‍ പറയുന്നു

- Published:
10 July 2026 4:39 PM IST

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് തീവ്ര പരിഷ്‌കരണത്തിലൂടെ (എസ്‌ഐആര്‍) ലക്ഷക്കണക്കിന് പേരെ ഒഴിവാക്കിയെന്ന പരാതിയില്‍ ഇന്ത്യയോട് വിശദീകരണം തേടി ഐക്യരാഷ്ട്രസഭ. ഐക്യരാഷ്ട്രസഭയുടെ ന്യൂനപക്ഷ വിഭാഗങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നീ വിഷയങ്ങളിലെ പ്രത്യേക ദൂതന്‍മാര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന് കത്തയച്ചത്. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ന്യൂനപക്ഷ വിഭാഗങ്ങളെ സാരമായി ബാധിച്ചുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കിയ എസ്‌ഐആറിലൂടെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 5.2 കോടി പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയെന്നാണ് ലഭിച്ച വിവരമെന്ന് കത്തില്‍ പറയുന്നു. പശ്ചിമ ബംഗാളില്‍ മാത്രം 91 ലക്ഷം പേരുടെ പേരുകള്‍ ഒഴിവാക്കിയതായും, മതിയായ തിരിച്ചറിയല്‍ രേഖകളുണ്ടായിരുന്നിട്ടും നിരവധി പേര്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടതായി പരാതിയുണ്ടെന്നും യുഎന്‍ ദൂതര്‍മാര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മുസ്‌ലിം വോട്ടര്‍മാരെയാണ് നടപടി സാരമായി ബാധിച്ചതെന്ന് പശ്ചിമ ബംഗാളിലെ നന്ദിഗ്രാം മണ്ഡലം ഉദാഹരണമാക്കി കത്തില്‍ പറയുന്നു. നന്ദിഗ്രാമില്‍ എസ്‌ഐആറിലൂടെ ഒഴിവാക്കപ്പെട്ട വോട്ടര്‍മാരില്‍ 95 ശതമാനവും മുസ്‌ലിംകളാണ്. എന്നാല്‍, ആ മണ്ഡലത്തിലെ ആകെ വോട്ടര്‍മാരില്‍ മുസ്‌ലിംകള്‍ വെറും 25 ശതമാനം മാത്രമാണ്. നന്ദിഗ്രാമില്‍ എസ്‌ഐആര്‍ ബാധിക്കപ്പെട്ടവരില്‍ പുരുഷന്മാരും സ്ത്രീകളും വയോധികരുമുള്‍പ്പെടെ സാധുവായ തിരിച്ചറിയല്‍ രേഖകളുള്ള ഇന്ത്യന്‍ പൗരന്മാരാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും സുപ്രിംകോടതിയെയും സമീപിച്ചെങ്കിലും എസ്‌ഐആര്‍ നടപടികള്‍ക്ക് സ്റ്റേ അനുവദിച്ചില്ല.
രേഖകളിലെ ചെറിയ അക്ഷരപ്പിശകുകളോ പേരിലെ ചെറിയ വ്യത്യാസങ്ങളോ പോലും വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ ഒഴിവാക്കാനുള്ള കാരണമായി ഉപയോഗിച്ചെന്നാണ് ആരോപണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ചെറിയ വ്യത്യാസങ്ങള്‍ ഇന്ത്യയില്‍ സാധാരണമാണ്. എസ്‌ഐആറിന്റെ ഭാഗമായി ബിഹാറില്‍ നടന്ന സമാനമായ നടപടിയും മുസ്‌ലിംകള്‍, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ വോട്ടവകാശം നഷ്ടപ്പെടാനും പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയരാനും കാരണമായതായി റിപ്പോര്‍ട്ടുകളുണ്ടെന്നും കത്തില്‍ പറയുന്നു.
വോട്ടര്‍ പട്ടികയിലെ 'ക്രമക്കേടുകള്‍' കണ്ടെത്താന്‍ എഐ സംവിധാനങ്ങള്‍ ഉപയോഗിച്ചെന്ന റിപ്പോര്‍ട്ടുകളും ആശങ്കയുണ്ടാക്കുന്നതാണെന്ന് കത്തില്‍ പറയുന്നു. ഇത്തരം സംവിധാനങ്ങളുടെ സുതാര്യത, തെറ്റുണ്ടാകാനുള്ള സാധ്യത, പക്ഷപാത സാധ്യത എന്നിവ പരിശോധിക്കേണ്ടതുണ്ടെന്നും ഇതുമൂലം അര്‍ഹരായ വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കാമെന്നും ദൂതന്‍മാര്‍ അഭിപ്രായപ്പെടുന്നു.
ആരോപണങ്ങളുടെ കൃത്യത സംബന്ധിച്ച് മുന്‍വിധിയോടെ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും, എസ്‌ഐറിന്റെ ഭാഗമായി ആവര്‍ത്തിച്ച് ഉയര്‍ന്ന ആശങ്കകളുടെ പശ്ചാത്തലത്തില്‍, മേല്‍പ്പറഞ്ഞ ആരോപണങ്ങള്‍ നിരവധി മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനങ്ങളായി മാറാന്‍ സാധ്യതയുണ്ടെന്ന കാര്യത്തില്‍ ഞങ്ങള്‍ ആശങ്കപ്പെടുന്നു. എസ്‌ഐആര്‍ നടപ്പാക്കിയ രീതിയെക്കുറിച്ചാണ് ഞങ്ങളുടെ പ്രധാന ആശങ്ക. വോട്ടര്‍ പട്ടികയില്‍ നിന്ന് ലക്ഷക്കണക്കിന് പേരെ ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടുകള്‍, പ്രത്യേകിച്ച് മുസ്‌ലിംകളും ബംഗാളി വംശജരും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കാമെന്നാണ് സൂചന -കത്തില്‍ പറയുന്നു.
ഒരു മതവിഭാഗത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് നീക്കം ചെയ്യുന്നുവെന്ന രീതിയില്‍ തിരഞ്ഞെടുപ്പ് നടപടികളെ അവതരിപ്പിക്കുന്നത് മുസ്‌ലിം പൗരന്മാര്‍ക്കെതിരായ വിവേചനപരമായ സമീപനത്തിന് ഔദ്യോഗിക അംഗീകാരം നല്‍കുന്നതിന് തുല്യമാകാമെന്ന ആശങ്കയും ഞങ്ങള്‍ക്കുണ്ട്. മതന്യൂനപക്ഷങ്ങളെ രാഷ്ട്രീയമായി ലക്ഷ്യമിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതായും ഇത് വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇത് ഇന്ത്യ അംഗീകരിച്ചിട്ടുള്ള വംശീയ വിവേചനം ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെയും 1992ലെ ന്യൂനപക്ഷാവകാശ പ്രഖ്യാപനത്തിന്റെയും ആത്മാവിന് വിരുദ്ധമാണ് -കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കിയതിന്റെ കൃത്യമായ കണക്ക്, കാരണം, അപ്പീലുകളുടെ എണ്ണം, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ വിവേചനം ഒഴിവാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവ ഉള്‍പ്പെടെ ഏഴ് വിഷയങ്ങളില്‍ ഇന്ത്യയോട് വിശദമായ മറുപടി നല്‍കാന്‍ യുഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതികളില്‍ അന്വേഷണം നടത്തി മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദികള്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ന്യൂനപക്ഷ വിഷയങ്ങളിലെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൂതന്‍ നിക്കോളാസ് ലെവ്രാത്, അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണ വിഷയങ്ങളിലെ പ്രത്യേക ദൂതന്‍ ഐറീന്‍ ഖാന്‍, മതസ്വാതന്ത്ര്യത്തെയും വിശ്വാസസ്വാതന്ത്ര്യത്തെയും സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൂതന്‍ നസീല ഘനേയ എന്നിവര്‍ ചേര്‍ന്നാണ് ഇക്കഴിഞ്ഞ മേയ് ഒന്നിന് ഇന്ത്യക്ക് കത്ത് നല്‍കിയത്.
Adjust Story Font
16
