എസ്ഐആർ; ബംഗാളിൽ അന്തിമ വോട്ടർപട്ടികയിൽ നിന്ന് പുറത്തായത് 90 ലക്ഷത്തിലേറെ വോട്ടർമാർ
മുസ്‍ലിം ഭൂരിപക്ഷ ജില്ലയായ മുർഷിദാബാദിലാണ് ഏറ്റവും കൂടുതൽ പേർ പുറത്തായത്

ന്യൂഡൽഹി: ബംഗാളിൽ അന്തിമ വോട്ടർ പട്ടികയിൽനിന്ന് പുറത്തായത് 90 ലക്ഷത്തിലേറെ വോട്ടർമാർ. മുസ്‍ലിം ഭൂരിപക്ഷ ജില്ലയായ മുർഷിദാബാദിലാണ് ഏറ്റവും കൂടുതൽ പേർ പുറത്തായത്. ബംഗാൾ പിടിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾക്ക് വോട്ടർപട്ടിക കരുവാക്കുന്നുവെന്ന മമത ബാനർജിയുടെ ആരോപണങ്ങൾ സാധൂകരിക്കുന്നതാണ് എസ്ഐആറിനുശേഷമുള്ള ഞെട്ടിക്കുന്ന കണക്കുകൾ.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാന പട്ടിക പുറത്തുവിട്ടപ്പോഴാണ് 90 ലക്ഷത്തിലേറെ വോട്ടർമാർ ഒറ്റയടിക്ക് പുറത്തായത്. മുർഷിദാബാദിൽ മാത്രം ജുഡീഷ്യൽ പരിശോധനക്ക് വിധേയമായ 11,01,145 പേരിൽ 4,55,137 പേരാണ് നീക്കം ചെയ്യപ്പെട്ടത്. സൗത്ത് 24 പർഗാനാസ് ജില്ലയിൽ 2.23 ലക്ഷത്തോളവും, മാൾഡയിൽ 2.39 ലക്ഷത്തിലധികവും, പൂർബ ബർധമാൻ ജില്ലയിൽ 2.09 ലക്ഷവും, നാദിയയിൽ 2.98 ലക്ഷവും ഒഴിവാക്കപ്പെട്ടുവെന്നാണ് കമ്മീഷൻ ഡാറ്റ വ്യക്തമാക്കുന്നത്. ഹിന്ദു നാമശൂദ്ര, മതുവ സമുദായങ്ങൾ കൂടുതലുള്ള നാദിയ, നോർത്ത് 24 പർഗാനാസ് ജില്ലകളിൽ സൂക്ഷ്മ പരിശോധനക്കുശേഷമുള്ള പുറത്താക്കലുകൾ യഥാക്രമം 77.86 ശതമാനവും 55.08 ശതമാനവുമാണ്.
ചരിത്രത്തിലാദ്യമായി ജില്ല തിരിച്ച് വോട്ടർമാർ വോട്ടു ചെയ്യാൻ യോഗ്യരാണോ അല്ലയോ എന്ന് രേഖപ്പെടുത്തിയ റിപ്പോർട്ടാണ് കമ്മീഷൻ പുറത്തുവിട്ടത്. മുഖ്യമന്ത്രി മമത ബാനർജിയുടെ ഭബാനിപുർ മണ്ഡലം ഉൾപ്പെടുന്ന കൊൽക്കത്ത സൗത്തിൽ 28,000ത്തിലധികം വോട്ടർമാരെ ഇല്ലാതാക്കി. കൊൽക്കത്ത നോർത്തിൽ പരിശോധനക്ക് വിധേയമായ 39,000 വോട്ടർമാരെ അയോഗ്യരെന്ന് കണ്ട് നീക്കി.
വിഷയത്തിൽ ടിഎംസി ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. രാവിലെ പത്ത് മണിക്കാണ് ടിഎംസി എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷനറെ കാണുക.
Adjust Story Font
16

