Quantcast

ധർമസ്ഥല കേസിൽ സുജാത ഭട്ടിനെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്തു

സുജാത ഭട്ട് വലിയ സമ്മർദത്തിലാണെന്നും തുടർച്ചയായ ചോദ്യം ചെയ്യലിൽ ബുദ്ധിമുട്ടുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    29 Aug 2025 9:08 PM IST

SIT questions Sujatha Bhatt again in Dharmasthala case
X

മംഗളൂരു: ധർമസ്ഥല കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പരാതിക്കാരിലൊരാളായ സുജാത ഭട്ടിനെ വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്തു. നേരത്തെ ഇവരെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. മണിപ്പാൽ മെഡിക്കൽ കോളജിൽ എംബിബിഎസ് വിദ്യാർഥിയായിരിക്കെ 2003-ൽ തന്റെ മകൾ ധർമസ്ഥല ക്ഷേത്രപരിസരത്ത് നിന്ന് അപ്രത്യക്ഷയായെന്ന് നേരത്തെ ആരോപിച്ച സുജാത ഭട്ട്, ചോദ്യം ചെയ്യലിൽ പരാതി പിൻവലിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അവർ വലിയ സമ്മർദത്തിലാണെന്നും തുടർച്ചയായ ചോദ്യം ചെയ്യലിൽ ബുദ്ധിമുട്ടുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

വെള്ളിയാഴ്ചത്തെ മൊഴികൾ അവരുടെ മുൻ അവകാശവാദങ്ങൾക്ക് വിരുദ്ധമാണെന്ന് എസ്ഐടി ഉദ്യോഗസ്ഥർ പറഞ്ഞു. തന്റെ മകളുടെ തിരോധാനം വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് സുജാത നേരത്തെ അവകാശപ്പെട്ടിരുന്നെങ്കിലും അതിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന ചില വ്യക്തികളുടെ പേരുകൾ വെള്ളിയാഴ്ച അവർ വെളിപ്പെടുത്തി. വെളിപ്പെടുത്തലുകൾ പരിശോധിച്ചു വരികയാണെന്ന് എസ്ഐടി ഉദ്യോഗസ്ഥർ പറഞ്ഞു.

കാണാതായ പെൺകുട്ടിയുടെ കഥ കെട്ടിച്ചമച്ചതാണെന്ന ആരോപണത്തെ തുടർന്ന് കേസ് വ്യാപകമായ ശ്രദ്ധ ആകർഷിച്ചിരുന്നു. സുജാതയുടെ അവകാശവാദങ്ങൾ പരിശോധിക്കുന്നതിലും പരാതി സാധൂകരിക്കുന്നതിനുള്ള തെളിവുകൾ കണ്ടെത്തുന്നതിലും എസ്ഐടി ശ്രമം നടത്തിയിരുന്നു. സുജാത ഔദ്യോഗികമായി പരാതി പിൻവലിച്ചാലും ഗുരുതരമായ ആരോപണങ്ങൾ ഉൾപ്പെട്ടിരിക്കുന്നതിനാലും നിയമനടപടി ആരംഭിച്ചതുകൊണ്ടും എസ്ഐടി അന്വേഷണം തുടരുമെന്ന് നിയമ വിദഗ്ധർ പറഞ്ഞു. രാഷ്ട്രീയ കോളിളക്കങ്ങൾക്കും പൊതുചർച്ചകൾക്കും കാരണമായ കേസ് ഇപ്പോഴും സൂക്ഷ്മ നിരീക്ഷണത്തിലാണ്. വരും ആഴ്ചകളിൽ എസ്ഐടി ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

TAGS :

Next Story