'പ്രവർത്തകരില്ല, ഓഫീസില്ല, വോട്ട് ബാങ്കില്ല'; ഗുജറാത്ത് ആസ്ഥാനമായ ആറ് പേപ്പർ പാർട്ടികൾക്ക് സംഭാവനയായി ലഭിച്ചത് കോടികൾ
തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ദേശീയ-സംസ്ഥാന തലത്തിൽ അംഗീകാരം ലഭിക്കാത്ത ഇത്തരം പാർട്ടികളെ 'രജിസ്റ്റേർഡ് അൺറെകഗ്നൈസ്ഡ് പൊളിറ്റിക്കൽ പാർട്ടീസ്' എന്നാണ് വിളിക്കുന്നത്

- Published:
5 Sept 2026 10:25 AM IST

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കാര്യമായ സാന്നിധ്യമില്ലെങ്കിലും കോടിക്കണക്കിന് രൂപയുടെ സംഭാവന ലഭിക്കുന്ന രാഷ്ട്രീയ പാർട്ടികളെക്കുറിച്ച് അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് ബിബിസി. 2023-24 സാമ്പത്തിക വർഷത്തിൽ 100 കോടിയിലധികം രൂപ സംഭാവനയായി ലഭിച്ച ആറ് രാഷ്ട്രീയ പാർട്ടികളെയാണ് ബിബിസി ഏകദേശം രണ്ട് മാസത്തെ അന്വേഷണത്തിൽ പരിശോധിച്ചത്. ഇവയിൽ പലതും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വളരെ കുറച്ച് സ്ഥാനാർഥികളെ മാത്രമാണ് മത്സരിപ്പിച്ചത്.
ഇന്ത്യയിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ദേശീയ-സംസ്ഥാന തലത്തിൽ അംഗീകാരം ലഭിക്കാത്ത ഇത്തരം പാർട്ടികളെ 'രജിസ്റ്റേർഡ് അൺറെകഗ്നൈസ്ഡ് പൊളിറ്റിക്കൽ പാർട്ടീസ്' എന്നാണ് വിളിക്കുന്നത്. ആം ജനമത് പാർട്ടി, സത്യവാദി രക്ഷക് പാർട്ടി, ഗരീബ് കല്യാൺ പാർട്ടി, രാഷ്ട്രവാദി കോൺഗ്രസ് പാർട്ടി-ആസാദ്, ബഹുജൻ ദ്രാവിഡ് പാർട്ടി, ജനസ്വരാജ് പാർട്ടി എന്നീ ആറ് പാർട്ടികൾ 2023-24 കാലയളവിൽ വൻതോതിൽ സംഭാവന സ്വീകരിച്ചതായാണ് ബിബിസി റിപ്പോർട്ട് പറയുന്നത്.
330 കോടി ലഭിച്ച പാർട്ടിക്ക് ഒരു സ്ഥാനാർഥി മാത്രം
ഗുജറാത്തിലെ ആനന്ദ് നഗരത്തിലുള്ള സത്യവാദി രക്ഷക് പാർട്ടിയുടെ രജിസ്റ്റർ ചെയ്ത ഓഫീസ് ബിബിസി സംഘം സന്ദർശിച്ചപ്പോൾ അടഞ്ഞുകിടക്കുകയായിരുന്നു. ഓഫീസിന് പുറത്ത് പാർട്ടിയുടെ പ്രവർത്തനം വ്യക്തമാക്കുന്ന ബോർഡോ പോസ്റ്ററുകളോ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ പാർട്ടിയുടെ ഔദ്യോഗിക രേഖകൾ പ്രകാരം 2023-24 സാമ്പത്തിക വർഷത്തിൽ 330 കോടി രൂപ സംഭാവനയായി ലഭിച്ചു. ഇത്രയും വലിയ തുക ലഭിച്ചിട്ടും 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിപ്പിച്ചത് ഒരു സ്ഥാനാർഥിയെ മാത്രമാണ്.
പാർട്ടിയുടെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 8.48 കോടി രൂപ ചെലവഴിച്ചപ്പോൾ 'ജനക്ഷേമ' പ്രവർത്തനങ്ങൾക്കായി 316 കോടി രൂപ ചെലവഴിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ തുകയുടെ ചെലവിന് വിശദമായ രേഖകൾ സൂക്ഷിച്ചിട്ടില്ലെന്ന് പാർട്ടി അധ്യക്ഷ സ്വാതി ബെൻ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.
620 കോടി ലഭിച്ച മറ്റൊരു പാർട്ടി
2020ൽ പട്നയിൽ രൂപീകരിച്ച ആം ജനമത് പാർട്ടിക്ക് ആദ്യ രണ്ട് വർഷങ്ങളിൽ 20,000 രൂപയ്ക്കു മുകളിൽ സംഭാവന ലഭിച്ചിരുന്നില്ല. എന്നാൽ 2022-23ൽ പാർട്ടിക്ക് ലഭിച്ച സംഭാവന 216 കോടി രൂപയായി ഉയർന്നു. തൊട്ടടുത്ത സാമ്പത്തിക വർഷം ഇത് 620 കോടി രൂപയായി. അതേസമയം 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിപ്പിച്ചത് ഒരേയൊരു സ്ഥാനാർഥിയെയാണ്.
പാർട്ടിയുടെ സ്ഥാപക അധ്യക്ഷ അനാമിക പാസ്വാൻ 2022ൽ പാർട്ടിയിൽനിന്ന് രാജിവെച്ചതായി ബിബിസിയോട് പറഞ്ഞു. നിലവിൽ അവർ ബിജെപി സംസ്ഥാന ഉപാധ്യക്ഷയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പാർട്ടിയുടെ ആസ്ഥാനം പട്നയിൽനിന്ന് അഹമ്മദാബാദിലേക്ക് മാറ്റിയെന്നും നിലവിലെ അധ്യക്ഷൻ ഗൗരവ് മിശ്രയാണെന്നും രേഖകളിൽ പറയുന്നുണ്ടെങ്കിലും അഹമ്മദാബാദിലെ രജിസ്റ്റർ ചെയ്ത ഓഫീസും അടഞ്ഞുകിടന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ആറ് പാർട്ടികൾക്ക് ലഭിച്ചത് നൂറുകണക്കിന് കോടി
ഗരീബ് കല്യാൺ പാർട്ടിക്ക് 2023-24ൽ 138 കോടി രൂപ ലഭിച്ചെന്നും 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സ്ഥാനാർഥികളെ മത്സരിപ്പിച്ചെന്നും ബിബിസി പറയുന്നു. ഈ പാർട്ടിയുടെ ഓഫീസും അടഞ്ഞുകിടന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ആറ് പാർട്ടികളിൽ നാലിന്റെയും രജിസ്റ്റർ ചെയ്ത ഓഫീസുകൾ ഗുജറാത്തിലെ ഒരേ പ്രദേശത്താണെന്നും മറ്റ് രണ്ട് പാർട്ടികളും ഗുജറാത്തിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ആറ് പാർട്ടികൾക്കും ലഭിച്ച വലിയ തുകയുമായി താരതമ്യം ചെയ്യുമ്പോൾ അവരുടെ തെരഞ്ഞെടുപ്പ് സാന്നിധ്യം വളരെ കുറവായിരുന്നു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ ആറ് പാർട്ടികളും ചേർന്ന് മത്സരിപ്പിച്ചത് 15 സ്ഥാനാർഥികളെ മാത്രമാണ്. ബിജെപിയെ ഒഴിവാക്കിയുള്ള മറ്റ് അഞ്ച് ദേശീയ പാർട്ടികൾ ആ തെരഞ്ഞെടുപ്പിൽ 893 സ്ഥാനാർഥികളെ മത്സരിപ്പിച്ചപ്പോഴാണ് ഈ വ്യത്യാസമെന്നും ബിബിസി പറയുന്നു.
നികുതി ആനുകൂല്യം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം
രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന വരുമാനത്തിന് നികുതി ഇളവ് ലഭിക്കുന്നതും വ്യക്തികൾക്ക് രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവനയുടെ രേഖകൾ സമർപ്പിച്ച് നികുതി ആനുകൂല്യം നേടാനാകുന്നതുമാണ് ഇത്തരം ഇടപാടുകൾക്ക് പിന്നിലെ സാധ്യതകളിലൊന്നായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
അഹമ്മദാബാദിലെ ചാർട്ടേഡ് അക്കൗണ്ടന്റ് മഹേഷ് ഛാജേഡ് പറയുന്നത്, ചിലർ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതുമായി ബന്ധപ്പെട്ട നികുതി ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യുന്നതായാണ്. സംഭാവന നൽകിയതായി രേഖയുണ്ടാക്കുകയും അതിന് പകരമായി കമ്മീഷൻ കുറച്ചശേഷം പണം തിരികെ നൽകുകയും ചെയ്യുന്ന രീതിയുണ്ടാകാമെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.
കള്ളപ്പണം വെളുപ്പിക്കാനുള്ള മറ?
തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ഗവേഷക ശൈലി മഹാജന്റെ അഭിപ്രായത്തിൽ, ചില പേപ്പർ പാർട്ടികൾ നികുതി വെട്ടിപ്പിനും പണം വെളുപ്പിക്കലിനുമുള്ള മാർഗമായി പ്രവർത്തിക്കുന്നുണ്ടാകാമെന്ന സംശയമുണ്ട്.
എന്നാൽ അന്വേഷണത്തിൽ പരാമർശിക്കുന്ന എല്ലാ പാർട്ടികളും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ബിബിസി റിപ്പോർട്ട് പറയുന്നില്ല.. മറിച്ച്, വലിയ തോതിലുള്ള സംഭാവനയും വളരെ പരിമിതമായ തെരഞ്ഞെടുപ്പ് പ്രവർത്തനവും തമ്മിലുള്ള വൈരുധ്യമാണ് റിപ്പോർട്ട് പ്രധാനമായും ഉയർത്തിക്കാട്ടുന്നത്.
2025 ഡിസംബറിൽ ആദായനികുതി വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പേപ്പർ പാർട്ടികൾ വഴി നടക്കുന്നുവെന്ന് കണ്ടെത്തിയതായി പറയുന്ന വ്യാജ സംഭാവനകളും മറ്റ് സാമ്പത്തിക ക്രമക്കേടുകളും സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇത്തരം പാർട്ടികൾ വഴി ഫണ്ട് കൈമാറ്റം, ഹവാല ഇടപാടുകൾ, അതിർത്തി കടന്നുള്ള പണമിടപാടുകൾ, വ്യാജ സംഭാവന രസീതുകൾ എന്നിവ നടന്നതായി അന്വേഷണങ്ങളിൽ തെളിവുകൾ ലഭിച്ചതായി വകുപ്പ് പറഞ്ഞിരുന്നു.
ബിബിസി റിപ്പോർട്ട് ചെയ്ത ആദായനികുതി വകുപ്പിന്റെ ആഭ്യന്തര രേഖകൾ പ്രകാരം, നികുതി ഇളവ് നേടുന്നതിനായി പേപ്പർ പാർട്ടികൾക്ക് നൽകിയതായി കണ്ടെത്തിയ 5,591 കോടി രൂപയുടെ വ്യാജ സംഭാവനകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 2,749 കോടി രൂപ വീണ്ടെടുത്തതായും രേഖയിൽ പറയുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ 665 കോടി രൂപയുടെ വിദേശ ഇടപാടുകളും കണ്ടെത്തിയതായി രേഖയിൽ പറയുന്നു.
അതേസമയം, ബിബിസി അന്വേഷണത്തിൽ ഉൾപ്പെട്ട ആറ് പാർട്ടികൾക്കെതിരെ തന്നെ ഇത്തരം നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് ആദായനികുതി വകുപ്പിനോടും കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിനോടും ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന സമയത്ത് മറുപടി ലഭിച്ചിരുന്നില്ല.
കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിലുള്ള 800ൽ കൂടുതൽ പാർട്ടികളെ പട്ടികയിൽനിന്ന് നീക്കിയിരുന്നു. തുടർച്ചയായ ആറ് വർഷത്തിനിടെ ഒരു തെരഞ്ഞെടുപ്പിലും സ്ഥാനാർഥിയെ നിർത്താത്തതാണ് നടപടിക്ക് ചൂണ്ടിക്കാട്ടിയ പ്രധാന കാരണങ്ങളിലൊന്ന്. എന്നാൽ ഈ നടപടിക്ക് സാമ്പത്തിക ക്രമക്കേടുകളും കാരണമായിരുന്നോ എന്നത് വ്യക്തമല്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
വലിയ തോതിൽ പണം ലഭിക്കുന്നതും തെരഞ്ഞെടുപ്പ് രംഗത്തെ സാന്നിധ്യം വളരെ കുറവായിരിക്കുന്നതും തമ്മിലുള്ള വൈരുധ്യമാണ് ബിബിസി അന്വേഷണ റിപ്പോർട്ട് പ്രധാനമായും ഉയർത്തുന്ന ചോദ്യം.
Adjust Story Font
16
