ക്ലാസിൽ വട്ടത്തിലിരുന്ന് മദ്യപിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥിനികൾ; സസ്പെൻഷൻ; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്
വിദ്യാർഥിനികളെ പരീക്ഷ എഴുതാൻ അനുവദിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

ചെന്നൈ: ക്ലാസ് മുറിയിലിരുന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിനികളുടെ മദ്യപാനം. തമിഴ്നാട് തിരുനെൽവേലി പാളയംകോട്ടയിലെ സർക്കാർ എയ്ഡഡ് സ്കൂളിലാണ് സംഭവം. സഹപാഠി പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ ആറ് വിദ്യാർഥിനികളെ അധികൃതർ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
യൂണിഫോമണിഞ്ഞ് ക്ലാസ് മുറിയിൽ വട്ടത്തിലിരുന്ന് കുട്ടികൾ മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്ലാസിക് ഗ്ലാസുകളിലേക്ക് മദ്യം ഒഴിക്കുകയും വെള്ളം ചേർത്ത് കുടിക്കുകയുമായിരുന്നു.
വിദ്യാർഥികൾക്ക് മദ്യം എങ്ങനെ ലഭിച്ചെന്നും ആരാണ് അവർക്ക് എത്തിച്ചുനൽകിയതെന്നും കണ്ടെത്താൻ സ്കൂളിൽ അന്വേഷണം നടത്തുമെന്ന് മുഖ്യ വിദ്യാഭ്യാസ ഓഫീസർ എം. ശിവകുമാർ പറഞ്ഞു. സസ്പെൻഡ് ചെയ്തെങ്കിലും വിദ്യാർഥിനികളെ പരീക്ഷ എഴുതാൻ അനുവദിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
സംഭവം വിവാദയമായതോടെ സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും കൗൺസലിങ് നൽകാനാണ് അധികൃതരുടെ തീരുമാനം. പ്രായപൂർത്തിയാകാത്ത കുട്ടികൾ ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ചതിൽ അധ്യാപകരുടെയും സ്കൂൾ ജീവനക്കാരുടേയും വീഴ്ച ചൂണ്ടിക്കാട്ടിയും ആശങ്ക പങ്കുവച്ചും രക്ഷിതാക്കൾ രംഗത്തെത്തി.
മദ്യം ആരാണ് കൊടുത്തതെന്ന് ഉടനടി കണ്ടെത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. അതേസമയം, സംഭവം സംസ്ഥാന സർക്കാരിനെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ.
Adjust Story Font
16

