'ഈ വിഷയം ഇവിടെ അവസാനിക്കുന്നു'; പലാഷുമായുള്ള വിവാഹത്തിൽ ആദ്യമായി പ്രതികരിച്ച് സ്മൃതി മന്ദാന
കഴിഞ്ഞ മാസമായിരുന്നു സ്മൃതിയും പലാഷും വിവാഹിതരാകാന്‍ തീരുമാനിച്ചത്

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീതസംവിധായകൻ പലാഷ് മുച്ചലും തമ്മിലുള്ള വിവാഹം മുടങ്ങിയത് വാർത്തയായിരുന്നു. വിവാഹം മുടങ്ങിയതിന് പിന്നാലെ ഇതിനെച്ചൊല്ലി നിരവധി അഭ്യൂഹങ്ങളും പരന്നിരുന്നു. ഇപ്പോഴിതാ ആദ്യമായി ഇക്കാര്യത്തില്‍ പ്രതികരണവുമായി സ്മൃതി മന്ദാന രംഗത്തെത്തി. പലാഷ് മുച്ചലുമായുള്ള വിവാഹം റദ്ദാക്കിയതായി സ്മൃതി അറിയിച്ചു.
"കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ ജീവിതത്തെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു, ഈ സമയത്ത് ഞാൻ തുറന്നു സംസാരിക്കേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു. സ്വകാര്യ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍, അത് അങ്ങനെ തന്നെ നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ വിവാഹം റദ്ദാക്കിയ കാര്യം എനിക്ക് വ്യക്തമാക്കേണ്ടതുണ്ട്," സ്മൃതി മന്ദാന ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചു.
"ഈ വിഷയം ഇവിടെ അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങളെല്ലാവരും അങ്ങനെ തന്നെ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ സമയത്ത് രണ്ട് കുടുംബങ്ങളുടെയും സ്വകാര്യതയെ മാനിക്കണമെന്നും, ഞങ്ങളുടെ സ്വന്തം രീതിയില്‍ മുന്നോട്ട് പോകാന്‍ ഞങ്ങൾക്ക് ഇടം നൽകണമെന്നും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു," സ്മൃതി മന്ദാന കൂട്ടിച്ചേർത്തു.
'അത് എല്ലായ്പ്പോഴും എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നു. കഴിയുന്നത്ര കാലം ഇന്ത്യയ്ക്കായി കളിക്കാനും ട്രോഫികൾ നേടാനും ഞാൻ ആഗ്രഹിക്കുന്നു, അവിടെയായിരിക്കും എന്റെ ശ്രദ്ധ എന്നേക്കും. നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും നന്ദി. മുന്നോട്ട് പോകേണ്ട സമയമാണിത്, ”അവർ കൂട്ടിച്ചേർത്തു.
സ്മൃതി മന്ദാനയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിക്ക് പിന്നാലെ, സംഗീതസംവിധായകൻ പലാഷ് മുച്ചലും പ്രതികരിച്ചു.സ്മൃതിയുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറുകയാണെന്നും ഇപ്പോൾ ജീവിതത്തിൽ മുന്നോട്ട് പോകുകയാണെന്നും പലാഷ് സ്ഥിരീകരിച്ചു.
"എന്റെ ജീവിതത്തിൽ നിന്ന് മുന്നോട്ട് പോകാനും എന്റെ വ്യക്തിപരമായ ബന്ധങ്ങളിൽ നിന്ന് പിന്മാറാനും ഞാൻ തീരുമാനിച്ചു. എനിക്ക് ഏറ്റവും പവിത്രമായി കരുതുന്ന ഒരു കാര്യത്തെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ കിംവദന്തികളോട് ആളുകൾ ഇത്ര എളുപ്പത്തിൽ പ്രതികരിക്കുന്നത് കാണുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ഇത് എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടമാണ്, എന്റെ വിശ്വാസങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് ഞാൻ അതിനെ ഭംഗിയായി നേരിടും," പലാഷ് മുച്ചാൽ ഇന്‍സ്റ്റാഗ്രാം സ്റ്റോറീസില്‍ കുറിച്ചു.
അപകീർത്തികരവും വ്യാജവുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് മുച്ചാൽ മുന്നറിയിപ്പ് നല്‍കി
ഏറെ നീണ്ട പ്രണയത്തിനൊടുവിൽ നവംബർ 23 നായിരുന്നു സ്മൃതിയും പലാഷും തീരുമാനിച്ചത്. എന്നാൽ വിവാഹത്തിന് തൊട്ടുമുന്നെ ചടങ്ങുകൾ നിർത്തിവച്ചു. മന്ദാനയുടെ പിതാവ് രോഗബാധിതനായതിനെത്തുടർന്നാണിതെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ ഇതിന് പിന്നാലെ മുച്ചലിനെതിരെ വഞ്ചനാ ആരോപണങ്ങൾ പുറത്ത് വന്നു. ഇതിനിടെ വിവാഹത്തിൻ്റെതുൾപ്പെടെയുള്ള ചിത്രങ്ങൾ സ്മൃതി നീക്കം ചെയ്തിരുന്നു.
Adjust Story Font
16

