Quantcast

'അധികാരം പങ്കിടാൻ ചിലര്‍ ഒരുക്കമല്ല'; സിദ്ധരാമയ്യക്കെതിരെ ഒളിയമ്പുമായി ഡി.കെ ശിവകുമാര്‍

കഴിഞ്ഞ മാസം ആദ്യം, മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടക്കാല നേതൃമാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തള്ളിക്കളഞ്ഞിരുന്നു

MediaOne Logo

Web Desk

  • Published:

    4 Aug 2025 11:11 AM IST

DK Shivakumar
X

ഡൽഹി: കര്‍ണാടകയിൽ മുഖ്യമന്ത്രി സ്ഥാനമാറ്റങ്ങളെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഒളിയമ്പുമായി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. നമ്മളിൽ പലരും അധികാരം പങ്കുവയ്ക്കാൻ മടിക്കുന്നുവെന്നായിരുന്നു ഡി.കെയുടെ പരോക്ഷ വിമര്‍ശം. സിദ്ധരാമയ്യയുടെ പേര് പറയാതെയാണ് പരാമര്‍ശമെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള വിള്ളലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ് ഈ പരാമര്‍ശം.

ഡൽഹിയിൽ എഐസിസി സംഘടിപ്പിച്ച 'ഭരണഘടന നേരിടുന്ന വെല്ലുവിളികൾ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡി.കെ. ചടങ്ങിൽ ഗാന്ധി കുടുംബം പാർട്ടിക്ക് നൽകിയ സംഭാവനകളെക്കുറിച്ച് പരാമര്‍ശിച്ച ശിവകുമാര്‍ 2004 ൽ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാതിരിക്കാനുള്ള സോണിയ ഗാന്ധിയുടെ തീരുമാനത്തെ പ്രശംസിക്കുകയും ചെയ്തു.

"പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ രാഷ്ട്രപതി സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടപ്പോൾ 'എനിക്ക് അധികാരം പ്രധാനമല്ല' എന്ന് അവർ പറഞ്ഞു.സിഖുകാരനും ന്യൂനപക്ഷ സമുദായംഗവും സാമ്പത്തിക വിദ​ഗ്ധനുമായ ഒരാൾക്ക് രാജ്യത്തെ രക്ഷിക്കാനാകുമെന്നും അദ്ദേഹം പ്രധാനമന്ത്രിയാകണമെന്നും അവർ തീരുമാനിച്ചു'' ഇത് രാഷ്ട്രീയ ത്യാഗത്തിന്റെ സമാനതകളില്ലാത്ത ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

"ഇത്രയും വലിയൊരു ജനാധിപത്യ രാജ്യത്ത് ആരെങ്കിലും ഇത്തരമൊരു ത്യാഗം ചെയ്തിട്ടുണ്ടോ? ഇന്ന് ആരെങ്കിലും ഒരു ചെറിയ പദവി പോലും ത്യജിക്കാൻ തയ്യാറാകുന്നുണ്ടോ? പഞ്ചായത്ത് തലത്തിൽ പോലും പലരും അതിന് തയ്യാറാകുന്നില്ല. ചില എംഎൽഎമാരും മന്ത്രിമാരും അധികാരം പങ്കുവെക്കാറുണ്ട്, എന്നാൽ നമ്മളിൽ ചിലർ അധികാരം പങ്കുവെക്കാൻ പോലും സമ്മതിക്കുന്നില്ല" അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം ആദ്യം, മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടക്കാല നേതൃമാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തള്ളിക്കളഞ്ഞിരുന്നു. അഞ്ച് വര്‍ഷക്കാലവും താൻ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് സിദ്ധരാമയ്യ തറപ്പിച്ചു പറയുകയും ചെയ്തിരുന്നു. സിദ്ധരാമയ്യയുടെ കാലാവധി നവംബറിൽ പകുതിയോളം പൂർത്തിയാകും. കോൺഗ്രസ് സർക്കാരിന്‍റെ ആദ്യത്തെ രണ്ടര വർഷം സിദ്ധരാമയ്യയും അടുത്ത രണ്ടര വർഷം ഡി.കെ ശിവകുമാറും മുഖ്യമന്ത്രി പദവി വഹിക്കുമെന്ന സൂചനകൾ ആയിരുന്നു ആദ്യം പുറത്തുവന്നിരുന്നത്. എന്നാൽ ''ശ്രമങ്ങൾ പരാജയപ്പെടാം, എന്നാൽ പ്രാര്‍ഥനകൾക്ക് ഒരിക്കലും ഉത്തരം ലഭിക്കാതിരിക്കില്ല.ഞാനിതിൽ വിശ്വസിക്കുന്നു. ഞാൻ ദേവിയോട് പ്രാർത്ഥിച്ചു, എനിക്ക് വേണ്ടതെല്ലാം പറഞ്ഞു." എന്നായിരുന്നു ചാമുണ്ഡി ക്ഷേത്രം സന്ദര്‍ശിച്ചതിന് ശേഷമുള്ള ഡികെയുടെ പ്രതികരണം.

TAGS :

Next Story