Quantcast

'ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്, പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണം': സംയുക്ത സൈനിക മേധാവിയുടെ വെളിപ്പെടുത്തലിൽ കോൺഗ്രസ്

''പല ചോദ്യങ്ങൾക്കും വ്യക്തതവരുത്താതെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലാണ് മോദി. നമ്മുടെ സായുധ സേനയുടെ ധീരതയുടെ ക്രെഡിറ്റ് അദ്ദേഹം വ്യക്തിപരമായി ഏറ്റെടുക്കുന്നു''

MediaOne Logo

Web Desk

  • Published:

    1 Jun 2025 1:33 PM IST

ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്, പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണം: സംയുക്ത സൈനിക മേധാവിയുടെ വെളിപ്പെടുത്തലിൽ കോൺഗ്രസ്
X

ന്യൂഡൽഹി: ഓപറേഷന്‍ സിന്ദൂർ ദൗത്യത്തിനിടെ ഇന്ത്യക്ക് വിമാനം നഷ്ടമായെന്ന ‌സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാന്റെ വെളിപ്പെടുത്തലിന് പിന്നാലെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഉടൻ വിളിച്ചുചേർക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ.

അനിൽ ചൗഹാന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, ചോദിക്കേണ്ട വളരെ പ്രധാനപ്പെട്ട ചോദ്യങ്ങളുണ്ടെന്നും എക്സിലെഴുതിയ കുറിപ്പില്‍ ഖാര്‍ഗെ വ്യക്തമാക്കുന്നു. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഉടൻ വിളിച്ചുചേർത്താൽ മാത്രമേ ഇതിന് കഴിയൂവെന്നും ഖാർഗെ പറഞ്ഞു.

''യുദ്ധത്തിന്റെ മൂടൽ മഞ്ഞ് മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റുമാർ സ്വന്തം ജീവൻ പണയപ്പെടുത്തി ശത്രുവിനെതിരെ പോരാടി, ചില തിരിച്ചടികൾ ഉണ്ടായെങ്കിലും നമ്മുടെ പൈലറ്റുമാർ സുരക്ഷിതരാണ്. കാർഗിൽ അവലോകന സമിതിയുടെ മാതൃകയിൽ രാജ്യത്തിന്റെ പ്രതിരോധ സന്നാഹത്തിന്റെ സമഗ്രമായ പരിശോധന നടത്തണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്''- ഖാർഗെ പറഞ്ഞു.

''ഇന്ത്യയും പാകിസ്താനും തമ്മിലെ വെടിനിര്‍ത്തല്‍ കരാറില്‍ ഇടനിലക്കാരനായെന്ന തന്റെ അവകാശവാദം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ആവർത്തിക്കുന്നുണ്ട്. ഇത് ഷിംല കരാര്‍ ലംഘനമാണ്. യുഎസ് കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിൽ, യുഎസ് വാണിജ്യ സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലവും ഇതുമായി ബന്ധപ്പെട്ടതാണ്. ഇതിലൊന്നും വ്യക്തത വരുത്താതെ നമ്മുടെ സായുധ സേനയുടെ ധീരതയ്ക്ക് വ്യക്തിപരമായ ക്രെഡിറ്റ് നേടിയെടുക്കാനാണ് മോദി ശ്രമിക്കുന്നത്. 140 കോടി ദേശസ്നേഹികളായ ഇന്ത്യക്കാര്‍ക്ക് ഇതെക്കുറിച്ചെല്ലാം അറിയണം''- ഖര്‍ഗെ വ്യക്തമാക്കി.

ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യൻ യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് അന്തർദേശീയ മാധ്യമമായ ബ്ലുംബര്‍ഗിന് നൽകിയ അഭിമുഖത്തിൽ അനിൽ ചൗഹാൻ പറഞ്ഞത്. എന്നാല്‍ ആറ് വിമാനങ്ങൾ വെടിവെച്ചിട്ടു എന്ന പാകിസ്താൻ പ്രചാരണം തെറ്റാണെന്നും അനിൽ ചൗഹാൻ വ്യക്തമാക്കിയിരുന്നു. ‘ജെറ്റ് വീണുവെന്നതല്ല, എന്തുകൊണ്ട് വീണു, എന്തു പിഴവാണു സംഭവിച്ചത് എന്നതാണു പ്രധാനം'- ഇങ്ങനെയായിരുന്നു അനിൽ ചൗഹാൻ പറഞ്ഞത്.

TAGS :

Next Story