Quantcast

'യപ്പ യപ്പ സ്റ്റാലിൻ അപ്പ'; എം.കെ സ്റ്റാലിന്‍റെ ഹിന്ദിവിരുദ്ധ നിലപാടിനെ ട്രോളി ബിജെപി

ഒരു ലക്ഷത്തിലധികം പേര്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-03-11 06:16:48.0

Published:

11 March 2025 11:43 AM IST

mk stalin
X

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ട്രോളിനിരയാകുന്നത് വളരെ അപൂര്‍വമാണ്. എന്നാൽ ഹിന്ദി വിരുദ്ധ നിലപാടിന്‍റെ പേരിൽ സ്റ്റാലിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. ദേശീയ വിദ്യാഭ്യാസ നയം അഥവാ എന്‍ഇപിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ത്രിഭാഷാ നയത്തിനെതിരായ കാപട്യത്തിന് സ്റ്റാലിനെയും ഡിഎംകെ കുടുംബത്തെയും പരിഹസിക്കുന്ന 180 സെക്കൻഡ് ദൈർഘ്യമുള്ള ഒരു പാരഡി വീഡിയോ സംസ്ഥാന ബിജെപി പ്രസിഡന്‍റ് കെ. അണ്ണാമലൈ എക്സിൽ പങ്കുവച്ചു.

ഒരു ലക്ഷത്തിലധികം പേര്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. പ്രഭുദേവയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ യെഴൈയിൻ സിരിപ്പിലെ 'യപ്പ യപ്പ അയ്യപ്പ' എന്ന പോപ്പുലര്‍ ഗാനത്തിന്‍റെ പാരഡിയാണ് ഉപയോഗിച്ചിരിക്കുന്നത്. സ്റ്റാലിനോടൊപ്പം ഉദയനിധി സ്റ്റാലിൻ, കനിമൊഴി എന്നിവരെ വീഡിയോയിൽ വിമര്‍ശിക്കുന്നു. 'യപ്പ യപ്പ സ്റ്റാലിൻ അപ്പാ' എന്ന വരികളോടെയാണ് വീഡിയോ ആരംഭിക്കുന്നത് . ഗാനരംഗം അതേപടി ഉപയോഗിച്ചിരുന്നുവെങ്കിലും വരികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. തന്‍റെ മകൻ സിംഗപ്പൂർ പൗരനാണെന്ന് കനിമൊഴി പറയുന്നതും മകൻ ഇൻബാനിധി വിദ്യാഭ്യാസത്തിനായി യുകെയിലേക്ക് പോയിട്ടുണ്ടെന്ന് ഉദയനിധി സമ്മതിക്കുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബിജെപി ഒഴികെയുള്ള തമിഴ്‌നാട്ടിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് എതിരാണ്. പുതിയ രാഷ്ട്രീയ കക്ഷിയുണ്ടാക്കിയ നടന്‍ വിജയ് കൂടി ഹിന്ദി വിഷയത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു. 2020 ലെ ദേശീയ പാഠ്യ ക്രമം അഥവാ എന്‍ഇപി നടപ്പാക്കിയില്ലെങ്കില്‍ തമിഴ്‌നാടിന് സമഗ്ര ശിക്ഷാ പദ്ധതിക്ക് കീഴിലുള്ള കേന്ദ്രഫണ്ട് ലഭിക്കുകയില്ല എന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍റെ പ്രഖ്യാപനത്തോടെയാണ് ഹിന്ദി-തമിഴ് പോരിന് മൂര്‍ച്ച കൂടിയത്. എന്‍ഇപി ഒക്കെ നടപ്പിലാക്കാം, പക്ഷേ ത്രിഭാഷ രീതി വേണ്ട ദ്വിഭാഷ തന്നെ മതി എന്നതായിരുന്നു തമിഴ്‌നാടിന്‍റെ നിലപാട്.

ഭാഷാപഠന പദ്ധതിയിൽ മൂന്ന് ഭാഷകൾ ഉൾപ്പെടുത്തിക്കൊണ്ട് 1968ൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രൂപം കൊടുത്തതാണ്​ ത്രിഭാഷാ പദ്ധതി. പഠനപദ്ധതിയിൽ മാതൃഭാഷയ്ക്കും ഇംഗ്ലീഷിനും പുറമേ ഹിന്ദി സംസാരിക്കാത്തയിടങ്ങളിൽ ഹിന്ദിയും ഹിന്ദി സംസാരിക്കുന്നയിടങ്ങളിൽ മറ്റൊരു പ്രാദേശിക ഭാഷകൂടി പഠിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ വ്യവസ്ഥ ചെയ്തിട്ടുണ്ട്​.


TAGS :

Next Story