തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനങ്ങൾ പത്മ അവാർഡിൽ തിളങ്ങിയത് എന്തുകൊണ്ട്?
കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ആസാം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പട്ടികയിൽ ലഭിച്ച വലിയ പ്രാധാന്യത്തിലൂടെ ഈ സംസ്ഥാനങ്ങളിൽ ബിജെപി നടത്തുന്ന തന്ത്രപരമായ 'ക്രോസ്-പാർട്ടി ഔട്ട്റീച്ച്' ആണ് വെളിപ്പെടുന്നതെന്ന് 'ദ പ്രിന്റ്' വിലയിരുത്തുന്നു

- Updated:
2026-01-26 12:18:01.0

ന്യൂഡൽഹി: ഈ വർഷത്തെ പത്മ പുരസ്‌കാരങ്ങൾ കേവലം വ്യക്തിഗത നേട്ടങ്ങൾക്കുള്ള ആദരവല്ല, മറിച്ച് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുള്ള നരേന്ദ്ര മോദി സർക്കാരിന്റെ കൃത്യമായ രാഷ്ട്രീയ സന്ദേശമാണ്. കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ആസാം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പട്ടികയിൽ ലഭിച്ച വലിയ പ്രാധാന്യത്തിലൂടെ ഈ സംസ്ഥാനങ്ങളിൽ ബിജെപി നടത്തുന്ന തന്ത്രപരമായ 'ക്രോസ്-പാർട്ടി ഔട്ട്റീച്ച്' (വിവിധ രാഷ്ട്രീയ ചേരികളിലുള്ളവരിലേക്ക് എത്തിച്ചേരാനുള്ള നീക്കം) ആണ് വെളിപ്പെടുന്നതെന്ന് 'ദ പ്രിന്റ്' വിലയിരുത്തുന്നു.
മോദി സർക്കാരിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ തുറന്നുകാണിക്കുന്നതാണ് പത്മപുരസ്‌കാര ജേതാക്കളുടെ പേരുകൾ. കക്ഷിരാഷ്ട്രീയ താത്പര്യങ്ങൾക്ക് അതീതമായി പ്രവർത്തിക്കുന്നു എന്ന ബോധം ജനിപ്പിക്കാനായി രാഷ്ട്രീയ-പ്രാദേശിക അതിർവരമ്പുകൾ ഭേദിച്ച് പ്രമുഖരെ ആദരിക്കുക; അതേസമയം തന്നെ രാഷ്ട്രീയ സ്വയംസേവക് സംഘുമായും ഭാരതീയ ജനതാ പാർട്ടിയുമായും ചേർന്നുനിൽക്കുന്നവർക്ക് അംഗീകാരം ലഭിച്ചുവെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്ന പ്രത്യേക ശൈലി ഈ അവാർഡുകളിലെല്ലാം പ്രതിഫലിക്കുന്നുണ്ട്.
ഈ പുരസ്‌കാര പട്ടികയിലെ ഏറ്റവും നിർണായകമായ നീക്കം മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും കേരള മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ബഹുമതിയായ പത്മവിഭൂഷൺ നൽകാനുള്ള തീരുമാനമാണ്. ഈ നീക്കം സിപിഎമ്മിനെ വലിയൊരു പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സാധാരണയായി കമ്മ്യൂണിസ്റ്റ് നേതാക്കൾ ഇത്തരം പുരസ്‌കാരങ്ങൾ നിരസിക്കുകയാണ് പതിവ്. മുൻപ് ഇ.എം.എസ് നമ്പൂതിരിപ്പാടും ജ്യോതി ബസുവും ഇത്തരത്തിൽ പുരസ്‌കാരങ്ങൾ നിരസിച്ചിട്ടുണ്ട്. എന്നാൽ വി.എസിനെപ്പോലൊരു ജനകീയ നേതാവിനെ ആദരിക്കുമ്പോൾ അത് തടയുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് സിപിഎം ഭയപ്പെടുന്നു. ഇതിലൂടെ കമ്മ്യൂണിസ്റ്റ് വോട്ട് ബാങ്കുകളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും ബിജെപിക്ക് അനുകൂലമായ ഒരു പൊതുവികാരം ഉണ്ടാക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്.
2022-ൽ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ പത്മഭൂഷൺ പുരസ്‌കാരത്തിനായി മോദി സർക്കാർ നാമനിർദ്ദേശം ചെയ്തിരുന്നു. എന്നാൽ ആ ഇടതുപക്ഷ അതികായൻ പുരസ്‌കാരം അന്ന് സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. 'പത്മഭൂഷൺ അവാർഡിനായി നാമനിർദേശം ചെയ്യപ്പെട്ട സഖാവ് ബുദ്ധദേവ് ഭട്ടാചാര്യ പുരസ്‌കാരം സ്വീകരിക്കാൻ വിസമ്മതിക്കുന്നു. ഇത്തരത്തിലുള്ള പുരസ്‌കാരങ്ങളോടുള്ള പാർട്ടിയുടെ സമീപനത്തിൽ യാതൊരു മാറ്റവുമില്ല. ഞങ്ങൾ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണ്, പുരസ്‌കാരങ്ങൾക്ക് വേണ്ടിയല്ല. നേരത്തെ പുരസ്‌കാരത്തിനർഹനായ ഇ.എം.എസും നിരസിച്ചിരുന്നു' എന്നാണ് അന്ന് സിപിഎമ്മിന്റെ പ്രസ്താവന.
എന്നാൽ വി.എസിന് പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ സിപിഎം കേരളയുടെ ഔദ്യോഗിക ഹാൻഡിൽ നിന്ന് പുറത്തുവന്ന പ്രസ്താവന പാർട്ടിയുടെ മുൻ നിലപാടുകളിൽ നിന്നുള്ള മാറ്റം സൂചിപ്പിക്കുന്നതായിരുന്നു. 'സഖാവ് വി.എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകി ആദരിക്കപ്പെട്ടിരിക്കുന്നു. തൊഴിലാളി വർഗത്തിനായുള്ള ആജീവനാന്ത പോരാട്ടവും അഖണ്ഡതയും സേവനവും എന്നും സ്മരിക്കപ്പെടും,' എന്നായിരുന്നു പ്രസ്താവന. എന്നാൽ ഈ പോസ്റ്റ് പിന്നീട് നീക്കം ചെയ്യപ്പെട്ടു.
വി.എസിന്റെ കുടുംബവും പുരസ്‌കാരം സ്വീകരിക്കാനുള്ള സന്നദ്ധത വ്യക്തമാക്കി രംഗത്തുവന്നു. 'എന്റെ പിതാവിന് ലഭിച്ച ഈ ബഹുമതി വളരെ വിലപ്പെട്ടതാണ്, ഞങ്ങൾ അത് സന്തോഷത്തോടെ സ്വീകരിക്കുന്നു,' എന്ന് അദ്ദേഹത്തിന്റെ മകൻ വി.എ. അരുൺ കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2026ലെ അഞ്ച് പത്മവിഭൂഷൺ പുരസ്‌കാരങ്ങളിൽ മൂന്നെണ്ണവും ലഭിച്ചത് കേരളത്തിലെ പൊതുപ്രവർത്തകർക്കാണ്. 2006 മുതൽ 2011 വരെ കേരള മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദനെ കൂടാതെ, മുൻ സുപ്രിംകോടതി ജഡ്ജി കെ.ടി തോമസ്, ആർഎസ്എസ് സൈദ്ധാന്തികൻ പി.നാരായണൻ എന്നിവർക്കും പത്മവിഭൂഷൺ ബഹുമതി നൽകപ്പെട്ടു. ഈഴവ സമുദായത്തെ പ്രതിനിധീകരിക്കുന്ന പ്രമുഖ സാമൂഹിക-മത സംഘടനയായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, നടൻ മമ്മൂട്ടി എന്നിവരാണ് കേരളത്തിൽ നിന്നുള്ള മറ്റ് പുരസ്‌കാര ജേതാക്കൾ. ഇവർക്ക് പത്മഭൂഷൺ ആണ് ലഭിച്ചത്.
ചരിത്രപരമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണച്ചുപോരുന്ന കേരളത്തിലെ ഈഴവ സമുദായത്തിനിടയിൽ സ്വാധീനം വർധിപ്പിക്കാൻ ബിജെപി ശ്രമിച്ചുവരികയാണ്. വി.എസ് അച്യുതാനന്ദനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇതേ സമുദായത്തിൽ നിന്നുള്ളവരാണ് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ഒരു ദശകത്തിനിടെ ബിജെപിയുടെ നായർ, ഈഴവ വോട്ട് ബാങ്കുകളിൽ ക്രമാനുഗതമായ വളർച്ച ഉണ്ടായിട്ടുണ്ട് എന്നാണ് 2006-നും 2019-നും ഇടയിൽ കേരളത്തിൽ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് നടത്തിയ തെരഞ്ഞെടുപ്പ് സർവേകൾ വ്യക്തമാക്കുന്നത്.
മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറന് പത്മഭൂഷൺ നൽകിയതും ഇത്തരത്തിലൊരു രാഷ്ട്രീയ മുതലെടുപ്പാണെന്നാണ് വിലയിരുത്തൽ. ഷിബു സോറന്റെ മകനും നിലവിലെ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനെ 2024-ൽ അഴിമതി ആരോപണക്കേസിൽ കേന്ദ്ര ഏജൻസിയായ ഇഡി അറസ്റ്റ് ചെയ്തിരുന്നു. മോദി സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണിതെന്ന് ജെഎംഎം നേരത്തെ ആരോപിച്ചിരുന്നു. 2000-ൽ ബിഹാറിൽ നിന്ന് ജാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഷിബു സോറന് പത്മഭൂഷൺ പ്രഖ്യാപിച്ചതിന് പിന്നാലെ, രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന അദ്ദേഹത്തിന് നൽകണമെന്ന ആവശ്യവുമായി ജെഎംഎം വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.
വാസ്തവത്തിൽ, രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യുന്നതിനായി ഭാരതരത്ന എന്ന പരമോന്നത സിവിലിയൻ ബഹുമതിയും ബിജെപി ഉപയോഗിച്ചിട്ടുണ്ട്. 2019ൽ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് പുരസ്‌കാരം ലഭിച്ചു. എന്നാൽ 2024ൽ മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിനൊപ്പം സോഷ്യലിസ്റ്റ് ബിംബങ്ങളായ കർപ്പൂരി താക്കൂർ, ചൗധരി ചരൺ സിംഗ് എന്നിവർക്കും പുരസ്‌കാരം നൽകിയിരുന്നു.
13 പേർ പുരസ്‌കാരത്തിനർഹരായതോടെ ഏറ്റവും കൂടുതൽ പത്മ പുരസ്‌കാരങ്ങൾ ലഭിച്ചത് തമിഴ്നാടിനാണ്. തൊട്ടുപിന്നാലെയുള്ള പശ്ചിമ ബംഗാളിൽ 11 പേർക്ക് പുരസ്‌കാരങ്ങൾ ലഭിച്ചു; ഇതിൽ ജനപ്രിയ നടൻ പ്രോസൻജിത് ചാറ്റർജിക്ക് ലഭിച്ച പത്മശ്രീയും ഉൾപ്പെടുന്നു. കേരളത്തിന് എട്ടും അസമിന് അഞ്ചും പുരസ്‌കാരങ്ങൾ ലഭിച്ചപ്പോൾ, തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുച്ചേരിക്ക് ഒരു പുരസ്‌കാരവും ലഭിച്ചു.
Adjust Story Font
16
