Quantcast

രാമക്ഷേത്രത്തില്‍ നിന്ന് കൊള്ളയടിച്ച പണം വന്‍തോതില്‍ ഓഹരിവിപണിയിലിറക്കി; 30 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പൊലീസ്

ബ്രോക്കറേജ് അക്കൗണ്ടുകള്‍, ട്രേഡിങ് സ്റ്റേറ്റ്മെൻ്റുകള്‍, നിക്ഷേപത്തിനായി ഉപയോഗിച്ച മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവ പരിശോധിച്ചുവരികയാണ്

MediaOne Logo

Web Desk

  • Updated:

    2026-07-10 08:50:42

Published:

10 July 2026 12:27 PM IST

Stolen Ram temple donation funds invested in shares
X

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലെ ഭണ്ഡാരങ്ങളില്‍ നിന്നുള്ള പണം കൊള്ളയടിച്ച പ്രതികള്‍ ഓഹരിവിപണിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയതായി അന്വേഷണസംഘം കണ്ടെത്തി. ഓഹരിക്ക് പുറമേ മറ്റ് നിക്ഷേപ മാര്‍ഗങ്ങളിലും പണം ഇട്ടിട്ടുണ്ട്. പണം എത്രയും വേഗം കയ്യില്‍ നിന്ന് മറച്ചുവെക്കാനും ലാഭമുണ്ടാക്കാനും ലക്ഷ്യമിട്ടാണ് പ്രതികള്‍ നിക്ഷേപം നടത്തിയതെന്ന് അന്വേഷണസംഘം പറയുന്നു.

പ്രതികളുടെ വീടുകളില്‍ റെയ്ഡ് നടത്തിയ യുപി പൊലീസ് നിരവധി നിക്ഷേപരേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. സ്വന്തം അക്കൗണ്ടിലേക്ക് മാത്രമല്ല, ബന്ധുക്കളുടെ അക്കൗണ്ടിലേക്കും പ്രതികള്‍ കൊള്ളയടിച്ച പണം മാറ്റിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇവയിലൂടെയും നിക്ഷേപം നടത്തിയിട്ടുണ്ട്. വരുമാനത്തില്‍ കവിഞ്ഞ തുകകള്‍ കണ്ടെത്തിയ 30 അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിരിക്കുകയാണ്. വ്യാജ സംഭാവന രസീതികളും പൊലീസ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ബ്രോക്കറേജ് അക്കൗണ്ടുകള്‍, ട്രേഡിങ് സ്റ്റേറ്റ്മെന്റുകള്‍, നിക്ഷേപത്തിനായി ഉപയോഗിച്ച മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഡിജിറ്റല്‍ പേയ്മെന്റ് രേഖകള്‍ എന്നിവ പരിശോധിച്ചുവരികയാണ്.

അയോധ്യ രാമക്ഷത്രത്തിലെ കാണിക്ക മോഷണവുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ ക്ഷേത്ര ഭരണത്തിലെ വന്‍ സുരക്ഷാവീഴ്ചകളും അഴിമതിയും തുറന്നുകാട്ടുന്നുണ്ട്. എന്നാല്‍, തട്ടിപ്പിന്റെ യഥാര്‍ഥ വ്യാപ്തിയോ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കോ വ്യക്തമാക്കാതെ പല നിര്‍ണായക ചോദ്യങ്ങളും റിപ്പോര്‍ട്ടില്‍ ഒഴിവാക്കിയതായും ആക്ഷേപമുണ്ട്.

കണ്‍ട്രോള്‍ റൂമിലെ സിസിടിവിയില്‍ പതിഞ്ഞ ഏപ്രില്‍ 27നും ജൂണ്‍ അഞ്ചിനുമിടയിലുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് 40 ദിവസത്തിനിടെ 70 തവണയാണ് ജീവനക്കാര്‍ പണം കവര്‍ന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ നിശ്ചിത ദിവസങ്ങള്‍ക്കു ശേഷം തനിയെ മാഞ്ഞുപോകുന്ന സംവിധാനമായതിനാല്‍ ഏപ്രില്‍ 27ന് മുമ്പ് നടന്ന മോഷണങ്ങള്‍ കണ്ടെത്താന്‍ എസ്.ഐ.ടിക്ക് കഴിഞ്ഞിട്ടില്ല. പ്രതികളുടെ മൊഴികള്‍ പ്രകാരം, ഇതിനു മുമ്പും മോഷണം നടന്നിട്ടുണ്ടാകാമെന്നാണ് സൂചന. അതിനാല്‍, ക്ഷേത്രത്തിന് കൃത്യമായി എത്ര തുക നഷ്ടപ്പെട്ടെന്ന് തിട്ടപ്പെടുത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.

ഭക്തര്‍ സമര്‍പ്പിക്കുന്ന കാണിക്കകള്‍ എണ്ണാന്‍ എസ്ബിഐയും ട്രസ്റ്റും തമ്മില്‍ കൃത്യമായ ചട്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. കൗണ്ടിങ് റൂമില്‍ കയറുന്ന ജീവനക്കാരെ കര്‍ശനമായി പരിശോധിക്കുക, പോക്കറ്റുകള്‍ ഇല്ലാത്ത പ്രത്യേക യൂനിഫോം ധരിക്കുക, ബയോമെട്രിക് പഞ്ചിങ് ഏര്‍പ്പെടുത്തുക എന്നിവ പാലിക്കണമെന്ന് ചട്ടങ്ങളില്‍ പറയുന്നു. എന്നാല്‍, ഇവയൊന്നും പാലിക്കപ്പെട്ടില്ല. 2024 സെപ്റ്റംബര്‍ 20ലെ ആദ്യ കരാര്‍ പ്രകാരം കൗണ്ടിങ് റൂമില്‍ കയറുന്ന എല്ലാവരെയും നിര്‍ബന്ധമായി പരിശോധിക്കണം എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, 2025 ഫെബ്രുവരി ആറിന് ട്രസ്റ്റ് ഈ ചട്ടം പുതുക്കി വല്ലപ്പോഴുമുള്ള പരിശോധനയാക്കി മാറ്റി. സുരക്ഷാ വിദഗ്ധരുടെ അനുമതിയില്ലാതെ ആരുടെ നിര്‍ദേശപ്രകാരമാണ് ഈ ചട്ടം അട്ടിമറിച്ചതെന്ന് കണ്ടെത്താന്‍ സമഗ്ര അന്വേഷണം വേണമെന്ന് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭണ്ഡാരക്കൊള്ളയില്‍ ഉന്നതരെ സംരക്ഷിക്കുന്നു -കെജ്‌രിവാള്‍

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ ഉന്നതരെ സംരക്ഷിക്കുന്നുവെന്ന് എഎപി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. കേസില്‍ അറസ്റ്റ് ചെയ്തത് എട്ട് പേരെ മാത്രമാണ്. മുഴുവന്‍ കുറ്റക്കാര്‍ക്കെതിരെയും നടപടി വേണം. ആ ആവശ്യവുമായി എഎപി ഒപ്പ് ശേഖരണ ക്യാമ്പയിന്‍ നടത്തും. ഞായറാഴ്ച മുതല്‍ ക്യാമ്പയിന്‍ തുടങ്ങും. ഒപ്പ് ശേഖരണത്തിനു ശേഷം പ്രധാനമന്ത്രിക്ക് കത്ത് അയക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

TAGS :

Next Story