Quantcast

ഷർജീൽ ഇമാമിന്റെയും ഉമർ ഖാലിദിന്റെയും ചിത്രം പതിച്ച രാവണൻ; ജെഎൻയുവിൽ വിദ്യാർഥി സംഘർഷം

പ്രതിഷേധത്തിൽ നിന്ന് പിന്മാറാൻ നിരവധി വിദ്യാർഥികൾ എബിവിപിയോട് ആവശ്യപ്പെട്ടെങ്കിലും രാവണരൂപം കത്തിക്കാൻ എബിവിപി തീരുമാനിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-10-03 06:28:53.0

Published:

3 Oct 2025 11:05 AM IST

ഷർജീൽ ഇമാമിന്റെയും ഉമർ ഖാലിദിന്റെയും ചിത്രം പതിച്ച രാവണൻ; ജെഎൻയുവിൽ വിദ്യാർഥി സംഘർഷം
X

Photo|Special Arrangement

ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ എബിവിപി പ്രവർത്തകരും ഇടത് സംഘടനാപ്രവർത്തകരും തമ്മിൽ സംഘർഷം. യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജെഎൻയുവിലെ മുൻ വിദ്യാർഥി നേതാവ് ഷർജീൽ ഇമാം, ഉമർ ഖാലിദ് എന്നിവരുടെ ചിത്രം പതിച്ച രാവണരൂപവുമായി എബിവിപി എത്തിയതാണ് സംഘർഷത്തിന് കാരണം. ജെഎൻയുവിലെ സബർമതി ടീ പോയിന്റിൽ വെച്ച് ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.

ദുർഗാപൂജയുടെ ഭാഗമായാണ് മുൻ വിദ്യാർഥി നേതാക്കളുടെ ചിത്രം പതിച്ച് എബിവിപി രാവണരൂപം തീർക്കുകയും ഹോസ്റ്റൽ പരിസരത്ത് വെച്ച് കത്തിക്കുകയും ചെയ്തത്. മാവോയിസം, ദേശവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവക്കെതിരെയുള്ള പ്രതിഷേധം തീർക്കുകയായിരുന്നുവെന്നാണ് എബിവിപിയുടെ വാദം. ഇടത് സംഘടനകളാണ് തങ്ങളുടെ പ്രതിഷേധം അലങ്കോലപ്പെടുത്തിയതെന്നും എബിവിപി പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് എന്തിനാണെന്നും രാജ്യത്തെ കുറിച്ച് ആധിയുണ്ടായിരുന്നെങ്കിൽ രാവണന്റെ തലയായി ഗോഡ്‌സേയുടെ ചിത്രമായിരുന്നു പതിക്കേണ്ടിയിരുന്നതെന്നും വിദ്യാർഥി യൂണിയൻ കുറ്റപ്പെടുത്തി. ഇടത് വിദ്യാർഥി സംഘടനകൾകൂടി ക്യാമ്പസിനകത്ത് പ്രതിഷേധവുമായി ഒത്തുചേർന്നതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. സംഘർഷത്തിൽ വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രതിഷേധത്തിൽ നിന്ന് പിൻമാറണമെന്ന് നിരവധി വിദ്യാർഥികൾ എബിവിപിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പിൻമാറാൻ തയ്യാറായില്ല. വിഷയത്തെ നിയമപരമായി നേരിടുമെന്നാണ് എബിവിപി അറിയിച്ചത്. അതേസമയം, പ്രതിഷേധം സംഘടിപ്പിച്ച വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇടത് വിദ്യാർഥി സംഘടനകൾ സർവകലാശാലയെ സമീപിച്ചു. വിഷയത്തിൽ സർവകലാശാല ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

TAGS :

Next Story