മാംസാഹാരം വിളമ്പിയതിന്റെ പേരിൽ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി സംഘർഷം
ശിവരാത്രിയായതിനാൽ കാന്റീനിൽ വെജ് വിഭവങ്ങൾ മാത്രമെ വിതരണം ചെയ്യാവു എന്ന് എബിവിപി നിർദേശിച്ചിരുന്നു

ന്യൂഡൽഹി: സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ മാംസാഹാരം വിളിമ്പിയതിന്റെ പേരിൽ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും നേരെ എബിവിപി ആക്രമണം. വിദ്യാർത്ഥികളെ കൈയേറ്റം ചെയ്യുന്നതിന്റെയും ആക്രമിക്കുന്നതിന്റെയും വിഡിയോകൾ പുറത്തുവന്നു.
ശിവരാത്രിയായതിനാൽ കാന്റീനിൽ വെജ് വിഭവങ്ങൾ മാത്രമെ വിതരണം ചെയ്യാവു എന്ന് എബിവിപി നിർദേശിച്ചിരുന്നു. എബിവിപിയുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് വ്യക്തമാക്കിയ വിദ്യാർത്ഥികൾ ഇതിനെ എതിർത്തിരുന്നു. ഇതോടെയാണ് എബിവിവി വിദ്യാർത്ഥികൾക്ക് നേരെ ആക്രമം അഴിച്ചുവിട്ടത്.
വിദ്യാർത്ഥിനികളുടെ മുടിയിൽ പിടിച്ച് എബിവിപി പ്രവർത്തകർ വലിച്ചിഴക്കുകയും മെസ് ജീവനക്കാരെ ആക്രമിക്കുകയും ചെയ്യുന്നതിന്റെ വിഡിയോകൾ പുറത്തുവന്നു.എബിവിപി അംഗങ്ങൾ സ്ത്രീകൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ ശാരീരികമായി ആക്രമിച്ചുവെന്നും മാംസാഹാരം വിളമ്പിയതിന് മെസ് ജീവനക്കാരെ പോലും ആക്രമിച്ചുവെന്നും എസ്എഫ്ഐ ആരോപിച്ചു. കുറ്റവാളികൾക്കെതിരെ എസ്എയു അഡ്മിനിസ്ട്രേഷൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വ്രതമെടുക്കുന്ന വിദ്യാർത്ഥികൾക്കായി നിശ്ചയിച്ചിട്ടുള്ള മെസിൽ എസ്‌എഫ്‌ഐ അംഗങ്ങൾ നിർബന്ധിച്ച് മാംസാഹാരം വിളമ്പാൻ ശ്രമിച്ചുവെന്ന് എബിവിപിയും ആരോപിച്ചു. സംഘർഷത്തിന്റെ വിഡിയോകൾ എക്സിൽ വ്യാപകമായി പ്രചരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. യൂണിവേഴ്സിറ്റിയിലെ സ്ഥിതി സമാധാനപരമാണെന്നും ഔദ്യോഗികമായി ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും ഡൽഹി പോലീസ് പറഞ്ഞു.
Adjust Story Font
16

