Quantcast

പരീക്ഷ മറന്ന് സർവകലാശാല; അന്തം വിട്ട് വിദ്യാർഥികൾ

പരീക്ഷക്കായി നിശ്ചയിച്ച ദിവസം എത്തിയ വിദ്യാർഥികൾക്ക് ലഭിച്ചത് സർവകലാശാല പരീക്ഷയ്ക്കായി തയാറെടുത്തിട്ടില്ല എന്ന വിചിത്ര മറുപടി

MediaOne Logo

Web Desk

  • Published:

    6 March 2024 11:09 AM GMT

പരീക്ഷ മറന്ന് സർവകലാശാല; അന്തം വിട്ട് വിദ്യാർഥികൾ
X

ജബൽപൂർ: വിദ്യാർഥികൾ പഠനകാലഘട്ടത്തിൽ ഹോംവർക്കുകളും മറ്റും മറക്കുന്നത് സർവസാധാരണമാണ്. പലരും പരീക്ഷകൾ മറന്നുപോയ സംഭവങ്ങളും അപൂർവമല്ല. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ടൈംടേബിളും ഇഷ്യൂ കാർഡുകളും പ്രസിദ്ധീകരിച്ചശേഷം പരീക്ഷ മറന്നുപോയ സർവകലാശാലയെക്കുറിച്ചുള്ള വാർത്തകളാണ് മധ്യപ്രദേശിലെ ജബൽപൂരിൽനിന്നും പുറത്തുവരുന്നത്.

ഫെബ്രുവരിയിലാണ് ജബൽപൂരിലെ റാണി ദുർഗാവതി യൂനിവേഴ്‌സിറ്റി എം.എസ്സി കമ്പ്യൂട്ടർ സയൻസ് ആദ്യ സെമസ്റ്റർ പരീക്ഷക്കായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ചൊവ്വാഴ്ചയായിരുന്നു പരീക്ഷക്കായി നിശ്ചയിച്ച ദിവസം. എന്നാൽ, പരീക്ഷാദിനത്തിൽ സർവകലാശാലയിലെത്തിയ വിദ്യാർഥികൾക്ക് ലഭിച്ച വിചിത്രമായ മറുപടി സർവകലാശാല പരീക്ഷക്കായി തയാറെടുത്തിട്ടില്ല എന്നതായിരുന്നു. ദൂരജില്ലകളിൽനിന്നും പരീക്ഷക്കെത്തിയ വിദ്യാർഥികൾ സർവകലാശാലയുടെ വിചിത്രമായ മറുപടി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്.

സർവകലാശാലയുടെ അലംഭാവത്തിനെതിരെ നാഷനൽ സ്റ്റുഡന്റ്‌സ് യൂനിയൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വൈസ് ചാൻസിലറെ ഉപരോധിച്ചു. വിദ്യാർഥികളുടെ ഭാവിക്ക് കോട്ടം തട്ടുന്ന രീതിയിൽ നിരുത്തരവാദപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എൻ.എസ്.യു.ഐ ആവശ്യപ്പെട്ടു.

പരീക്ഷയുടെ ഉത്തരവാദിത്തമുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരോട് മൂന്നു ദിവസത്തിനകം വൈസ് ചാൻസിലർ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ കമീഷന് രൂപംനൽകിയ അദ്ദേഹം അന്വേഷണത്തിന് ശേഷം ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.

സർവകലാശാലയുടെ പിഴവ് മൂലം മുടങ്ങിപ്പോയ എം.എസ്സി കമ്പ്യൂട്ടർ സയൻസ് ആദ്യ സെമസ്റ്റർ പരീക്ഷകൾ മാർച്ച് 7 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ നടത്തുമെന്ന് സർവകലാശാല വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.

TAGS :

Next Story