Quantcast

കര്‍ണാടകയില്‍ ക്വിന്റലിന് 3,500 താങ്ങുവില ആവശ്യപ്പെട്ട് കരിമ്പ് കര്‍ഷകര്‍ പ്രക്ഷോഭത്തില്‍: ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ഥികളും തെരുവില്‍

കർഷകരോടൊപ്പം വിദ്യാർത്ഥികൾ ചേർന്ന് റോഡ് ഉപരോധിച്ചതോടെ പ്രക്ഷോഭം പുതിയ വഴിത്തിരിവായി.

MediaOne Logo

Web Desk

  • Updated:

    2025-11-04 14:20:58.0

Published:

4 Nov 2025 6:07 PM IST

കര്‍ണാടകയില്‍ ക്വിന്റലിന് 3,500 താങ്ങുവില ആവശ്യപ്പെട്ട് കരിമ്പ് കര്‍ഷകര്‍ പ്രക്ഷോഭത്തില്‍: ഐക്യദാര്‍ഢ്യവുമായി   വിദ്യാര്‍ഥികളും തെരുവില്‍
X

 ബെളഗാവി ജില്ലയിലെ കരിമ്പ് കർഷകരുടെ പ്രക്ഷോഭത്തില്‍ നിന്നും Photo-mediaonenews

ബംഗളൂരു: ക്വിന്റലിന് 3,500 രൂപ താങ്ങുവില ആവശ്യപ്പെട്ട് കരിമ്പ് കർഷകർ പ്രക്ഷോഭത്തിൽ. കര്‍ണാടക ബെളഗാവി ജില്ലയിലെ കരിമ്പ് കർഷകരാണ് പ്രക്ഷോഭം നടത്തുന്നത്. പ്രക്ഷോഭത്തെത്തുടർന്ന് മേഖലയിലുടനീളമുള്ള 26 പഞ്ചസാര ഫാക്ടറികളുടെ പ്രവർത്തനം സ്തംഭിച്ചു. തങ്ങളുടെ ആവശ്യത്തിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

അതേസമയം കർഷകരോടൊപ്പം വിദ്യാർത്ഥികൾ ചേർന്ന് റോഡ് ഉപരോധിച്ചതോടെ പ്രക്ഷോഭം പുതിയ വഴിത്തിരിവായി.

ഇതിനിടെ ഹസിരു സെനെ ഫാർമേഴ്‌സ് അസോസിയേഷന്റെ കീഴിലുള്ള കർഷകർ, പഞ്ചസാര മില്ലുകളിൽ നിന്നുള്ള ടണ്ണിന് 3,200 രൂപയെന്ന വാഗ്‌ദാനം നിരസിച്ചു. പ്രക്ഷോഭത്തെ തുടര്‍ന്ന് മുദലഗിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. കരിമ്പിന് മികച്ച താങ്ങുവില എന്ന ആവശ്യവുമായി ആരംഭിച്ച പ്രതിഷേധം, അത്താണി, ചിക്കോടി, ഹുക്കേരി, ബെയ്‌ൽഹോങ്കൽ, മുദലഗി, ഗോകാക്ക് എന്നിവിടങ്ങളിലേക്കും സമീപ പ്രദേശങ്ങളിലേക്കും വ്യാപിച്ചു.

ഗോകാക്ക് പട്ടണത്തിൽ, ബെളഗാവി, സവദത്തി, മുദലഗി, യാരഗട്ടി എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രധാന റൂട്ടുകളിലെ കവലകളിലാണ് വിദ്യാർത്ഥികൾ കർഷകരോടൊപ്പം ചേർന്ന് റോഡ് ഉപരോധിച്ചത്.

പണമടക്കൽ ഉറപ്പാക്കുന്ന മഹാരാഷ്ട്ര പഞ്ചസാര പേയ്‌മെന്റ് മാതൃക സ്വീകരിക്കണമെന്ന് കർഷകർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ വിജയേന്ദ്ര പ്രതിഷേധ സ്ഥലം സന്ദർശിച്ച് കർഷകർക്ക് പിന്തുണ അറിയിച്ചു. കരിമ്പ് കർഷകരുടെ ന്യായമായ ആവശ്യങ്ങൾ ശ്രദ്ധിക്കണമെന്ന് വിജയേന്ദ്ര സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. താങ്ങുവില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബെളഗാവി ജില്ലയിലെ ഗുർലാപൂർ ഗ്രാമത്തിലെ കർഷകർ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതിഷേധം നടത്തിവരികയാണ്.

TAGS :

Next Story